ഒടുവില്‍ സമവായം; മുഹമ്മദ് ഹാരിസ് നാലപ്പാട് കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവിയിലേക്ക്
ബംഗളൂരു: മുഹമ്മദ് ഹാരിസ് നാലപ്പാട് കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവിയിലേക്ക്. അധ്യക്ഷ പദവി സംബന്ധിച്ച് നിലനിന്ന തര്‍ക്കത്തില്‍ ഒടുവില്‍ തീരുമാനം. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയിട്ടും അവസാന നിമിഷം തന്നെ പുറംതള്ളിയതിനെതിരെ മുഹമ്മദ് ഹാരിസ് നാലപ്പാട് ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് സമവായമായത്.
2022 ജനുവരി 31 വരെ നിലവിലെ അധ്യക്ഷന്‍ രക്ഷ രാമയ്യ തുടരുമെന്നും അതിന് ശേഷം മുഹമ്മദ് ഹാരിസ് നാലപ്പാട് സ്ഥാനമേറ്റെടുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രക്ഷ രാമയ്യയുടെ കാലാവധി തീരുന്നതുവരെ മുഹമ്മദ് ഹാരിസിനെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായും നിയമിച്ചു.
കഴിഞ്ഞ ജനുവരി 10,11,12 തീയതികളില്‍ മൊബൈല്‍ ആപ്പ് വഴിയാണ് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. മുഹമ്മദ് ഹാരിസിന് 64,203ഉം രക്ഷ രാമയ്യക്ക് 57,271ഉം വോട്ട് ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ഥിയായിരുന്ന ദക്ഷിണ കന്നടയിലെ മിഥുന്‍ റായിക്ക് 3104 വോട്ട് ലഭിച്ചു. പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി മിഥുന്‍ റായിയെ അയോഗ്യനാക്കി.
മുന്‍ മന്ത്രി എം.ആര്‍. സീതാറാമിന്റെ മകനായ രക്ഷ രാമയ്യയെ (34) ആണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസിന്റെ മകനാണ് മുഹമ്മദ് ഹാരിസ് നാലപ്പാട്. 2018 ല്‍ നടന്ന മര്‍ദന കേസിന്റെ പേരില്‍ മുഹമ്മദ് ഹാരിസിനെ അയോഗ്യനാക്കിയെന്നായിരുന്നു വിശദീകരണം.
എന്നാല്‍, തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോഴില്ലാത്ത എന്ത് അയോഗ്യതയാണ് ഫലത്തിന് ശേഷം ആരോപിക്കുന്നതെന്നും കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമായാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുഹമ്മദ് ഹാരിസിനെ നീക്കിയതെന്നും ഒരു വിഭാഗം പരാതി ഉന്നയിച്ചു. മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പിന്തുണയോടെയാണ് രക്ഷ രാമയ്യയെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും മുഹമ്മദ് ഹാരിസിനെ അധ്യക്ഷനാക്കാതിരിക്കാന്‍ സിദ്ധരാമയ്യ വിഭാഗം രാഹുല്‍ഗാന്ധിയെ ബന്ധപ്പെട്ടിരുന്നതായുമായാണ് ആരോപണം.
മുഹമ്മദ് ഹാരിസിനായി കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ശക്തമായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."