'ചികിത്സ നിഷേധിച്ചു, സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണം'- രാഷ്ട്രപതിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
ന്യൂഡല്‍ഹി: സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുടെ കത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ശരത് പവാര്‍, മമതാ ബാനര്‍ജി, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍ തുടങ്ങി 10 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 84കാരമായ ജസ്യൂട്ട് പുരോഹിതനെ ഭീമ- കൊറെഗാവ് കേസില്‍ക്കുടുക്കി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജയിലിലിടുകയായിരുന്നുവെന്ന് കത്തില്‍ പറയുന്നു.
പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള നിരവധി രോഗങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനുശേഷമാണ് ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ സ്‌ട്രോ പോലും ജയില്‍ അധികൃതര്‍ അനുവദിച്ചത്. കൊവിഡ് വ്യാപനം മൂലം തിരക്കേറിയ മുംബൈ തലോജ ജയിലില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. ജാമ്യാപേക്ഷ തള്ളപ്പെട്ടു. ഈ സാഹചര്യത്തില്‍ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഉത്തരവിടണമെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."