തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
പാലക്കാട്: തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പുതന്നെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്.
2019 മുതലാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഒരുകൂട്ടം ആളുകള്‍ പലസമയങ്ങളിലായി പീഡിപ്പിച്ചുവെന്നും നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ കുടുംബ സുഹൃത്താണ് ആദ്യം പീഡിപ്പിക്കാന്‍ തുടങ്ങിയത്. കുളിമുറിയില്‍ കാമറ വെച്ച് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പെണ്‍കുട്ടിയും മാതാവും മാത്രം ഒരു വാടകവീട്ടിലാണ് താമസം. പിന്നീട് കുടുംബ സുഹൃത്തിന്റെ കൂട്ടുകാരനായ
മേഴത്തൂര്‍ സ്വദേശി അഭിലാഷ് കുട്ടിയുമായി സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് നല്കി നിരന്തരം പീഡിപ്പിച്ച അഭിലാഷ് പിന്നീട് പട്ടാമ്പിയിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും അവസരമൊരുക്കി. കഞ്ചാവ്, കൊക്കൈന്‍, എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളാണ് കുട്ടിക്ക് നല്‍കിയിരുന്നത്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസികനില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് സ്കൂളില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ കുട്ടി പഠനം നിര്‍ത്തിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ഇത്രയുംനാള്‍ പൊലിസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കറുകപുത്തൂര്‍ സ്വദേശികളായ മുഹമ്മദ്, നൗഫല്‍, പള്ളിപ്പടി സ്വദേശി ഷാഹുല്‍, വടക്കാഞ്ചേരി സ്വദേശി തൗസീഫ് എന്നിവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."