'കൊവിഡെടുത്ത' ടിക്കറ്റ് കൗണ്ടറുകൾ പോയവഴി കാണാനേയില്ല !; കൗണ്ടറുകള്‍ പുനസ്ഥാപിക്കാതെ യാത്രക്കാരെ നട്ടം തിരിച്ച് റെയില്‍വേ
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം • ടിക്കറ്റ് കൗണ്ടറുകളിൽ യാത്രക്കാരെ വലച്ച് റെയിൽവേ അധികൃതർ. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിൽപന കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതും ജീവനക്കാരുടെ ക്ഷാമവുമാണ് ട്രെയിൻ യാത്രികരെ ദുരിതത്തിലാക്കുന്നത്. എണ്ണം കുറയ്ക്കാനുള്ള തീരുമാനമുള്ളതിനാൽ കൊവിഡ് സമയത്ത് നിർത്തലാക്കിയ പല കൗണ്ടറുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
ഇതു മൂലം ട്രെയിൻ പുറപ്പെട്ടാലും ടിക്കറ്റിനായി ക്യൂ നിൽക്കുന്നവർ പല സ്റ്റേഷനികളിലേയും സ്ഥിരം കാഴ്ചയാണ്. റെയിൽവേ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി കൗണ്ടറുകൾ കുറയ്ക്കാനും ഓൺലൈൻ, ഡിജിറ്റൽ ടിക്കറ്റ് വിതരണത്തിന് പ്രോത്സാഹനം നൽകാനുമായി പാർലമെന്റ് സമിതി ശുപാർശ പ്രകാരം സോണുകൾ അൺ റിസർവ്ഡ് ടിക്കറ്റ് റിസർവേഷന് പ്രത്യേക മൊബൈൽ ആപ്പ് തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൗണ്ടറുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും കുറച്ചത്. എന്നാൽ യു.ടി.എസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാൻ പലപ്പോഴായി പ്രതിബദ്ധങ്ങൾ നേരിടുന്നതായി യാത്രക്കാർ പറയുന്നു. ഐ.ആർ.ടി.സി വെബ്‌സൈറ്റിലെ തകരാർ കാരണവും പലർക്കും ടിക്കറ്റ് ലഭിക്കാതെ വരുന്നുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഉൾപ്പെടെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് ഇതു മൂലം അനുഭവപ്പെട്ടത്. പല സ്റ്റേഷനുകളിലും മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും കൗണ്ടറുകളില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
അതേസമയം ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായാണ് കൗണ്ടറുകൾ ഒരുക്കുന്നതെന്നും കൂടുതൽ കൗണ്ടറുകൾ ഉൾപ്പെടുത്തണമെങ്കിൽ അക്കാര്യം ആലോചിക്കുമെന്നും റെയിൽവേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."