നിറങ്ങള്‍ ചാലിച്ച വരക്കുടുംബം
ഫര്‍സാന കെ.
ഇന്നോളം കാണാത്തൊരു മായികലോകത്തിന്റെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലുന്നൊരു ചേലാണ് മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ഉപ്പുവള്ളി വട്ടപ്പറമ്പില്‍ ഇസ്ഹാഖിന്റെ വീട്ടിലെത്തുമ്പോള്‍. മുറ്റത്ത് പൂത്തുനില്‍ക്കുന്ന ചെമ്പകത്തോളം ചേല്. നിറക്കൂട്ടുകള്‍ ചാലിച്ചൊരു ലോകം. വര്‍ണങ്ങള്‍ വിരിയുന്ന വര്‍ത്തമാനങ്ങള്‍. ശരിക്കും ഇതൊരു ചിത്രവീടാണ്. വരകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഉപ്പയും ഉമ്മയും രണ്ട് പെണ്‍മക്കളും. ആരിഫയുടെ വീടാണിത്. മതിലില്‍ ഇരിക്കുന്ന രണ്ട് കോഴികളിലൂടെ ലോകത്തിന്റെ കണ്ണും കരളും കവര്‍ന്നവളുടെ വീട്. ആരിഫ, അനിയത്തി ജുമാന. ഉപ്പ വി.പി ഇസ്ഹാഖ്. ഉമ്മ പാണ്ടിക്കാട്ടുകാരി നജ്മാബി.
പിച്ചവച്ചത് ഉപ്പ വരച്ച വരയിലൂടെ
ഉപ്പ വരക്കുന്നത് കണ്ടു തന്നെയാണ് മക്കള്‍ രണ്ടുപേരും വരച്ചുതുടങ്ങിയത്. അക്ഷരങ്ങള്‍ കൂട്ടിപ്പറയും മുന്‍പ് തന്നെ വരകളില്‍ കഥ പറഞ്ഞുതുടങ്ങി. നിറങ്ങളായിരുന്നു അവരുടെ കളിയിടങ്ങള്‍. ആദ്യമാദ്യം ഉപ്പ വരച്ചു തരുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പായിരുന്നു. വിദേശത്തായിരുന്നു ഇവരുടെ ചെറുപ്പകാലം. ഉപ്പ ഡ്യൂട്ടി കഴിഞ്ഞുവന്നാല്‍ എന്തായാലും രണ്ടാള്‍ക്കും എന്തെങ്കിലും ചിത്രം കിട്ടണം. ചിലപ്പോള്‍ ഒരാള്‍ക്ക് വരച്ചുകൊടുക്കുന്നത് മറ്റേതിനേക്കാള്‍ നന്നാവും. പിന്നെ രണ്ടാളും തമ്മില്‍ വഴക്കായി. ഇതോടെ ഇസ്ഹാഖ് ഒരു ഉപായം കണ്ടെത്തി. രണ്ടാളും സ്വന്തമായി വരച്ചോളൂ. അപ്പൊ ഇഷ്ടമുള്ളത് വരക്കാലോ. പിന്നീട് റിയാദിലെ കുഞ്ഞുവീട്ടില്‍ വരപ്പൂരമായി. ചുമരുകളും വിരികളും തുടങ്ങി കണ്ണില്‍ കണ്ടതെല്ലാം കാന്‍വാസുകളായി ആരിഫക്കും ജുമാനക്കും.
ഇസ്ഹാഖിനും പറയാനുണ്ട്
ഒരു രവിവര്‍മക്കഥ
രാജാരവിവര്‍മ. ചിത്രകലയെ കുറിച്ചു പറഞ്ഞുതുടങ്ങുമ്പോള്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്ന പേരുകളിലൊന്ന്. രവിവര്‍മ കരിക്കട്ടകൊണ്ട് ചുമരില്‍ വരച്ചതും മുതിര്‍ന്നവര്‍ വഴക്കുപറഞ്ഞതുമായ കഥകള്‍ ഏറെ കേട്ടിട്ടുണ്ട് നമ്മള്‍. കുഞ്ഞുനാള്‍ മുതല്‍ വരച്ചുതുടങ്ങിയ ഇസ്ഹാഖിനുമുണ്ട് അങ്ങനെ ചില കരിവരയോര്‍മകള്‍. ആറു വയസുമുതലുള്ള വരക്കുസൃതികള്‍ തെളിമങ്ങാതെ ഓര്‍മയിലുണ്ട്. കരിക്കട്ട കൊണ്ടായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. കരിക്കട്ട കിട്ടാതെ വരുമ്പോള്‍ മണ്ണെണ്ണ വിളക്ക് തിരിച്ചുപിടിച്ച് അതിന്റെ തിരിയുടെ അറ്റത്തെ കരികൊണ്ട് വര. എല്ലാം കണ്ട് ഉപ്പേം ഉമ്മേം പറയും. ഓന്റെ ഓരോ പിരാന്ത്. സ്‌നേഹം നിറച്ചുള്ള ആ കമന്റാണ് തന്റെ ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ പ്രോത്സാഹനമെന്ന് ഓര്‍ത്തുവയ്ക്കുന്നു ഇസ്ഹാഖ്. ഇപ്പോഴും കുടുംബക്കാര്‍ തമാശയായിട്ടാണെങ്കിലും പറയും താന്‍ ജീവിതത്തെ സീരിയസായി കണ്ടിട്ടില്ലെന്ന്. ചുമ്മാ ചിത്രം വരച്ച് നടക്കുകയാണെന്ന്.
കുറച്ചുകാലം കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ കോഴ്‌സ് മുഴുവനാക്കിയില്ല. കുറച്ചുകാലം ബോര്‍ഡെഴുതുന്ന തൊഴില്‍ ചെയ്തു. പിന്നീട് പൂക്കോട്ടുംപാടത്ത് പരസ്യക്കമ്പനി തുടങ്ങി. അതുകഴിഞ്ഞ് ഗള്‍ഫിലേക്ക് കയറി. 18ാം വയസിലാണത്. ആര്‍ട്ടിസ്റ്റ് എന്ന മേഖലയില്‍ തന്നെയാണ് ജോലിചെയ്തിരുന്നത്. സഊദിയില്‍ ഒരു പത്രത്തില്‍ ഡിസൈനര്‍ ആയിട്ടുണ്ട്. ഒരു ഫ്രഞ്ച് കമ്പനിയില്‍ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റായി ജോലി നോക്കുന്നതിനിടെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയത്. കാലത്തിനനുസരിച്ച് തന്റെ വരയില്‍ മാറ്റം വരുത്തിക്കൊണ്ടുവരുന്നു ഇസ്ഹാഖ്. ഒറ്റ വരയില്‍ വൈക്കം മുഹമ്മദ് ബഷീറിനെ വരച്ച് ഞെട്ടിച്ചിട്ടുണ്ട് ഇസ്ഹാഖ്. 'എന്റെ ദിനവരകള്‍' എന്ന ഒരു സീരീസ് തന്നെ ചെയ്യുന്നുണ്ട് ഇസ്ഹാഖ്. അതേ പേരില്‍ യൂട്യൂബ് ചാനലുമുണ്ട്.
ഭാര്യയാണ് ക്വാളിറ്റി കണ്‍ട്രോളര്‍
ഇസ്ഹാഖിന്റെ ഭാര്യ നജ്മാബിയും വരക്കും. ക്രാഫ്റ്റ് ചെയ്യും. പിന്നെ എല്ലാവരും വരയില്‍ സജീവമായതോടെ അവര്‍ ബ്രേക്ക് എടുത്തു. എന്നാല്‍ അവരാണ് ഉപ്പയുടെയും മക്കളുടെയും ചിത്രങ്ങളുടെ ക്വാളിറ്റി കണ്‍ട്രോളര്‍. ചിത്രങ്ങളുടെ ഗുണനിലാവരവും ന്യൂനതകളും കണിശമായി വിലയിരുത്തും. പാണ്ടിക്കാട് കക്കുളത്തെ പരേതരായ ഒറ്റകത്ത് നാണിത്തങ്ങളുടെയും മുല്ലബീവിയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തവളാണ് നജ്മാബി.
നേര്‍ത്തുപെയ്യുന്ന മഴപോലെ
ആരിഫയുടെ ചിത്രങ്ങള്‍
പ്ലസ് വണ്‍ കഴിഞ്ഞപ്പോഴായിരുന്നു ആരിഫയുടെ വിവാഹം. രണ്ട് മക്കള്‍. ഭര്‍ത്താവ് പോത്ത്കല്ല് വെളുമ്പിയമ്പാടത്തെ കാരാട്ടുതൊടിക അബ്ദുസലാമിന്റെയും ജമീലയുടെയും മകന്‍ ശഫീഖലി. അവന്‍ ജിദ്ദയിലാണ്. രണ്ട് മക്കള്‍. അഞ്ചു വയസുകാരി അരീജ ഫാത്തിമയും നാല് വയസുകാരന്‍ മുഹമ്മദ് യസീദും. രണ്ടാളും ചിത്രലോകത്തേക്ക് വരവറിയിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ ഞങ്ങളോടൊപ്പം തന്നെയായിരുന്നു. ആരിഫ. മക്കള്‍ ജനിച്ചതോടെ അവര്‍ നാട്ടിലേക്ക് പോന്നു. അതോടെ വരകള്‍ക്ക് താല്‍ക്കാലിക വിരാമം. മകളുടെ വരയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു പ്രവാസം നിര്‍ത്തിപ്പോരാനുള്ള ഒരു പ്രധാന കാരണം. കുടുംബവും കുട്ടികളുമെന്ന തിരക്കുകള്‍ക്കിടയില്‍ അവളുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നൊരു ഇഷ്ടം മാറ്റിവച്ചത് അവളുടെ ഉമ്മാക്ക് അത്രമേല്‍ വേദനയുണ്ടാക്കിയിരുന്നു. ആ തീരുമാനം വെറുതെയായില്ല. ജീവനുറ്റ ചിത്രങ്ങളുമായി അവള്‍ തിരിച്ചുവന്നു. ഷഫീഖലിയും അവള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.
ആദ്യകാലത്ത് പെന്‍സില്‍ഡ്രോയിങ്ങും വാട്ടര്‍കളറുമൊക്കെയായിരുന്നു. ജീവനും ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങളാണ് ഈ 28കാരിക്ക് പ്രിയം. 13-ാം വയസിലാണ് ഓയില്‍ പെയിന്റിങ് തുടങ്ങിയത്. ഈ 16 വര്‍ഷത്തിനിടെ ഏകദേശം 25ലേറെ റിയലിസ്റ്റിക് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് ആരിഫ. മതിലിലെ കോഴി മാത്രമല്ല റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളവും വെള്ളംനിറഞ്ഞ നെല്‍വയലും നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും. നേര്‍ത്തുപെയ്യുന്ന ഒരു മഴയുടെ, കുളിര് പെയ്യുന്ന ഒരു മഞ്ഞിന്റെ ഈറനാണ് ശരിക്കും അവരുടെ ചിത്രങ്ങള്‍ക്ക്. കാണുന്നവരുടെ ഉള്ളില്‍ വല്ലാത്തൊരു ഗൃഹാതുരത്വമുണര്‍ത്തും. 15 ദിവസമെടുത്ത് തീര്‍ത്തതാണ് വൈറല്‍ കോഴിചിത്രം. 2014ല്‍ സ്വന്തം പടം വരച്ചും ആരിഫ ഞെട്ടിച്ചിട്ടുണ്ട്. സാധാരണ സ്വന്തം പോര്‍ട്രൈറ്റുകള്‍ ആളുകള്‍ വര്ക്കുന്നത് കുറവാണ്. എന്നാല്‍ ആരിഫ അതും വരച്ച് അത്ഭുതപ്പെടുത്തി. ഈ ചിത്രമൊക്കെ വരയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആ സംശയം മാറാന്‍ വരയുടെ വിവിധ ഘട്ടങ്ങള്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ആരിഫ.
ഉപ്പയുടെ സഹോദരന്മാരുടെ ആണ്‍മക്കള്‍ ഒരു പേരക്കൊമ്പില്‍ ഇരിക്കുന്ന ചിത്രമാണ് മറ്റൊന്ന്. 2013 മാര്‍ച്ചിലാണ് ഇത് പൂര്‍ത്തിയാക്കിയത്. ഒന്നര വര്‍ഷം കൊണ്ടാണ് ഈ ചിത്രം വരച്ചത്. ഉപ്പയുടെ അനുജന്റെ മകന്‍ ഫൈസലും മൂത്താപ്പയുടെ മകന്‍ ആഷിഖും ഉപ്പയുടെ മറ്റൊരു അനുജന്റെ മകന്‍ ദില്‍ഷാദുമാണ് ഈ ചിത്രത്തില്‍. 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയ പടം നോക്കിയാണ് ഇത് വരച്ചത്.
ലോക്ക്ഡൗണൊക്കെ കഴിഞ്ഞിട്ട് തന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്താനും ആരിഫ ഉദ്ദേശിക്കുന്നുണ്ട്.
ഇത്തയോട് കിടപിടിക്കും
ഈ അനുജത്തിയും
ജുമാന അനിമേഷന്‍, വി.എഫ്.എക്‌സ് ഒക്കെയാണ് കഴിഞ്ഞത്. ഇപ്പോള്‍ ബൈജൂസ് ആപ്പില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഏതുതരം ചിത്രവും വഴങ്ങും ജുമാനക്ക്. പ്രതിധ്വനി നടത്തിയ സൃഷ്ടി 2020 മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട് ജുമാന. കൊവിഡ് പശ്ചാത്തലത്തില്‍ വരച്ച ചിത്രം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവ് കൂടിയാണ്. ജുമാനയുടെ ചിത്രങ്ങള്‍ക്കും സവിശേഷതകള്‍ ഏറെയാണ്. ജുമാനയുടെ അച്ചാറും കഞ്ഞിയും കണ്ടാല്‍ ഉറപ്പായും നാവില്‍ വെള്ളമൂറും. പച്ചപ്പ് തണല്‍ വിരിച്ച ഇടവഴിയും, പാടത്തെ വെള്ളവും ലൈന്‍ കമ്പികളും, മുറ്റത്ത് കളിക്കുന്ന പെണ്‍കുട്ടിയും, അത് നോക്കിയെന്ന പോലെ ചവിട്ടുപടിയില്‍ ഇരിക്കുന്ന ആണ്‍കുട്ടിയും, വെള്ളത്തിലൂടെ നീന്തിവരുന്ന പുലിയും, പട്ടയെടുത്ത് മഴയത്ത് വരുന്ന ആനയും പാപ്പാന്മാരും, പാടത്തിനോരത്ത് നിര്‍ത്തിവച്ച ബൈക്കുമെല്ലാം കാണുമ്പോള്‍ ജുമാനയെന്ന ചിത്രകാരിയുടെ വരയുടെ നൈപുണ്യം വിളിച്ചുപറയും.
ക്രെയിന്‍ ഷോട്ടുകള്‍ പോലെ ആകാശക്കാഴ്ചകളായി തോന്നിക്കും ചില ചിത്രങ്ങള്‍, വിദൂരക്കാഴ്ചകള്‍ പോലെ ചില ചിത്രങ്ങള്‍, ഏറ്റവും അടുത്തുനിന്ന് കാണുമ്പോലെ മറ്റു ചിലത്. ത്രിമാന ചിത്രങ്ങള്‍ പോലെയും തോന്നുന്നത്. ഈ കുഞ്ഞുവീടിന്റെ തണുപ്പിലിരുന്ന് ഈ കുടുംബം വിസ്മയത്തിന്റെ ഒരാകാശം തീര്‍ക്കുകയാണ്. നീല, പച്ച, ചുവപ്പ്, മഞ്ഞ... അങ്ങനെ അനേകായിരം വര്‍ണങ്ങള്‍ ചിന്നിച്ചിതറിയും കുത്തിയൊലിച്ചും പരന്നൊഴുന്ന മൊഞ്ചേറുന്നൊരാകാശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."