'അനില്‍ അക്കര പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണ': മറുപടിയുമായി പികെ ബിജു
'അനില്‍ അക്കര പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണ': മറുപടിയുമായി പികെ ബിജു
കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ആലത്തൂര്‍ മുന്‍ എംപിയുമായ പി.കെ ബിജു. മുന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര തനിക്കെതിരായി നടത്തിയ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നു പി.കെ ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'കരുവന്നൂര്‍ തട്ടിപ്പിലെ ഒരു പ്രതിയുമായും അനില്‍ അക്കര ആരോപിക്കുന്നത് പോലെ ഒരു ബന്ധവുമില്ല. വാട്‌സാപ്പിലൂടെയും ഫോണ്‍ വഴിയും പ്രതിയുമായി ബന്ധപ്പെട്ടിരുന്നു എന്ന ആക്ഷേപം പച്ചക്കള്ളമാണ്. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അനില്‍ അക്കര മാധ്യമങ്ങള്‍ക്കു നല്‍കണം. പൊതുജീവിതത്തില്‍ നാളിതുവരെ സത്യസന്ധ്യമായാണ് പ്രവര്‍ത്തിച്ചിട്ടുളളത്. 2009 മുതല്‍ 2019 വരെയാണ് ഞാന്‍ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചത്. ഇക്കാലയളവില്‍ കുറച്ചുകാലം വടക്കാഞ്ചേരി എംഎല്‍എയായി പ്രവര്‍ത്തിച്ച അനില്‍ അക്കര അന്ന് പറയാത്ത നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്' പി.കെ ബിജു പറഞ്ഞു.
'പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ച ഘട്ടങ്ങളില്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലും മുളംകുന്നത്ത് കാവിലും വാടക വീടുകളിലാണ് താമസിച്ചിരുന്നത്. ഇതിന്റെ വാടക ബന്ധപ്പെട്ടവര്‍ എന്റെ കൈയില്‍നിന്നു തന്നെ അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കുകയാണ് ചെയ്തത്. അവരെല്ലാം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമാണ്. അവരോടും ചോദിക്കാവുന്നതാണ്. എന്റെ എല്ലാ പണമിടപാടുകളും നിയമാനുസൃതമായും സുതാര്യവുമായാണ് നടത്തുന്നത്. ഒരു കള്ളപ്പണക്കാരനായ മെന്ററിന്റെയും ആവശ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ മെന്‍ന്റര്‍ പാര്‍ട്ടിയും പൊതുജനങ്ങളുമാണ്.
എനിക്കെതിരായ കള്ളപ്രചാരവേല 2009ല്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ അനില്‍ അക്കര നടത്തുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വ്യാജന്‍മാരെ വച്ച് എനിക്കെതിരെ വിവിധ കോടതികളില്‍ കേസുകള്‍ നല്‍കുന്നതിന്റെ പിന്നിലും അനില്‍ അക്കരയാണ്. എന്നാല്‍ ഒരു കേസിലും വിജയിക്കാനായില്ല. നിര്‍ദ്ധനരായ 140 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷന്‍ പരാതി അട്ടിമറിച്ച് മുന്‍ എംഎല്‍എക്കെതിരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതിയതാണ്. അനില്‍ അക്കരയുടെ ഈ ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.' പി.കെ ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."