തരൂരിനെ കൈവിട്ട് ജി-23
ന്യൂഡൽഹി •നാടകങ്ങൾക്കും അന്തർ നാടകങ്ങൾക്കും ശേഷം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന്റെ അവസാന ഘട്ടത്തിൽ ശശി തരൂരിനെ കൈവിട്ട് ജി-23 നേതാക്കൾ.
കൈവിടുക മാത്രമല്ല, ഗാന്ധി കുടുംബത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തിരുന്ന നേതാക്കൾ ഒടുവിൽ ഗാന്ധി കുടുംബം 'ഏകപക്ഷീയമായി' തെരഞ്ഞെടുത്ത ഔദ്യോഗിക സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സന്ദീപ് ദീക്ഷിത് മാത്രമാണ് ജി 23ൽ തരൂരിനൊപ്പമുള്ളത്. ഇന്നലെ നാമനിർദേശ പത്രിക സമർപ്പിക്കാനായി ഖാർഗെ എത്തിയപ്പോൾ കൂടെ ജി-23 നേതാക്കളും പ്രത്യക്ഷപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു.
തങ്ങളോട് ആലോചിക്കാതെ തരൂർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതാണ് ജി-23 നേതാക്കളുടെ അകൽച്ചയ്ക്ക് ഇടയാക്കിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജി 23ന്റെ പിന്തുണ താൻ തേടുന്നില്ലെന്ന് തരൂർ നിലപാട് സ്വീകരിച്ചിരുന്നു.
താൻ ഒരു പക്ഷത്തിന്റെയും സ്ഥാനാർഥിയല്ലെന്നായിരുന്നു തരൂരിന്റെ നിലപാട്. വ്യാഴാഴ്ച രാത്രി ഗെഹ് ലോട്ടിന്റെ വസതി കേന്ദ്രീകരിച്ച് നടന്ന ചർച്ചകളാണ് ഖാർഗെയെ സ്ഥാനാർഥിയാക്കുന്നതിലേക്ക് നയിച്ചത്. ജി-23 നേതാക്കളും ആനന്ദ് ശർമയുടെ വീട്ടിൽ സംഗമിച്ചിരുന്നു. ഇവരുടെ പിന്തുണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഖാർഗെ സ്ഥാനാർഥിത്വത്തിന് തയാറായത്. കഴിഞ്ഞ ദിവസം ഖാർഗെയെ താൻ നേരിൽ കണ്ടിരുന്നുവെന്നും സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടെങ്കിൽ താൻ പിൻവാങ്ങാമെന്ന് അറിയിച്ചിരുന്നതായും ദിഗ്വിജയ് സിങും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താൻ അത്തരമൊരു നീക്കത്തിനില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റിയത്. തന്നേക്കാൾ മുതിർന്ന നേതാവാണ് ഖാർഗെ. അതുകൊണ്ടുതന്നെയാണ് താൻ പിൻവാങ്ങുന്നതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."