അബുദാബിയിലെ തിരക്കേറിയ മാളിലൂടെ ചുറ്റി നടന്ന് ഷെയ്ഖ് മുഹമ്മദ്; കെട്ടിപിടിച്ച് സെൽഫിയെടുത്ത് ആരാധകൻ
അബുദാബിയിലെ തിരക്കേറിയ മാളിലൂടെ ചുറ്റി നടന്ന് ഷെയ്ഖ് മുഹമ്മദ്; കെട്ടിപിടിച്ച് സെൽഫിയെടുത്ത് ആരാധകൻ
അബുദാബി: ജനക്ഷേമമറിയാനും അവരുമായി സംവദിക്കാനും എന്നും ജനങ്ങളിലേക്കിറങ്ങുന്ന നേതാവാണ് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ലോകത്തിന് തന്നെ മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ. ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ സുരക്ഷാ മാനദണ്ഡങ്ങൾ തടസമാകാത്ത ജനങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയായാണ് അദ്ദേഹത്തെ ജനം കാണുന്നത്. ഇപ്പോഴിതാ അദ്ദേഹം അബുദാബിയിലെ തിരക്കേറിയ മാളിലൂടെ സഞ്ചരിക്കുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ തിരക്കേറിയ മാളിലൂടെ അപ്രതീക്ഷിതമായി എത്തുന്നതും ചുറ്റിനടന്ന് കാണുന്നതും ദൃശ്യത്തിൽ കാണാം. എസ്കലേറ്ററിൽ കയറുന്നതും കഫേകളും കടകളും നോക്കി നടക്കുന്നതും ഒരിടത്ത് വിശ്രമിക്കുന്നതുമെല്ലാം കാണാം.
വീഡിയോ കണ്ടവരെയും സമീപത്തുണ്ടായിരുന്ന ആളുകളെയും ഒരുപോലെ ആകർഷിച്ചത് ഷെയ്ഖ് മുഹമ്മദിന്റെ നിസ്സംഗമായ പെരുമാറ്റമാണ്. തുടക്കത്തിൽ നിരവധി ഷോപ്പർമാർക്കും കഫേ ഉപഭോക്താക്കൾക്കും അദ്ദേഹത്തിന്റെ സാന്നിധ്യം മനസ്സിലായിരുന്നില്ല. എന്നാൽ അധികം താമസിയാതെ തന്നെ രാജ്യത്തിന്റെ പ്രസിഡന്റിനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.
ഇതിനിടെ ഒരാൾ സെൽഫി എടുക്കാൻ വേണ്ടി മുന്നോട്ട് വരുന്നത് കാണാം. ഷെയ്ഖ് മുഹമ്മദ് നടക്കുന്നതിനിടെയാണ് ഇയാൾ കൂടെ നടന്ന് സെൽഫി എടുക്കാൻ അനുവാദം ചോദിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് നടത്തം താത്കാലികമായി നിർത്തി സെൽഫിക്ക് വേണ്ടി നിന്ന് കൊടുത്തു ഷെയ്ഖ് മുഹമ്മദ്. ഇതോടെ ഷെയ്ഖ് മുഹമ്മദിനെ കെട്ടിപിടിച്ച് ഇയാൾ സെൽഫി പകർത്തി. അദ്ദേഹം സന്തോഷത്തോടെ അതിന് അനുവദിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആദ്യസംഭവമല്ല ഇത്. അദ്ദേഹം ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കാൻ അവരെ വിളിക്കുന്നതും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നതും അവരുടെ തൊഴിൽ മേഖലകളിൽ അവരെ പ്രചോദിപ്പിക്കുന്നതും മുൻപും നിരവധി തവണ ലോകം കണ്ടതാണ്. ജൂലൈയിൽ രണ്ട് പ്രവാസികളോടൊപ്പമുള്ള സെൽഫിയും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."