വിനോദ സഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ബസുകളുടെ വിവരം മുന്‍കൂട്ടി മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിക്കണം- ഗതാഗത മന്ത്രി
തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ബസുകളുടെ വിവരം നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ഈ ബസുകളുടെ ഡ്രൈവര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് അന്തിമ അനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട വിശദമായ തീരുമാനങ്ങള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപകടത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.
അപകടമറിഞ്ഞ ഉടന്‍ അന്വേഷണത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ശ്രീജിത്തിനെ അവിടേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ കാറിനെ മറികടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിലിടിക്കുകയായിരുന്നെന്നാണ് വിവരം.
ടൂറിസ്റ്റ് ബസുകള്‍ വാടകക്കെടുക്കുന്ന സ്‌കൂളുകള്‍ ബസുകളുടെ ഡ്രൈവര്‍മാരെ കുറിച്ച് മനസിലാക്കാറില്ല. ഇനിമുതല്‍ ഡ്രൈവര്‍മാരുടെ വിശദവിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ സ്‌കൂള്‍ ബസുകളുടെ വിവരങ്ങള്‍ ഗതാഗത വകുപ്പ് ശേഖരിക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ സ്‌കൂള്‍ ബസുകളുടെ അപകടങ്ങളില്‍ വലിയ കുറവുണ്ടായി. എന്നാല്‍, ടൂറിസ്റ്റ് ബസുകളുടെ ഡ്രൈവര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പിന്റെ കൈയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സിയിലെ മൂന്ന് യാത്രക്കാരുമാണ് ഇന്നലെ അര്‍ധരാത്രിയോടെ പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ചികിത്സയില്‍ തുടരുന്നത് 38 പേരാണ്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."