അടുപ്പങ്ങളുടെ സൂചിക, ചരിത്രത്തിന്റേയും
പുസ്തകപ്പാത
വി. മുസഫര് അഹമ്മദ്
‘ചരിത്രം ദൂരെയല്ല, ഏതു നാടിനും ഒരു ചരിത്രമുണ്ട്'- ഇ.പി രാജഗോപാലന്റെ സ്മരണകളുടെ പുസ്തകം 'അടുപ്പങ്ങളുടെ സൂചിക'യിലേക്കുള്ള (പ്രസാധനം: ലോഗോസ് ബുക്ക്‌സ്) താക്കോൽവാക്യമാണിത്. നിരവധിയായ ഓർമകളിലൂടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എഴുതാനുള്ള ശ്രമമാണ് ഈ രചന. സാധാരണ മനുഷ്യരും അസാധാരണരും ഒരുപോലെ നമ്മുടെയെല്ലാം ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാജഗോപാലന്റെ ജീവിതവും തീർച്ചയായും വ്യത്യസ്തമല്ല. കുട തുന്നുന്ന അന്തുച്ച മുതൽ എ.കെ.ജി വരെ ഈ ഓർമകളിൽ കടന്നുവരുന്നു. ആരും ഒറ്റക്കല്ല എന്നതാണ് ഈ പുസ്തകത്തിന്റെ തത്വശാസ്ത്രമെന്ന് എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നു. ഒന്നും അതായിത്തന്നെ (അതു മാത്രമായി) വായിക്കപ്പെടുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പലതരം ഓർമകൾ കൂടിച്ചേർന്ന ജീവിത വായനയുടെ ഉള്ളടക്കത്തിലേക്കും രസ-വിരസതകളിലേക്കും പുസ്തകം ശ്രദ്ധ ക്ഷണിക്കുന്നു. ആറു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കുറിപ്പുകൾ പലതരത്തിലുള്ള സാംസ്‌കാരിക പൂരണങ്ങളായി അനുഭവപ്പെടുകയും ചെയ്യും.
കുട തുന്നുന്ന ബീരാങ്കയെക്കുറിച്ചുള്ള (അന്തുച്ച) കുറിപ്പിലാണ് പുസ്തകത്തിന്റെ തുടക്കം. കുടതുന്നൽ അദ്ദേഹത്തിന് ഒരു പ്രാർഥനയാണ് എന്ന ഈ കുറിപ്പിലെ വാചകം ആ മനുഷ്യനെ വായനക്കാരനു മുന്നിൽ ജീവനോടെ കൊണ്ടുവന്നു നിർത്തുന്നു. ജീവിതസമരത്തിൽ തൊഴിലാണ് അതിവിശുദ്ധമായ പ്രാർഥനകളിലൊന്ന്. കുട്ടിക്കാലത്തു കണ്ടുപരിചയിച്ച തുന്നൽക്കാരനിൽനിന്ന് വലുതാകുമ്പോൾ രസച്ചരട് എന്ന 'കഥയുടെ നൂൽബന്ധം' എന്ന രൂപകം സൃഷ്ടിക്കാൻ ഗ്രന്ഥകാരനു കഴിയുന്നു. സ്വന്തം അമ്മമ്മ പറയുന്ന ഒരു വാചകം, ഭാസ്‌കരന്റെ ഒപ്പരം വരുന്നവരെല്ലാം എനക്ക് ഭാസ്‌കരനെപ്പോലെ തന്നെയെന്നത് പുതിയൊരു ലോകം തുറക്കുന്നു.
രാജഗോപാലന്റെ അച്ഛന്റെ കൂടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുന്ന ദാസപ്പൻ ഓപ്പീസറ് പെലയൻ ഓഫിസറാണെന്ന ഒരു ബന്ധുവിന്റെ പരാമർശത്തോടാണ് അമ്മമ്മ ഇങ്ങനെ പ്രതികരിക്കുന്നത്. ഒരു സാധാരണ സ്ത്രീയിൽനിന്ന് ജാതിവിരുദ്ധ പ്രസ്താവന തീർത്തും ജൈവികവും നൈസർഗികവുമായി എങ്ങനെ പുറത്തുവന്നുവെന്ന് 'അടുപ്പങ്ങളുടെ സൂചിക' ഇവ്വിധം വ്യക്തമാക്കുന്നു. തുല്ല്യം എന്നാണ് ആ അധ്യായത്തിന്റെ ശീർഷകം. അച്ഛൻ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചുളിവുകൾ എന്ന അധ്യായം സാമൂഹികമായ ചുളിവുകൾ നീർത്തിയെടുക്കുന്ന ഒന്നായി തീർച്ചയായും വായനയിൽ അനുഭവപ്പെടും.
സ്വന്തം ഗ്രാമമായ മാണിയാട്ടെത്തോടിനെക്കുറിച്ച് എഴുത്തുകാരൻ എഴുതുന്നു: തോടിനു കിഴക്ക് കരിവെള്ളൂർ തുടങ്ങുന്നു. ഈ വാക്യം ഇങ്ങനേയും എഴുതാം. തോടിനു കിഴക്ക് മലബാർ അവസാനിക്കുന്നു. പണ്ടു പറഞ്ഞിരുന്നത് പടിഞ്ഞാറു ഭാഗത്തേക്ക് തോട് കടക്കുന്നതോടെ ദക്ഷിണ കാനറ ജില്ല തുടങ്ങുന്നു എന്ന് ഇന്നു പറയുന്നത് കണ്ണൂർ ജില്ലകഴിഞ്ഞ് കാസർകോട് ജില്ല തുടങ്ങുന്നു എന്നുമാണ്. ഇതൊന്നും തോടിന് അറിയില്ല. പണ്ട് രണ്ടു വ്യവസ്ഥകളുടെ ഇടയിലായിരുന്നു മണിയാട്ടെത്തോട്. മലബാറിൽ ഗ്രാമതലത്തിലെ റവന്യു ഭരണം അംശം അധികാരി, മേനോൻ, കോൽക്കാരൻ എന്നിവരുടേത്. ഇന്നത്തെ വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റൻ്, വില്ലേജ് മാൻ എന്നീ പദവികൾക്കു പകരം. മാണിയാട്ട് തൊട്ടുള്ള ഡി.കെ (ദക്ഷിണ കർണാടക) ഗ്രാമങ്ങളിൽ ഇതു പട്ടേലർ, ചേനപ്പർ, ഉഗ്രാണി എന്ന തട്ടാണ്. ഡി.കെയിൽ പഴയ ഭൂവാധാരങ്ങൾ കന്നഡ ഭാഷയിൽ. മലബാറിൽ മലയാളത്തിൽ: ഇങ്ങനെ തൊട്ടടുത്തു കിടക്കുന്ന പ്രദേശങ്ങൾ അതിരിന്റെ പേരിൽ വേർതിരിയുന്നതു പറഞ്ഞ് അതു രാജ്യാതിർത്തി, വിഭജനം എന്നതിലേക്കു വളരുന്നു. ദർശനത്തിന്റെയും എഴുത്തിന്റെയും മാജിക്ക് ഈ തരത്തിൽ പുസ്്്തകത്തിലെ ഓരോ കുറിപ്പിനെയും അടുപ്പമുള്ളതാക്കുന്നു, സുതാര്യമാക്കുന്നു.
പി. കൃഷ്ണപ്പിള്ള ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പറയുമ്പോൾ സമരലവണത എന്നാണു പ്രയോഗം. തൃക്കരിപ്പൂരിൽ നടന്ന ഉപ്പുവിൽപനയെക്കുറിച്ച് സമരയുപ്പിന്റെ വിൽപന എന്നും വിശേഷിപ്പിക്കുന്നു. നാട്ടുചരിത്രം തിരയുമ്പോൾ വിവാഹ ആൽബങ്ങൾ എങ്ങനെ പ്രധാനമാകുന്നുവെന്ന് ഇങ്ങനെ പറയുന്നു: വസ്ത്രങ്ങൾ, ആഭരണങ്ങൾ, മുഖഭാവങ്ങൾ, ശരീരഭാഷ, ഫർണിച്ചറുകൾ, കല്യാണപ്പന്തൽച്ചമയങ്ങൾ, ഭക്ഷണ പദാർഥങ്ങൾ, സീനിയർ- ജൂനിയർ തലമുറഭേദങ്ങൾ തുടങ്ങിയവയുടെ പ്രദർശനശാലയാണ് ഒരു കല്യാണ ആൽബം.
സാംസ്‌കാരിക ചരിത്രം പഠിക്കുന്നവർ അവശ്യം മനസിലാക്കേണ്ട കാര്യങ്ങളിൽ ഒന്നാണിത്. തെയ്യക്കാരുടെ ഫോട്ടോ ആദ്യമായി എടുക്കുന്നതിനെക്കുറിച്ച് (ആദ്യകാലത്തു തെയ്യങ്ങളുടെ ഫോട്ടോ എടുക്കുമായിരുന്നില്ല, ദൈവസങ്കൽപ്പത്താൽ), ചന്തേരയിൽ വൈദ്യുതി വരുന്നതിനെക്കുറിച്ച് അങ്ങനെയുള്ള കാര്യങ്ങളിൽനിന്നും സാംസ്‌കാരിക ചരിത്രത്തിന്റെ പല ചാലുകൾ രാജഗോപാലൻ വെട്ടിത്തുറക്കുന്നു. വൈദ്യുതി വന്നതിനെക്കുറിച്ച് പറയുന്നതു നോക്കൂ: 1971ൽ ചന്തേരയിൽ വൈദ്യുതി വരുന്നു-1971 വരെ ചന്തേര പടിഞ്ഞാറെക്കരയിലെ രാത്രികൾ 1871ലെയോ 1771ലെയോ രാത്രികൾ പോലെയായിരുന്നു. വൈദ്യുതി വന്ന അന്ന് അമ്മയുടെ മുഖം അച്ഛൻ നന്നായി കണ്ടിട്ടുണ്ടാവും. ആ വരിയിലൂടെ എഴുപതുകളുടെ തുടക്കത്തിലെ ഒരു ഗ്രാമ-വീട് ദൃശ്യം വായനക്കാരനു മുന്നിൽ ഉജ്ജ്വല വെളിച്ചത്തോടെ തെളിയുന്നു. ഫോക്ക്‌ലോർ പഠനങ്ങളിലെ ആദ്യ നിരക്കാരനായ സി.എം.എസ് ചന്തേര, തന്നെ ഒരു കർഷകനെക്കൊണ്ട് അനുഗ്രഹിപ്പിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പുസ്തകത്തിലുണ്ട്. ചിത്രത്തിൽ കൂടെ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട്. ആ ഫോട്ടോഗ്രാഫ് അങ്ങനെ ഒരു സന്തുലിതമായ നാട്ടാഖ്യാനമായി മാറുന്നു എന്നാണ് ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം.
ഒരുദ്ഘാടനത്തിന് ഇം.എം.എസ് ഉദിനൂർ വയലിലൂടെ നടന്നുവരുന്നതിനെക്കുറിച്ച് പറയുമ്പോൾ നടത്തങ്ങളെക്കുറിച്ച് പഠനങ്ങളുണ്ടാകുന്നില്ലെന്ന വിമർശനം എഴുത്തുകാരൻ ഉയർത്തുന്നു (നടത്തങ്ങൾ എന്ന ശീർഷകത്തിൽ രാജഗോപാലന്റെ ഒരു പുസ്തകമുണ്ടല്ലോ). ദിനപത്രം പോലെ പരിചയമുള്ള കാക്കൾ എന്ന് ഒരു കുറിപ്പിൽ പറയുന്ന വിശേഷണം മലയാള എഴുത്തിൽ ആദ്യമാണെന്നു തോന്നുന്നു.
വീടുകളെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ പുസ്തകത്തിലെ ഭാഗം വളരെ സവിശേഷതകളുള്ളതാണ്. കഥാകൃത്ത് വൈശാഖൻ 46 വീടുകളിൽ ജീവിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ഈ ഭാഗം ആരംഭിക്കുന്നത്. പലതരം ഓർമകൾ പാർക്കുന്ന സമയക്കപ്പലാണ് വീടുകൾ എന്നും ഈ ഭാഗത്ത് നിരീക്ഷിക്കപ്പെടുന്നു. വീട്ടിൽ നിന്നുമിറങ്ങുമ്പോൾ മഴക്കാറു കണ്ട് എന്നെ കൂട്ടാൻ കാറുവന്നു എന്നുപറയുന്ന ഗൃഹനാഥനെയും ഇതേ താളിൽ നാം കാണുന്നു. വീടിന്റെ സേവകരാകുന്നവരെ വീട് ഭരിക്കും. അത്തരം വീടുകൾക്കു വാസ്തവത്തിൽ ഒരു ഭംഗിയുമുണ്ടാകില്ല എന്ന നിരീക്ഷണവും തൊട്ടടുത്ത പേജിൽ കാണാം. വീടിനെക്കുറിച്ചുള്ള ഓർമയിൽ തനിക്കു ദേഷ്യം വരുമ്പോൾ അമ്മ ഇങ്ങനെ പറയുമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു: നീ ചൈനാ യുദ്ധകാലത്താണ് ജനിച്ചത്.
മിഠായിത്തെരുവിലെ ഇഞ്ചിക്കൃഷി എന്നൊരു പ്രയോഗം പുസ്തകത്തിലുണ്ട്. എസ്.കെയുടെ ഒരു ദേശത്തിന്റെ കഥയിൽ ഇഞ്ചിക്കൃഷിയെക്കുറിച്ചുള്ള ഒരു പേജ് ബൈൻഡിങ്ങിനിടെ കയറിക്കൂടിയതിനെക്കുറിച്ചാണത്. ഒരു ബൈൻഡർക്കു പോലും ഒരു കൃതി (ടെക്സ്റ്റ്) മാറ്റാൻ കഴിയുമെന്ന് ഈ പരാമർശം ഓർമിപ്പിക്കുന്നു. എ.കെ.ജി ഒരു സംവാദ ബന്ധുവായിരുന്നുവെന്ന് രാജഗോപാലൻ പറയുന്നു. ആരുമായും ബന്ധം സ്ഥാപിക്കാൻ, അവരുമായി ആശയവിനിമയം സാക്ഷാത്കരിക്കാനുള്ള എ.കെ.ജിയുടെ സവിശേഷമായ കഴിവാണ് ഈ പ്രയോഗത്തിലൂടെ വെളിപ്പെടുന്നത്. എൻ.വി കൃഷ്ണവാര്യർ വള്ളത്തോളിന്റെ മഗ്ദലന മറിയത്തെക്കുറിച്ച് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ അടിച്ചുമാറ്റി സ്വന്തം നിരൂപണ കൃതിയിറക്കിയ നിരൂപകനെക്കുറിച്ചും പുസ്തകം വായനക്കാരോട് സംസാരിക്കുന്നു. കെ.ടി മുഹമ്മദിന്റെ കോഴിക്കോട്ടെ പ്രതിമയെക്കുറിച്ച് ഇന്ത്യയിലെ ഒരേ ഒരു മുസ്‌ലിം പ്രതിമയായിരിക്കുമിത് എന്ന തന്റെ സുഹൃത്തിന്റെ അഭിപ്രായം രാജഗോപാലൻ പങ്കുവയ്ക്കുന്നു. 1948ൽ താങ്കൾക്കു താൽപര്യമെങ്കിൽ പാകിസ്താൻ പോസ്റ്റൽ സർവിസിൽ ചേരാം എന്നുപറഞ്ഞ് കെ.ടിക്കു പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽനിന്ന് വന്ന കത്തും ഇവിടെ ഒരിക്കൽ കൂടി വെളിച്ചം കാണുന്നു.
എം.എൻ വിജയൻ തുറന്ന നിരവധി വാതിലുകളുടെ വെളിച്ചവും കാറ്റും ഉൾക്കൊള്ളുന്നു മാഷെക്കുറിച്ചുള്ള കുറിപ്പ്. കരിവെള്ളൂരിലെ നെയ്ത്തുകാരുടെ തെരുവിൽ വിജയൻ മാഷ് നടത്തിയ പ്രസംഗം രാജഗോപാലൻ ടേപ്പ് റെക്കോർഡറിൽ റിക്കോർഡ് ചെയ്തു. മാഷ് ഇങ്ങനെ പ്രസംഗിച്ചു: തിരുവള്ളുവർ മുണ്ടു നെയ്തു, തിരുവള്ളുവർ കവിതയും നെയ്തു. പിന്നീട് വീട്ടിൽ പോയി ടേപ്പ് കേട്ടപ്പോൾ തിരുവള്ളുവർ മുണ്ടു നെയ്തു എന്നു മാഷ് പറയുമ്പോൾ അതിന്റെ പശ്ചാത്തലത്തിൽ നെയ്ത്തു യന്ത്രത്തിന്റെ ശബ്ദമുണ്ടായിരുന്നു. മാഷ് പ്രസംഗിക്കുമ്പോൾ തൊട്ടടുത്ത പറമ്പിൽനിന്ന് ഒരു നെയ്ത്തു തൊഴിലാളി തന്റെ പണി എടുക്കുന്നുണ്ടായിരുന്നു. രാജഗോപാലൻ അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ആ നെയ്ത്തു യന്ത്രത്തിന്റെ പ്രാചീന ശബ്ദം മാഷ്‌ടെ വാക്യത്തിലേക്കു കടന്നുവരികയും അത്യന്തം സൗന്ദര്യമുള്ള സന്ദർഭമായി അതു മാറുകയും ചെ്‌യ്തു.
ഡോ. ടി.പി സുകുമാരനെക്കുറിച്ചു പറയുമ്പോൾ മാഷ് സ്വന്തമായി സാംസ്‌കാരിക ഗുണ്ടകളെ സൃഷ്ടിക്കുന്നയാളല്ല, അദ്ദേഹത്തിന് ഗുണ്ടാപ്പടയുണ്ടായിരുന്നില്ല എന്നു വ്യക്തമാക്കുന്നു. ആരാധകർ, ഫാൻസ് അസോസിയേഷനുകൾ പൊതിഞ്ഞുനിൽക്കുന്ന ഇന്നത്തെ കലാ-സാംസ്കാരിക രംഗത്തെക്കുറിച്ചുള്ള വിമർശനം കൂടിയാണ് സാംസ്‌കാരിക ഗുണ്ടാപ്പട എന്ന പ്രയോഗത്തിലൂടെ പുറത്തുവരുന്നത്്. ഡി. വിനയചന്ദ്രനെക്കുറിച്ചു പറയുമ്പോഴും ഈ പ്രയോഗം തന്നെ കടന്നുവരുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ള, ഗിരീഷ് കർണ്ണാട്, എൻ.പി മുഹമ്മദ്്, സി.വി ശ്രീരാമൻ, കെ.പി.എ.സി ലളിത, ഡോ. പി.കെ വാരിയർ എന്നിവരെക്കുറിച്ചുള്ള സ്മരണകളും പുസ്‌കത്തിലുണ്ട്. യു.എ ഖാദർ തന്റെ ബയോഡാറ്റ ഇങ്ങനെയാക്കിയാൽ സന്തോഷമായിരിക്കും എന്നു പറഞ്ഞതിനെക്കുറിച്ച് ഗ്രന്ഥകർത്താവ് ഓർക്കുന്നു: രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധഭീതിയിൽ അമ്മയില്ലാതെ ജീവിച്ചുപോന്ന ഖാദറിനെക്കൂട്ടി അച്ഛൻ അരക്കൻ പർവതനിര കടന്ന്് ദീർഘയാത്ര ചെയ്ത് ഇന്ത്യയിൽ എത്തി.
എം.ടി വാസുദേവൻ നായരെക്കുറിച്ചുള്ള ആറു ലേഖനങ്ങൾ പുസ്തകത്തിൽ പ്രത്യേക ഭാഗമായി കൊടുത്തിട്ടുണ്ട്. എം.ടിയെക്കുറിച്ചുള്ള നവീനവും മൗലികവുമായി പല നിരീക്ഷണങ്ങളും ഈ ചെറുകുറിപ്പുകളിലുണ്ട്. അവസാന ലേഖനം ദേശാഭിമാനി വാരികയുടെ ആദ്യലക്കം മുതൽ സൂക്ഷിച്ച പയ്യന്നൂർ വെള്ളൂരിലെ എ. ഗോവിന്ദനെക്കുറിച്ചാണ്. വായിച്ചുതീർന്നിട്ടില്ല എന്ന തോന്നലാണ് ഇത്തരമൊരു ശേഖരണത്തിന് ഒരാളെ പ്രേരിപ്പിക്കുന്നതെന്നാണ് ഇതിനെക്കുറിച്ച് ഗ്രന്ഥകർത്താവിന്റെ അഭിപ്രായം.
പുസ്തകത്തിന്റെ ആമുഖത്തിന്റെ തുടക്കം ഇങ്ങനെയാണ്: ഓർമകൾ തന്നെയാണ് ഇവിടെ ഒരാൾ എഴുതുന്നത്. ഒരാളെ എഴുതുന്നതും ഓർമകളാണല്ലോ. ('യുക്തി കൈവിടല്ലേ' എന്ന് മനോവിഭ്രാന്തി പിടികൂടി ചികിത്സയിൽ കഴിയുന്ന ഒരു മലയാളി പ്രാർഥിച്ചു. യുക്തിക്കൊപ്പം ഓർമകളും നിലനിർത്തിയ ആ ആൾ വൈക്കം മുഹമ്മദ് ബഷീറായി എഴുത്തു കരുത്തോടെ തുടർന്നു)- ബഷീറിനെക്കുറിച്ചുള്ള സ്മരണ ഓർമകളെക്കുറിച്ചുള്ള ഓർമയുമായി രാജഗോപാലൻ രേഖപ്പെടുത്തുന്നത് ഈ വരികളിലൂടെയാണ്. തെയ്യം/ നാടകം എന്നിവയിലൂടെ തുറന്നുവരുന്ന പല വഴിച്ചാലുകളും പുസ്തകം രേഖപ്പെടുത്തുന്നു.
ഇത്തരത്തിൽ മൗലികതയുടെ പലതരം പ്രസരണങ്ങളുള്ള പുസ്തകമാണിത്. എന്നാൽ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രത്തിൽ ഈ പുസ്തകത്തിലുള്ളവരും സന്ദർഭങ്ങളും മാത്രം മതിയോ? പല പുസ്തകങ്ങളിലും ചിന്തകളിലുമെന്നപോലെ ഇതിലും ' ബഹിഷ്്കൃതർ' ഇല്ലേ? തീർച്ചയായും ഉണ്ട്. അത്തരമൊരു പൂരണത്തിലേക്കുള്ള ശക്തമായ സൂചന, വെല്ലുവിളി കൂടിയാണ് 'അടുപ്പങ്ങളുടെ സൂചിക'.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."