തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട സ്പിരിറ്റ് ശേഖരം പിടികൂടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
പാലക്കാട് • കൊഴിഞ്ഞാമ്പാറയിൽ തെങ്ങിൻ തോപ്പിൽ കന്നാസുകളിലാക്കി കുഴിച്ചിട്ട 1,344 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കുന്നംകാട്ടുപതി മണൽത്തോട് സ്വദേശിയും സി.പി.എം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറിയുമായ വി.കണ്ണൻ(34), തമിഴ്നാട് പൊള്ളാച്ചി ആലംപാളയം സ്വദേശി എം. പ്രഭാകരൻ (31), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി എസ്.വിജേഷ്(42) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തൃശൂർ എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ വണ്ണാമടെ മൂലക്കുടയിലെ തോപ്പിൽ നിന്നാണ് ആദ്യം സ്പിരിറ്റ് പിടികൂടിയത്.
കന്നാസുകളിലായി തോപ്പിലെ പശുത്തൊഴുത്തിനു സമീപം കുഴിച്ചിട്ട 800 ലിറ്റർ സ്പിരിറ്റ് ആണ് കണ്ടെടുത്തത്. തോട്ടം പാട്ടത്തിനെടുത്ത ആലംപാളയം സ്വദേശി പ്രഭാകരനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കണ്ണനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫിസിലെത്തിച്ച പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മറ്റൊരു തോപ്പിലും സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
ഉച്ചയോടെ മണൽത്തോട് മുസ്തഫ റാവുത്തർ നഗർ കോളനിക്കു സമീപത്തുള്ള തോപ്പിൽ നടത്തിയ പരിശോധനയിൽ 11 കന്നാസുകളിലായി കുഴിച്ചിട്ട നിലയിൽ 544 ലിറ്റർ സ്പിരിറ്റും കണ്ടെടുത്തു. ഇവിടെ സ്പിരിറ്റ് കുഴിച്ചിട്ട ശേഷം മുകളിലായി വൈക്കോലും കൂനകൂട്ടിയിട്ടിരുന്നു.
തൃശൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മനോജ്കുമാർ, പാലക്കാട് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ. അശ്വിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."