കാനഡ: ചര്‍ച്ചയിലൂടെ പരിഹരിക്കണം
ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ തകര്‍ച്ചയിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം. കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കി. പിന്നാലെ ഡല്‍ഹിയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുകയും ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വിദേശകാര്യ മന്ത്രിയുമാണ് ഉന്നയിച്ചത്. തൊട്ടുപിന്നാലെ ഇന്ത്യ ശക്തമായി അതു നിഷേധിക്കുകയും ചെയ്തു.
ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് കാനഡ പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തില്‍ ദിവസങ്ങളായി ഇന്ത്യയും കാനഡയുമായുള്ള ബന്ധം ഉലഞ്ഞുനില്‍ക്കുകയാണ്. ഇതിന്റെ പേരില്‍ ഇന്ത്യകാനഡ സ്വതന്ത്ര വ്യാപാരകരാറിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നാലെ കനേഡിയന്‍ വ്യാപാരമന്ത്രി മേരി ഇങ്ങിന്റെ ഇന്ത്യ സന്ദര്‍ശനം അനിശ്ചിതകാലത്തേക്ക് മാറ്റുകയും ചെയ്തു. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വ്യാപാര മന്ത്രിയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സംഘം ഒക്ടോബര്‍ 9നാണ് ഇന്ത്യ സന്ദര്‍ശിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ചശേഷം ചര്‍ച്ചകള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഡല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ ജസ്റ്റിന്‍ ട്രൂഡോക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷപവുമുണ്ടായിരുന്നു. ഇതിനിടെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന നടപടികൂടി ഉണ്ടായിരിക്കുന്നത്.
ഇതേ ആരോപണം പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കാനഡ പ്രധാനമന്ത്രി ഉന്നയിച്ചിരുന്നുവെന്നും ഇന്ത്യ അക്കാര്യം തള്ളിക്കളയുകയായിരുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഖലിസ്ഥാന്‍ വാദികള്‍ക്കുള്ള പിന്തുണയുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പുതിയതല്ല. ഏഴുകൊല്ലത്തോളമായി അത് പുകഞ്ഞ് നില്‍ക്കുന്നുണ്ട്. നിജ്ജാര്‍ വധത്തെ തുടര്‍ന്നുള്ള ആരോപണത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഖലിസ്ഥാന്‍ വാദം ഇപ്പോള്‍ പഞ്ചാബില്‍ ശക്തമല്ല. കര്‍ഷകരുടെ പ്രശ്‌നങ്ങളും മയക്കുമരുന്നിന്റെ വ്യാപനവുമാണ് പഞ്ചാബ് നേരിടുന്ന പ്രശ്‌നം. എന്നാല്‍, കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദം ശക്തമാണ്. പലപ്പോഴും ഇന്ത്യയുടെ വിദേശത്തെ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയാകും വിധം അത് വളരുകയും ചെയ്തിട്ടുണ്ട്.
കാനഡയില്‍ ശക്തിപ്പെട്ടുവരുന്ന ഖലിസ്ഥാന്‍ വാദത്തെക്കുറിച്ച് ഇന്ത്യ കുറച്ചുകാലമായി മുന്നറിയിപ്പ് നല്‍കുകയും അവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ അതത്ര ഗൗരവത്തിലെടുത്തില്ലെന്ന് വ്യക്തമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനും മുമ്പ് കാനഡയില്‍ ഖലിസ്ഥാന്‍വാദികളുടെ പ്രവര്‍ത്തനം ശക്തമാണ്. നിലവില്‍ 37 മില്യനാണ് കാനഡയിലെ ജനസംഖ്യ. ഇതില്‍ 1.4 മില്യന്‍ ഇന്ത്യന്‍ വംശജരാണ്. ഇതില്‍ 770, 000 പേര്‍ സിഖുകാരും. കാനഡയിലെ ജനസംഖ്യയുടെ രണ്ടുശതമാനമാണ് പഞ്ചാബികള്‍. അതുകൊണ്ടുതന്നെ ഖലിസ്ഥാന്‍ വാദം കാനഡയില്‍ ശക്തിപ്പെട്ട് വരുന്നതില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. ഈ ആശങ്കയില്‍ ന്യായവുമുണ്ട്. അംഗരാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് അനുവദിക്കില്ലെന്ന ജി20 ഉച്ചകോടിയിലെ ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച രാജ്യമാണ് കാനഡ. ഖലിസ്ഥാന്‍ വാദത്തിന് പിന്തുണ നല്‍കുന്നത് ഈ ഉറപ്പിന് വിരുദ്ധവുമാണ്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് കനേഡിയന്‍ മണ്ണ് വിട്ടുകൊടുക്കാതിരിക്കുകയും പ്രശ്‌നക്കാരെ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
നയതന്ത്ര ബന്ധത്തിന് പോറലേല്‍ക്കാതെ പരസ്പരം സംസാരിച്ച് തീര്‍ക്കേണ്ട പ്രശ്‌നത്തെ ഇന്ത്യക്കെതിരേ പരസ്യമായി ആരോപണം ഉന്നയിക്കുന്നതിലൂടെ അന്താരാഷ്ട്ര പ്രതിസന്ധിയായി വളര്‍ത്തുകയാണ് കാനഡ ചെയ്തത്. അല്‍പം കൂടി മിതത്വത്തോടെയായിരുന്നു കാനഡ വിഷയത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്നത്.
അവിശ്വാസത്തോടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ ജി20 ഉച്ചകോടിക്കെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ അദ്ദേഹം താമസിച്ചില്ല. പഞ്ചനക്ഷത്ര ഹോട്ടലായ ലളിതിലായിരുന്നു സര്‍ക്കാര്‍ കനേഡിയന്‍ പ്രധാനമന്ത്രിക്കും സംഘത്തിനും താമസം ഒരുക്കിയത്. എന്നാല്‍ ട്രൂഡോക്കായി ഒരുക്കിയ മുറിയില്‍ പ്രധാനമന്ത്രി താമസിക്കാന്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. പകരം ഒരു സാധാരണ മുറിയിലാണ് ട്രൂഡോ താമസിച്ചത്. ഡല്‍ഹി പൊലിസ് ഒരുക്കിയ സുരക്ഷയെ അവിശ്വസിച്ചതിനാലാണോ ചോര്‍ത്തല്‍ പേടികൊണ്ടാണോ ട്രൂഡോ നിശ്ചയിച്ച മുറിയില്‍ താമസിക്കാന്‍ വിസമ്മതിച്ചതെന്ന് വ്യക്തമല്ല. കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഡല്‍ഹി പൊലിസ് പലതവണ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രൂഡോ എത്തിയ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനാല്‍ അദ്ദേഹത്തിന് ജി20ക്കുശേഷവും രണ്ടുദിവസം ഡല്‍ഹിയില്‍ കഴിയേണ്ടിവന്നിരുന്നു. അദ്ദേഹത്തിന് തിരിച്ചുപോകാന്‍ പ്രധാനമന്ത്രിയുടെ വിമാനം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അതും അദ്ദേഹം നിരസിച്ചു. മറ്റൊരു വിമാനം കാനഡയില്‍നിന്ന് വരുത്തി അതില്‍ പോകാനായിരുന്നു തീരുമാനിച്ചത്. അതിനായി വിമാനം പുറപ്പെടുകയും ചെയ്തു. എന്നാല്‍, അതിനിടെ തകരാര്‍ പരിഹരിച്ചതിനാല്‍ വന്ന വിമാനത്തില്‍ തന്നെ മടങ്ങി.
നയതന്ത്ര ബന്ധത്തിലുണ്ടാകുന്ന വിള്ളല്‍ രണ്ടു രാജ്യങ്ങളെയും ബാധിക്കും. 230,00 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ പഠിക്കുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ രാസവളവും പയറുവര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍ നിന്നാണ്. ഇന്ത്യയിലെ പ്രവാസികളില്‍ 5.26 ശതമാനം കഴിയുന്നത് കാനഡയിലാണ്. വിദേശ രാജ്യത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളില്‍ ഏഴിലൊരാളും തെരഞ്ഞെടുക്കുന്ന രാജ്യം കാനഡയാണ്. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാലാമതാണ് കാനഡ. ഈ വര്‍ഷം മാത്രം ഇതുവരെ 8161.02 മില്യന്റെ വാണിജ്യമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായത്. പ്രശ്‌നങ്ങളെ പരസ്യപ്രസ്താവനകളിലൂടെ കൂടുതല്‍ വഷളാക്കാതെ നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."