HOME
DETAILS
MAL
ആ തണല്‍മരച്ചോട്ടില്‍ ഇത്തിരി നേരം
backup
August 01 2021 | 02:08 AM
രാഷ്ട്രീയത്തിലേക്ക്
കൈപിടിച്ചുയര്‍ത്തിയ തങ്ങള്‍
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം അങ്ങനെയാണ്. മരിച്ചിട്ടും ജീവിച്ചിരിക്കുന്നവരുടെയുള്ളില്‍ ജീവിക്കുന്ന മഹാന്‍. കാലമെത്ര കഴിഞ്ഞാലും പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് പൂഞ്ചിരിയോടെ ആ പൂമുഖമുണ്ടാകും. അശരണര്‍ക്ക് എന്നും പ്രതീക്ഷയാണ് കൊടപ്പനക്കല്‍ തറവാട്. അധികാര സോപാനങ്ങളില്‍ കയറാന്‍ ആഗ്രഹിക്കാത്ത നേതാവിന്റെ കഥയാണ് ശിഹാബ് തങ്ങളുടേത്.
ആളും ബഹളവും നിറഞ്ഞതായിരുന്നു എന്റെ പാണ്ടിക്കടവത്തെ തറവാട്. തൊഴിലാളികളും കാര്യസ്ഥന്മാരും കുടുംബങ്ങളുമൊക്കെയുള്ള തറവാട്ടില്‍ നിന്ന് പിതാവ് പെട്ടെന്ന് വിടപറഞ്ഞതോടെ ഞാനും സഹോദരങ്ങളും ഒറ്റപ്പെട്ടതുപോലെ തോന്നി. ജീവിതത്തില്‍ തളര്‍ന്നുപോയ കുട്ടിക്കാലത്താണ് പാണക്കാട് പൂക്കോയതങ്ങള്‍ കരുത്തു പകര്‍ന്ന് ഒപ്പം ചേര്‍ത്തുനിര്‍ത്തിയത്. പിന്നീട് എന്റെ കുടുംബ കാര്യങ്ങളില്‍ വരെ പാണക്കാട് കുടുംബം ഇഴചേര്‍ന്നു. പൂക്കോയതങ്ങള്‍ക്ക് ശേഷം അത് ശിഹാബ് തങ്ങള്‍ക്കൊപ്പമായി. ഇന്നിപ്പോള്‍ ഹൈദരലി തങ്ങള്‍ക്കൊപ്പവും. ശിഹാബ് തങ്ങള്‍ എനിക്ക് മൂത്ത ജ്യേഷ്ഠനെപ്പോലെയായിരുന്നു. എന്റെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ കരുത്തായി പ്രാര്‍ഥനയോടെ കൂടെനിന്ന മഹാനാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. പാണക്കാട് തങ്ങളുടെ കരം പിടിച്ചവര്‍ക്കെല്ലാം ജീവിതത്തില്‍ ഉയര്‍ച്ച മാത്രമേയുണ്ടായിട്ടുള്ളൂവെന്ന് കാലം തെളിയിച്ചതാണ്. തങ്ങളുടെ ആശീര്‍വാദം തേടി ജാതിമത വ്യത്യാസത്തിനതീതമായി പാണക്കാട്ടെത്തിയത് എണ്ണമറ്റവരാണ്.
കോളജ് ജീവിതത്തിന് ശേഷം ഞാന്‍ കുടുംബ ബിസിനസും സഹകരണ സ്പിന്നിങ് മില്ലിലെ ജോലിയുമൊക്കെയായി കഴിയുന്ന കാലത്താണ് എന്നെ മുസ്‌ലിംലീഗിന്റെ സജീവ രാഷ്ട്രീയത്തിലേക്ക് പാണക്കാട് ശിഹാബ് തങ്ങള്‍ കൈപിടിച്ചുയര്‍ത്തുന്നത്. കൊടപ്പനക്കല്‍ തറവാടിന്റെ കോലായില്‍ നിന്നാണ് എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ പ്രാരംഭം. ശിഹാബ് തങ്ങളെ ഏറ്റവും അടുത്തറിയാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ വലിയ ഭാഗ്യം.
പൊതുജീവിതത്തിലെ
ആദ്യ പാഠം
പാണക്കാട് പൂക്കോയതങ്ങളുടെ ശിക്ഷണത്തിലൂടെയായിരുന്നു എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പെരുമാറണമെന്ന് പഠിച്ചത് പാണക്കാട്ട് നിന്നാണ്. പിതാവിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാതെയായിരുന്നു ശിഹാബ് തങ്ങളുടെ ജീവിതവും. റമദാന്‍ മാസത്തില്‍ മാസപ്പിറവി ഉറപ്പിക്കുന്നത് കാത്തും, മാസം കണ്ടവനെ വിചാരണ ചെയ്യുന്നതുമടക്കം മൂകസാക്ഷിയായി നോക്കി നിന്നിട്ടുണ്ട്. പാണക്കാട് ഫോണ്‍ കണക്ഷന്‍ ലഭിച്ച കാലത്തെ അനുഭവങ്ങള്‍ ഇന്നലെ കഴിഞ്ഞത് പോലെയാണ്. മാസപ്പിറവി കണ്ടത് അന്വേഷിച്ച് പാണക്കാട്ടേക്ക് ഫോണ്‍കോളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വരവായി. വലിയ റസീവറുള്ള ഫോണായിരുന്നു പാണക്കാട്ടേത്. പൂക്കോയതങ്ങളുടെ സെക്രട്ടറിയായിരുന്ന അഹമ്മദ് ഹാജി ഒരിക്കല്‍ എന്റെ കൈയ്യില്‍ ഫോണ്‍ തന്ന് മറുപടി പറയാന്‍ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കാണുമെന്ന് പറയും പോലെയായിരുന്നു കാര്യങ്ങള്‍. വിളിക്കുന്ന ആളുകള്‍ക്ക് മാസപ്പിറവി കണ്ടോ എന്നറിഞ്ഞാല്‍ പോരായിരുന്നു. ആര് കണ്ടു, എവിടെ കണ്ടു, എപ്പോള്‍ കണ്ടു എന്നൊക്കെ വിവരിച്ച് അറിയണം. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ക്ഷമാശീലമുണ്ടായത് അന്നുമുതലാണ്. നൂറുകണക്കിന് ഫോണ്‍കോളുകളെടുത്ത് കൈ താഴെവയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാവുക. ജനങ്ങളുടെ മനോഭാവം അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്.
ക്ഷമ എന്നത് വിശ്വാസത്തിന്റെ പകുതിയാണെന്നാണ് പ്രവാചക വചനം. പാണക്കാട് ശിഹാബ് തങ്ങളിലെ ക്ഷമാശീലം മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമാണ്. മനുഷ്യന് ജീവിതത്തില്‍ കുറച്ച് സമയമെങ്കിലും സ്വസ്ഥതയും സ്വകാര്യതയും ലഭിക്കണം. എന്നാല്‍ ശിഹാബ് തങ്ങള്‍ക്ക് അതുണ്ടായിട്ടുണ്ടാവില്ല. എങ്കിലും അദ്ദേഹം മാതൃകാപുരുഷനായത് അദ്ദേഹത്തിന്റെ ജീവിതലാളിത്യം കൊണ്ടുതന്നെയാണ്. ഏതു സമയവും സൗമ്യനായി പുഞ്ചിരിതൂകി. തന്നെ തേടിയെത്തുന്ന സാധാരണക്കാരോട് അദ്ദേഹം പരിഭവം കാണിക്കാറില്ല. രാത്രിയിലെ വിശ്രമത്തിനിടയില്‍പോലും തങ്ങളെ കാണാന്‍ ആളുകളെത്തും. അവസാനമെത്തുന്നയാളുടെ പ്രശ്‌നവും പരിഹരിച്ചാണ് തങ്ങള്‍ ഉറങ്ങാറുള്ളത്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസം അതില്‍ തങ്ങള്‍ കാണിക്കാറില്ല. ആളുകളുടെ തോളില്‍ കൈയിട്ടും, ഹസ്തദാനം നടത്തിയും സാധാരണക്കാരനായി ജീവിച്ചയാളാണ് ശിഹാബ് തങ്ങള്‍. അതുകൊണ്ടുതന്നെ പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ഗേറ്റ് ഒരിക്കലും അടക്കാറില്ല.
ബാബരി മസ്ജിദ്
തകര്‍ച്ചയും
മുസ്‌ലിംലീഗ് നിലപാടും
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നടുക്കിയ സംഭവമാണ് 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മാത്രമല്ല ഇതര മതസ്ഥരും ഇന്നും വേദനയോടെയാണ് ആ സംഭവം കാണുന്നത്. അന്ന് കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാറും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുമാണ് ഭരണത്തിലുള്ളത്. അന്ന് ഞാന്‍ മന്ത്രിയാണ്. സംഭവം തിരുവനന്തപുരത്ത് നിന്ന് ശിഹാബ് തങ്ങളെ അറിയിച്ചു. ഇന്നത്തെ പോലെ മീഡിയകളും സോഷ്യല്‍ മീഡിയകളുടെ തരംഗവുമില്ലാത്ത കാലമാണ്. ഫോണിന്റെ മറുതലക്കലില്‍ നിന്ന് ശിഹാബ് തങ്ങള്‍ ഗദ്ഗദത്തോടെ പറഞ്ഞു. ഞാന്‍ അസ്വസ്ഥനാണ്. എന്നാലും നമ്മള്‍ ആത്മസംയമനം പാലിക്കണം. രാജ്യത്തെ മതമൈത്രിക്ക് ഒരു കോട്ടവും തട്ടാതെ നമുക്ക് കാവലാകണം. ബാബരിയുടെ പേരില്‍ ഒരാളുടെ ജീവനും ഇതര ദേവാലയങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ സംയമനം പാലിക്കണമെന്നുമായിരുന്നു തങ്ങളുടെ ആഹ്വാനം. മുസ്‌ലിംലീഗ് അതില്‍ അടിയുറച്ച് നിന്നു.
കോണ്‍ഗ്രസിനൊപ്പം അന്ന് നിലയുറച്ച് നിന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണര്‍ന്നു. ചേരിതിരിവിനും പിളര്‍പ്പിനും ഇത് വേദിയൊരുക്കി. മുസ്‌ലിം ലീഗിന് തീവ്രതപോരെന്ന് പറഞ്ഞ് പല സംഘടനകളും മുളച്ചു. അന്ന് പുറത്തുപോയവരുടെ സ്ഥിതി ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കാലം സത്യമെന്തെന്ന് തെളിയിക്കുമെന്നായിരുന്നു ശിഹാബ് തങ്ങളുടെ നിലപാട്. അതായിരുന്നു ശരിയെന്ന് പിന്നീട് പാര്‍ട്ടിവിട്ടവര്‍ക്ക് പോലും ബോധ്യമായി. ഇന്ത്യയില്‍ ബാബരിയുടെ പേരില്‍ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളുണ്ടായെങ്കിലും കേരളത്തില്‍ മാത്രം പ്രശ്‌നങ്ങളുണ്ടാവാതിരുന്നത് ശിഹാബ് തങ്ങളുടെ നേതൃപാഠവം തന്നെയായിരുന്നു.
സമൂഹവും സമുദായവും മതഭൗതിക വിദ്യാഭ്യാസം നേടണമെന്നുള്ളത് ശിഹാബ് തങ്ങളുടെ ആഗ്രഹമായിരുന്നു. അതിനുള്ള പ്രചോദനവും കരുത്തും തങ്ങള്‍ എപ്പോഴും പാര്‍ട്ടിക്ക് നല്‍കിയിരുന്നു. മുസ്‌ലിം ലീഗിനപ്പുറം ഇതര പാര്‍ട്ടിനേതാക്കളും മതനേതാക്കളും ശിഹാബ് തങ്ങളെ അംഗീകരിച്ചതും ബഹുമാനിച്ചതും അതുകൊണ്ടാണ്.
പാര്‍ട്ടിയുടെ കരുത്തും
ഉയര്‍ത്തെഴുന്നേല്‍പ്പും
1975 സെപ്റ്റംബര്‍ ഒന്നിനാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. മരണം വരെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തെ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയാണ് പാര്‍ട്ടി ചെയ്തത്. ബാബരി മസ്ജിദ് പ്രശ്‌നത്തിന് പിറകെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തളിക്ഷേത്ര പ്രശ്‌നത്തിലും ശിഹാബ് തങ്ങളുടെ അവസരോചിത ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്. സമയബന്ധിതവും അവസരോചിതവുമായി പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ ശിഹാബ് തങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അതുകൊണ്ടാണ് സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും പാര്‍ട്ടിയും ജാതിയും മറന്ന് നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ പാണക്കാട്ടേക്ക് ഒഴുകുന്നത്. മലയോരം മുതല്‍ കടലോരം വരെ ശാന്തിദൂതനായി ശിഹാബ് തങ്ങള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
മുസ്‌ലിം ലീഗിന് രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടായപ്പോഴെല്ലാം അദ്ദേഹം പാര്‍ട്ടി നേതാക്കളെയും അണികളെയും ഉപദേശിച്ച് കൂടെ നിര്‍ത്തി. അതുവഴി പിന്നീട് പാര്‍ട്ടിക്ക് കരുത്തുറ്റ സാന്നിധ്യം പാര്‍ലമെന്റിലും നിയമസഭയിലുമുണ്ടായി. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ അധികാരങ്ങളത്രയും ഉപേക്ഷിക്കാന്‍ ലീഗ് മന്ത്രിമാര്‍ തയ്യാറാവാറുണ്ടെന്ന് മറ്റു പാര്‍ട്ടിക്കാര്‍ പറയാറുണ്ട്. അത് ശിഹാബ് തങ്ങളുടെ നേതൃപാഠവം കൊണ്ടുതന്നെയാണ്.
ശിഹാബ് തങ്ങളുടെ
സൗഹൃദക്കൂട്ടായ്മ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സൗഹൃദം സാധാരണക്കാരായ പ്രവര്‍ത്തകര്‍ മുതല്‍ രാജ്യാന്തര നേതാക്കള്‍ വരെയായിരുന്നു. രാഷ്ട്രപതിമാരായ ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഡോ. എ.പി.ജെ അബ്ദുല്‍ കലാം, പ്രധാനമന്ത്രിമാരായ ഇന്ധിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ് വരെ തങ്ങളുടെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. കേരളത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.കെ നായനാര്‍, പി.കെ.വി, കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി അടക്കമുള്ള മുഖ്യമന്ത്രിമാരും, എം.ടി വാസുദേവന്‍ നായര്‍ മുതല്‍ ചലച്ചിത്ര താരം മമ്മൂട്ടി അടക്കമുള്ളവരും ആദരവോടെയാണ് കണ്ടിരുന്നത്. ശിഹാബ് തങ്ങള്‍ ഒരു സദസിലെത്തിയാല്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നത് കാണാനാവും. ഇത് തങ്ങള്‍ക്ക് നല്‍കുന്ന ആദരവാണ്. ആ മുഖത്ത് എപ്പോഴുമുണ്ടാകുന്ന പ്രസന്നതയും, ജീവിതത്തിലെ ലാളിത്യവുമാണ് മറ്റുള്ളവരില്‍ നിന്ന് ആ ശ്രേഷ്ഠ വ്യക്തിത്വത്തെ വേറിട്ടുനിര്‍ത്തുന്നത്.
ഭാഷാ നൈപുണ്യം ഏറെയാണ് ശിഹാബ് തങ്ങള്‍ക്ക്. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ആയതിനാല്‍ ഇവയിലൊക്കെയുള്ള മൂല്യവത്തായ കൃതികള്‍ തങ്ങള്‍ ആഴത്തില്‍ മനസിലാക്കിയിരുന്നു. പഠനകാലത്ത് ഈജിപ്ത് മുതലുള്ള ലോകോത്തര രാജ്യങ്ങളും സന്ദര്‍ശനം നടത്തിയിരുന്നു.
അടിപതറിയപ്പോള്‍
കൈത്താങ്ങായ നേതാവ്
രാഷ്ട്രീയത്തില്‍ ഇത്രയധികം പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന പൊതുപ്രവര്‍ത്തകന്‍ എന്നെപ്പോലെ മറ്റാരുമുണ്ടാവില്ല. വ്യക്തിപരമായി സമൂഹ മധ്യത്തില്‍ പിച്ചിച്ചീന്തപ്പെട്ടപ്പോഴും കൂടെനിന്ന നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ വാക്കുകളും തലോടലുമാണ് എനിക്ക് പിടിച്ചുനില്‍ക്കാന്‍ പ്രേരകമായത്. മന്ത്രിയായിരിക്കെ ഉയര്‍ന്ന കേസില്‍ ആരോപണ വിധേയനായ എനിക്ക് രാജിവയ്‌ക്കേണ്ടി വന്നു. അപ്പോഴും അദ്ദേഹം പറഞ്ഞു. എല്ലാം കെട്ടടങ്ങും, കലങ്ങിത്തെളിയും, പ്രാര്‍ഥിക്കുക, ക്ഷമിക്കുക, ഞാനും പ്രാര്‍ഥിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് ഒന്നുമല്ലാതെയായി. ശിഹാബ് തങ്ങളുടെ നിരീക്ഷണം എത്ര ശരിയായിരുന്നു. പാര്‍ട്ടിക്കും എനിക്കും തോല്‍വിയുണ്ടായപ്പോഴും അദ്ദേഹം പറഞ്ഞു. പരീക്ഷണത്തെ അതിജീവിക്കുക. ജനം തിരിച്ചറിയും എന്നായിരുന്നു. പിന്നീട് എന്റെ ജീവിതത്തില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
ആദ്യമായി നഗരസഭ കൗണ്‍സിലറായതും ചെയര്‍മാനായതും, പിന്നീട് പലതവണ മന്ത്രിയായതും പാര്‍ട്ടി സെക്രട്ടറിയായതും ആ മഹാന്റെ ഓരം ചേര്‍ന്നുനിന്നതുകൊണ്ട് മാത്രമാണ്. പരീക്ഷണ ഘട്ടങ്ങളില്‍ തണല്‍മരമായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജം നല്‍കിയത് അദ്ദേഹമായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന തണല്‍മരത്തിന് ചുവട്ടില്‍ നിന്നതുകൊണ്ട് മാത്രമാണ് പി.കെ കുഞ്ഞാലിക്കുട്ടി എന്ന പൊതുപ്രവര്‍ത്തകനുണ്ടായത്.
തയാറാക്കിയത്:
അശ്‌റഫ് കൊണ്ടോട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."