ഫാറൂഖ് പാഠം പഠിപ്പിക്കും; വയോജനങ്ങളെ സംരക്ഷിക്കാത്ത മക്കളെ
ഫാറൂഖ് പാഠം പഠിപ്പിക്കും; വയോജനങ്ങളെ സംരക്ഷിക്കാത്ത മക്കളെ
കണ്ണൂര്‍: എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചുപെണ്‍മക്കളുള്ള ഒരു അമ്മയെ മക്കള്‍ ഇരുട്ടിന്റെ മറവില്‍ കണ്ണൂരിലെ തെരുവോരത്ത് തള്ളിയത് മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. അത് കുറച്ചെങ്കിലും നന്മ മനസില്‍ ബാക്കിയുള്ള ഏതൊരാളുടെയും കണ്ണുനിറച്ചു. എന്നാല്‍ ഇരിക്കൂര്‍ സ്വദേശിയായ ഫാറൂഖ് അഹമ്മദ് ആ സംഭവത്തെ വെറും വാര്‍ത്തയില്‍ ഒതുക്കാന്‍ തയാറായില്ല. അന്നുമുതല്‍ വയോജന സംരക്ഷണത്തിന് വേണ്ടി ഫാറൂഖ് തന്റെ പോരാട്ട യാത്ര തുടങ്ങി. വയസ് ഇപ്പോള്‍ 40 പിന്നിട്ടിട്ടും ഫാറൂഖ് ഇപ്പോഴും പോരാട്ടത്തിലാണ്. തിരിച്ച് യാതൊന്നും ഫാറൂഖ് പ്രതിക്ഷിക്കുന്നില്ല. എന്നാല്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പാഠം പഠിപ്പിക്കുമെന്ന ദൃഢനിശ്ചയമുണ്ട്.
വയോജന സംരക്ഷണം, നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിവില്ലാതെയാണ് ഫാറൂഖ് പോരാട്ടം തുടങ്ങിയത്. അന്ന് കണ്ണൂര്‍ കലക്ടറായിരുന്ന പി. ബാലകിരണിന് നിരവധി നിവേദനങ്ങള്‍ നല്‍കി. 2007ലെ മെയിന്റനന്‍സ് വെല്‍ഫെയര്‍ ഓഫ് പാരന്‍സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്ട് കാര്യക്ഷമമായി നടപ്പാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
വയോജന ക്ഷേമകാര്യത്തില്‍ കലക്ടര്‍ മികച്ച രീതിയില്‍ ഇടപെട്ടതോടെ സസ്‌നേഹം പദ്ധതി രൂപമെടുത്തു. ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ മക്കളെ കണ്ടെത്തി അവരെ തിരികെ ഏല്‍പ്പിക്കുന്ന പദ്ധതിയാണിത്. അല്ലെങ്കില്‍ അവരില്‍ നിന്ന് മാസം 10,000 രൂപ ജീവനാംശമായി രക്ഷിതാക്കള്‍ക്കു വാങ്ങിച്ചെടുക്കാനും സാധിക്കും. സംസ്ഥാനത്തെ ക്ഷേമകാര്യത്തിന് മുന്നില്‍ അഭിമാനമായിരുന്നു കണ്ണൂരിന്റെ ഈ പദ്ധതി.
ഇത് സംസ്ഥാനത്താകെ നടപ്പാക്കാനുള്ള ശ്രമവും ഫാറൂഖ് നടത്തി. അന്ന് മന്ത്രി കെ.കെ ശൈലജയ്ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയാറാകാത്ത മക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഉത്തരവിട്ടു. ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളെ കണ്ടെത്തണമെന്നും വൃദ്ധസദനങ്ങളില്‍ താമസിക്കുന്ന മാതാപിതാക്കളെ തിരികെ ബന്ധുക്കളുടെ അടുത്തെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ സാമൂഹിക നീതി ഓഫിസര്‍മാര്‍ക്കും ആര്‍.ഡി.ഒമാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും നല്‍കിയ ഉത്തരവില്‍ പറഞ്ഞു. ഇത് ഫാറൂഖിന്റെ പോരാട്ട വിജയമായിരുന്നു. ഇരിക്കൂറിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കയാക്കൂല്‍ അഹമ്മദ് കുട്ടി, അലീമ എന്നിവരുടെ മകനാണു ഫാറൂഖ്. ചെറുപ്പത്തില്‍ തന്നെ ഫാറൂഖിന് മാതാപിതാക്കളെ നഷ്ടമായി. സഹോദരങ്ങളുടെ കൂടെയാണ് താമസം.
ഫാറൂഖിന്റെ ഇടപെടലില്‍ വയോജന കേന്ദ്രങ്ങളില്‍നിന്നു ഒരുപാട് മാതാപിതാക്കള്‍ പുനരധിവസിക്കപ്പെട്ടു. എന്നാല്‍ വീടുകളിലേക്ക് മടങ്ങിയെത്തിയ ഇവരുടെ നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണമെന്ന് ഫാറൂഖ് പിന്നീട് ആവശ്യമുയര്‍ത്തി. ഇതിനായുള്ള പോരാട്ടം തുടരുകയാണ്. '' നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കണം. ഇപ്പോഴും നിരവധി മാതാപിതാക്കള്‍ സ്വന്തം മക്കളില്‍നിന്ന് കടുത്ത ക്രൂരതക്ക് ഇരയായി വൃദ്ധ സദനങ്ങളിലും മറ്റും കഴിയുകയാണ്. ഇത് നിയമം നടപ്പാക്കുവാന്‍ ബാധ്യസ്ഥരായവരുടെ അലംഭാവമാണ്. ഇതിനൊരു മാറ്റം വേണമെങ്കില്‍ നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കണം. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവം ഒരു സാമൂഹിക വിഷയമാണ്. അതിനാല്‍ ഈ കാര്യത്തില്‍ സമൂഹ മനസാക്ഷികളുടെ ശബ്ദം അനിവാര്യമാണ്. അതിനായി മരണം വരെ പോരാട്ടപാതയിലുണ്ടാകുമെന്നും ഫാറൂഖ് പറഞ്ഞവസാനിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."