ഇസ്റാഈൽ - ഹമാസ് യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇന്ത്യക്കാരോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം
ഇസ്റാഈൽ - ഹമാസ് യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇന്ത്യക്കാരോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം
ന്യൂഡല്‍ഹി: ഇസ്റാഈൽ - ഹമാസ് യുദ്ധ സാഹചര്യത്തെ തുടർന്ന് ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 18,000 ത്തോളം ഇന്ത്യക്കാർ ഇസ്റാഈലിൽ ഉണ്ടെന്നാണ് കണക്ക്. യുദ്ധ സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഇസ്റാഈലിൽ ഉള്ള ഇന്ത്യക്കാരിൽ ധാരാളം മലയാളികളും ഉള്ളതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇവരുടെ കാര്യത്തിൽ മന്ത്രാലയം ഇടപെടൽ നടത്തുന്നുണ്ട്. ജോലി ആവശ്യത്തിനായും മറ്റു ആവശ്യങ്ങൾക്കായും പുറത്തിറങ്ങാതെ സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം ഏതാനും മലയാളികൾ ബങ്കറിലേക്ക് മാറിയതായി സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.
അതേസമയം, കനത്ത യുദ്ധത്തിലേക്ക് നീങ്ങുകയാണ് പശ്ചിമേഷ്യ. ഇസ്റാഈൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. ആക്രമണത്തിൽ 20 ഇസ്റാഈലികൾ കൊല്ലപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്റാഈൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്റാഈൽ അടിയന്തിര ഉന്നത തല യോഗം ചേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."