അക്കാദമിക് ക്രെഡിറ്റ് ബാങ്ക്: വേണം തുറന്ന സമീപനം
ഡോ. എം. ഉസ്മാന്‍
പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിത്തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ജുലൈ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കാന്‍ പോന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയുണ്ടായി. തൊട്ടുതലേ ദിവസം ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക വഴി ഇതു നിയമപരമായി നിലവില്‍വന്നു. ഉന്നതവിദ്യാഭ്യാസം കൂടുതല്‍ സമഗ്രവും മള്‍ട്ടി ഡിസിപ്ലിനറിയുമായി പരിഷ്‌കരിക്കുന്നതിനു 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവച്ച ഒരു പ്രധാന ഉപാധിയാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. ഇന്ത്യയില്‍ ഏറെ പരിചിതമല്ലെങ്കിലും അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, കാനഡ, ആസ്‌ത്രേലിയ, ചൈന, ദ. കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ളതാണ് ഈ സംവിധാനം. ഉന്നതവിദ്യാഭ്യാസമേഖല ഒന്നാകെ സ്വകാര്യവല്‍ക്കരിക്കുന്നതിനും വിദേശ സര്‍വകലാശാലകള്‍ക്ക് തുറന്നുകൊടുക്കുന്നതിനും ആക്കംകൂട്ടുന്ന നടപടിയായി ഇതിനെ കാണുന്നവര്‍ ഒരുഭാഗത്തും ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒറ്റമൂലിയായി ഇതിനെ നിര്‍ദേശിക്കുന്നവര്‍ മറുഭാഗത്തും ചേര്‍ന്ന് സംവാദങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ കൊവിഡ്മൂലം ഏറെ മാറ്റങ്ങള്‍ക്ക് വിദ്യാഭ്യാസരംഗവും വിധേയമായ സാഹചര്യത്തില്‍ ഈ സംവിധാനത്തെ എങ്ങനെ ഗുണപരമായി ഉപയോഗപ്പെടുത്താമെന്ന അന്വേഷണത്തിനാണ് കൂടുതല്‍ പ്രസക്തിയെന്ന് നാം കാണേണ്ടിയിരിക്കുന്നു.
2019 ഡിസംബറില്‍ അക്കാദമിക് ക്രെഡിറ്റ് ബാങ്കിനെക്കുറിച്ച് അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ഒരു കുറിപ്പ് പുറത്തിറക്കിയതോടെയാണ് ഇന്ത്യയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ യു.ജി.സിക്കു കീഴില്‍ സ്ഥാപിക്കുന്ന ഒരു ഓണ്‍ലൈന്‍ അഥവാ വെര്‍ച്വല്‍ സംവിധാനമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. രാജ്യത്തെ സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി ഇതില്‍ അംഗത്വം നേടാം. ഒരു വാണിജ്യബാങ്കിലെ അക്കൗണ്ട് ഉപയോഗിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉപരിപഠനത്തിന്റെ ഭാഗമായി ലഭിച്ച അക്കാദമിക് ക്രെഡിറ്റുകള്‍ ഈ ക്രെഡിറ്റ് ബാങ്കില്‍ നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുകയും ഡിഗ്രി സമ്പാദനത്തിനായി വീണ്ടെടുത്ത് ഉപയോഗിക്കുകയും ചെയ്യാം. ഈ ക്രെഡിറ്റ് ബാങ്കില്‍ അംഗത്വമുള്ള സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും കാരണവശാല്‍ തങ്ങളുടെ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താതെ മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്ന് പുതിയൊരു കോഴ്‌സിനു പഠിക്കാന്‍ കഴിയും. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ക്കിടയിലും പഠന പ്രോഗ്രാമുകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന ചലനാത്മകതയാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ മേന്മ. ഇതനുസരിച്ച് വ്യവസ്ഥകള്‍ക്കു വിധേയമായി പരമ്പരാഗത കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കു പോലും അതുവരെ പഠിച്ചു നേടിയ ക്രെഡിറ്റുകള്‍ പ്രൊഫഷണല്‍ തൊഴിലധിഷ്ഠിത യോഗ്യതകള്‍ നേടാന്‍ ഉപകാരപ്പെടും. പ്രൊഫഷണല്‍ കോഴ്‌സുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താതെ പരമ്പരാഗത കോഴ്‌സുകളില്‍ പ്രവേശനം നേടി ബിരുദം നേടാനും ഇത് അവസരമൊരുക്കും.
പഠന പ്രോഗ്രാമുകളുടെ ക്രെഡിറ്റാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഇത് ഇപ്പോള്‍ തന്നെ നമ്മുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവശ്യഘടകമായി മാറിക്കഴിഞ്ഞു. ആഴ്ചയില്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ തിയറി, ഒരു മണിക്കൂര്‍ ട്യൂട്ടോറിയല്‍, രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍, അല്ലെങ്കില്‍ ഒരാഴ്ച നീളുന്ന ഇന്റേണ്‍ഷിപ്പ് എന്ന നിലയില്‍ 13 മുതല്‍ 15 വരെ ആഴ്ചകള്‍ നീളുന്ന ഒരു സെമസ്റ്ററില്‍ ഒരു വിഷയം അഥവാ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്കാണ് ഒരു ക്രെഡിറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടാവുക. ഇത്തരത്തില്‍ വിദ്യാര്‍ഥി നേടുന്ന ക്രെഡിറ്റുകളാണ് സ്ഥാപനം വഴി അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ നിക്ഷിപ്തമാവുക. ഓരോ ക്രെഡിറ്റിനും ഏഴുവര്‍ഷം വരെ കാലാവധിയുണ്ടാകും. കോഴ്‌സ് പൂര്‍ത്തിയാക്കാതെ വിദ്യാര്‍ഥി സ്ഥാപനം വിടേണ്ടിവന്നാലും ഇക്കാലയളവിനുള്ളില്‍ മറ്റൊരു സ്ഥാപനത്തില്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഇതേ കോഴ്‌സിനോ ഈ ക്രെഡിറ്റ് സ്വീകാര്യമായ മറ്റൊരു കോഴ്‌സിനോ ചേര്‍ന്നു പഠിക്കുകയും നിക്ഷേപിച്ച ക്രെഡിറ്റ് വീണ്ടെടുത്തു ബിരുദം നേടാനും കഴിയും. ഇതനുസരിച്ച് മൂന്നുവര്‍ഷ ബിരുദ കോഴ്‌സിനു ചേര്‍ന്ന് രണ്ടാംവര്‍ഷം പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥിക്ക് സൗകര്യപ്രദമായ ഇടവേളയ്ക്കു ശേഷം മറ്റൊരു സ്ഥാപനത്തിലോ ഇതേ സ്ഥാപനത്തിലോ ഈ ക്രെഡിറ്റ് സ്വീകാര്യമായ മറ്റൊരു പഠന പ്രോഗ്രാമിനു ചേര്‍ന്ന് പഠനം പൂര്‍ത്തീകരിക്കാം.
വിവിധ പഠനശാഖകള്‍ക്കിടയിലും സ്ഥാപനങ്ങള്‍ക്കിടയിലുമുള്ള ഈ ചലനാത്മകതയാണ് അക്കാദമി ക്രെഡിറ്റ് ബാങ്കിങ് സമ്പ്രദായത്തെ വിദേശരാജ്യങ്ങളില്‍ ഏറെ പ്രിയങ്കരമാക്കിയത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് റിജിഡിറ്റിക്ക് പരിഹാരം കാണുകയും വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് ഇണങ്ങിയ വേഗത്തില്‍ അഭിരുചിയുള്ള വിഷയങ്ങള്‍ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് എന്നിവ നടപ്പാക്കുകവഴി പഠനത്തെ കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കാന്‍ ഇതുവഴി കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആജീവനാന്ത പഠനം എന്ന ആശയത്തിന്റെ പ്രയോഗവല്‍ക്കരണവും ഇത് ഉന്നംവയ്ക്കുന്നു.
എന്നാല്‍, ആയിരത്തിലധികം സര്‍വകലാശാലകളും പന്ത്രണ്ടായിരത്തോളം സ്വയംഭരണ സ്ഥാപനങ്ങളും നാല്‍പത്തയ്യായിരത്തോളം കോളജുകളും നാലു കോടിയോളം വിദ്യാര്‍ഥികളുമുള്ള ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തികഞ്ഞ അവധാനതയോടെയാകണം ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത്. ഇതുവരെയുള്ള നീക്കങ്ങളുടെയും സംസ്ഥാനങ്ങളോടുള്ള സമീപനത്തിന്റെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഉദ്ദേശശുദ്ധിയെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ അംഗത്വമെടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഏറെ സ്വാഗതാര്‍ഹമാണെന്നു പറയേണ്ടിവരും. എ ഗ്രേഡോടെ നാക് അക്രഡിറ്റേഷന്‍, നിശ്ചിത തലത്തിലുള്ള എന്‍.ബി.എ അക്രഡിറ്റേഷന്‍, എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ 100 വരെയുള്ള സ്ഥാനം, ലോകറാങ്കിങ്ങില്‍ 1000 വരെയുള്ള സ്ഥാനം, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനിനന്‍സ് പദവി, ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്ന അംഗീകാരം തുടങ്ങിയവയിലേതെങ്കിലുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ നിലവില്‍ ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിയൂ. ഈ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സര്‍വകലാശാലകള്‍ക്കും ഓട്ടോണമസ് കോളജുകള്‍ക്കും അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ പങ്കാളികളാകാം
അക്കാദമിക് ക്രെഡിറ്റ് ബാങ്കിനെക്കുറിച്ചുള്ള കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍ ആശാവഹമാണെന്ന് പറയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിനോടുള്ള സമീപനമാകാം ഇതിനു കാരണം. പദ്ധതിയില്‍ ചേരുന്നത് ഐച്ഛികമാണെങ്കിലും കേന്ദ്രനിയമത്തെ ഒരു സംസ്ഥാനത്തിനു നിയമംകൊണ്ട് മറികടക്കാനോ പരിഷ്‌കരണങ്ങള്‍ക്കു നേരെ അധികകാലം മുഖം തിരിച്ചുനില്‍ക്കാനോ കഴിയില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിനു പുറത്തും വിദേശത്തും ഉപരിപഠനം നടത്തുന്നുണ്ടെന്ന വസ്തുതകൂടി പരിഗണിക്കേണ്ടതുണ്ട്. ലഭ്യമായ കണക്കുകളനുസരിച്ച് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ നമുക്കിതുവരെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സുതാര്യവും കാര്യക്ഷമവുമായ ഒരു ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സമ്പ്രദായം ഇവര്‍ക്ക് അഭിരുചിയുള്ള വിഷയങ്ങളിലോ തൊഴില്‍ പരിശീലനത്തിലോ യോഗ്യതകള്‍ നേടാന്‍ ഏറെ സഹായകരമാകും. മാനവവിഭവശേഷിയുടെ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍ കമ്പോളത്തില്‍ സംസ്ഥാനത്തിന്റെ മേല്‍ക്കൈ നിലനിര്‍ത്താനും ഇതുകൊണ്ട് സാധിക്കും.
വിദേശ സര്‍വകലാശാലകളുമായുള്ള അക്കാദമിക് ക്രെഡിറ്റ് വിനിമയത്തെ വിദേശ കറന്‍സി വിനിമയവുമായി താരതമ്യം ചെയ്യുന്നത് കാര്യങ്ങളെ അതി ലളിതവല്‍ക്കരിക്കുന്നതിനും ഇക്കാര്യത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതിനുമിടയാക്കും. ശ്രേഷ്ഠ സ്ഥാപനങ്ങളും ശരാശരി നിലവാരമുള്ള സ്ഥാപനങ്ങളും തമ്മില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിലുള്ള അന്തരം ആഗോളതലത്തില്‍ തന്നെയുള്ളതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കര്‍ണാടക പുതിയ പരിഷ്‌കാരത്തെ സ്വാഗതം ചെയ്തതിനു പിന്നില്‍ രാഷ്ട്രീയത്തെക്കാളേറെ മറ്റു കാരണങ്ങളുമുണ്ട്. ഓട്ടോണമസ് കോളജുകള്‍, ഓപണ്‍ യൂനിവേഴ്‌സിറ്റി എന്നിവയോട് ഏറെക്കാലം മുഖംതിരിച്ചു നിന്നെങ്കിലും പിന്നീട് സ്വീകരിക്കേണ്ടി വന്നതില്‍ നിന്നുള്ള പാഠങ്ങള്‍ അക്കാദമിക് ക്രെഡിറ്റ് ബാങ്കിനോടുള്ള സമീപനം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ സംസ്ഥാനത്തിനു സഹായകരമാകണം. കേരളത്തിലെ എല്ലാ ഓട്ടോണമസ് കോളജുകള്‍ക്കും നാക് എ ഗ്രേഡ് ലഭിച്ചിട്ടുള്ള സര്‍വകലാശാലകള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലും കേരള സര്‍ക്കാരും മുന്‍കൈയെടുക്കേണ്ടതുണ്ട്. കേരളത്തിലെ സര്‍വകലാശാലാ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
(കേരളാ പ്രൈവറ്റ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."