ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു, എന്നാല്‍ രാജ്യം വിട്ടു പോകാന്‍ സമയപരിധി നിശ്ചയിച്ചില്ല; താലിബാന് മുന്നറിയിപ്പുകള്‍ക്കിടെ യു.എസ്
കാബൂള്‍: അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ രാജ്യം വിട്ടുപോകാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അമേരിക്ക. ആഗസ്റ്റ് മുപ്പത്തിയൊന്നോടു കൂടി വിദേശ സൈന്യം അന്ത്യശാസനം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
സൈന്യത്തെയും പൗരന്മാരെയും പൂര്‍ണമായും ഒഴിപ്പിക്കുന്നത് ആഗസ്റ്റ് കഴിഞ്ഞും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന് വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുമെന്നും, വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് വരെ ഒഴിപ്പിക്കല്‍ തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഭീകരാക്രമണ സാധ്യത മുന്നില്‍കണ്ട് കാബുള്‍ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ വരുന്നത് അമേരിക്ക താത്കാലികമായി വിലക്കിയിരിക്കുകയാണ്.
അമേരിക്കയുടെയും നാറ്റോയുടെയും പതിനായിരത്തോളം സൈനികരാണ് അഫ്ഗാനിലുള്ളത്. ഇവര്‍ക്കു പുറമെ വിദേശ സിവിലിയന്മാരും രാജ്യം വിടാന്‍ കാത്തുകിടക്കുകയാണ്. ഇവരെല്ലാവരെയും മാസാവസാനത്തോടെ പുറത്ത് എത്തിക്കാനാകുമോ എന്നുള്ള കാര്യം സംശയകരമാണ്. എണ്‍പതിനായിരത്തോളം പേര് ഇതുവരെയായി അഫ്ഗാനില്‍ നിന്നും പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."