'കടല്‍ദാഹത്തിലേക്ക് ഒരിറ്റു വെള്ളം'; റഫ അതിര്‍ത്തി തുറന്നു, ഗസ്സയിലേക്ക് സഹായവുമായി ട്രക്കുകള്‍ എത്തിത്തുടങ്ങി
'കടല്‍ദാഹത്തിലേക്ക് ഒരിറ്റു വെള്ളം'; റഫ അതിര്‍ത്തി തുറന്നു, ഗസ്സയിലേക്ക് സഹായവുമായി ട്രക്കുകള്‍ എത്തിത്തുടങ്ങി
കെയ്‌റോ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ റഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്ന വിവരം ഫലസ്തീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 ട്രക്കുകളിലായെത്തുന്ന സഹായം ഗസ്സയുിലെ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ കടലില്‍ നിന്നുള്ള ഒരു തുള്ളിയെന്നേ പറയാന്‍ കഴിയൂ എന്ന് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പറയുന്നു.
അതിര്‍ത്തി തുറന്ന് സഹായവുമായെത്തിയ ട്രക്കുകള്‍ ഫലസ്തീനിലേക്ക് കടക്കുന്നതിന്റെ വിഡിയോ ചില ഈജിപ്ഷ്യന്‍ പ്രാദേശിക ചാനലുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. യു.എന്‍ സെക്രട്ടറി ജനറലും അതിര്‍ത്തി തുറക്കുന്ന വിവരം അറിയിച്ചിരുന്നു. വൈകാതെ യു.എന്‍ സഹായം ഗസ്സയിലേക്ക് എത്തുമെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറലിന്റെ ട്വീറ്റ്. റഫ അതിര്‍ത്തി തുറക്കുമെന്ന അറിയിപ്പുമായി യു.എസും രംഗത്തെത്തിയിരുന്നു. ജറുസലേമിലെ യു.എസ് എംബസിയാണ് അറിയിപ്പ് നല്‍കിയത്. പ്രാദേശിക സമയം 10 മണിക്ക് ബോര്‍ഡര്‍ തുറക്കുമെന്നായിരുന്നു അറിയിപ്പ്. റഫ അതിര്‍ത്തിയിലൂടെ വിദേശപൗരന്‍മാരെ പുറത്തെത്തിക്കുമെന്ന സൂചനയും യു.എസ് നല്‍കിയിരുന്നു.
അതേസമയം, ഗസ്സക്കു നേരെയുള്ള ഇസ്‌റാഈൽ വ്യോമാക്രമണം ഇടതടവില്ലാതെ തുടരുകയാണ്. രണ്ട് അമേരിക്കൻ ബന്ദികളെ വിട്ടയച്ചിട്ടും ആക്രമണത്തിൽ അയവില്ല. ഇന്ന് പുലർച്ചെ ഗസ്സ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ റഫ സിറ്റിയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ജബലിയ നഗരത്തിൽ 14 പേരും കൊല്ലപ്പെട്ടതായി വഫ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യ 14ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ 4200ഓളം ആയെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട കണക്ക്. എന്നാൽ അതിലേറെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചവരിൽ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 352 പേരാണ് കൊല്ലപ്പെട്ടത്. 1,000ത്തിലധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തകർത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
ഗസ്സയിൽ ഏകദേശം 14 ലക്ഷം ആളുകളാണ് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടത്. 5,44,000ത്തിലധികം ആളുകൾ യുഎൻ നിയന്ത്രണത്തിലുള്ള 147 എമർജൻസി ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. ഗസ്സയിലെ പാർപ്പിട മന്ത്രാലയം റിപ്പോർട്ടനുസരിച്ച് ഇതുവരെ ഗസ്സ മുനമ്പിലെ കുറഞ്ഞത് 30 ശതമാനം വീടുകൾ ഇസ്‌റാഈൽ മുഴുവനായോ ഭാഗികമായോ തകർത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."