സഹകരണ നിയമനവും പാര്‍ട്ടി വഴി; സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും പിന്‍വാതില്‍ നിയമനം, ആനാവൂരിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്കിയ കത്ത് പുറത്ത്. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നല്കിയ കത്താണ് പുറത്തുവന്നത്. ആറ്റന്ഡര് നിയമനം ഇപ്പോള്‍ നടത്തേണ്ടെന്നും ബാങ്ക് ഭരണസമിതിയോട് കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കത്ത് നല്‍കിയത്. ആനാവൂര്‍ നാഗപ്പന്റെ പേരും ഒപ്പും കത്തില്‍ ഉണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്‍കിയത്. ഈ ശുപാര്‍ശക്കത്തില്‍ പറയുന്ന മൂന്നു പേരും അതതു തസ്തികകളില്‍ നിലവില്‍ മെര്‍ക്കന്റയില്‍ സഹകരണ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.
കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടിപ്പട്ടിക തേടി ആനാവൂര്‍ നാഗപ്പന് നേരത്തെ മേയറുടെ പേരില്‍ വന്ന കത്തിന്റെ അന്വേഷണത്തിനിടെയാണ് പുതിയ വിവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."