ചരണ്‍ജിത് സിങ് ചന്നി: വിവാദങ്ങള്‍ നിരവധി
ന്യൂഡല്‍ഹി: സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, സുനില്‍ ജക്കാര്‍ തുടങ്ങി പഞ്ചാബ് കോണ്‍ഗ്രസിലെ വമ്പന്‍മാരെ മറികടന്നാണ് താരതമ്യേന രണ്ടാംനിരക്കാരനായി പരിഗണിച്ചിരുന്ന ചരണ്‍ജിത് സിങ് ചന്നിക്ക് മുഖ്യമന്ത്രി സ്ഥാനം നില്‍കിയത്. 2000ത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ചന്നിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്. 2007ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. 2010 ഡിസംബറില്‍ അമരീന്ദര്‍ സിങ്ങാണ് ചന്നിയെ വീണ്ടും കോണ്‍ഗ്രസിലെത്തിച്ചത്.
പിന്നാലെ 2017ല്‍ അമരീന്ദര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തില്‍ ഒരു ഭാഗത്തും ചേരാതിരുന്നതാണ് ചന്നിക്ക് മുഖ്യമന്ത്രി പദം ഉറപ്പാക്കിയത്. നിരവധി വിവാദങ്ങള്‍ ചന്നിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. 2018ല്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീലസന്ദേശമയച്ചതാണ് അതിലൊന്ന്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതോടെ ഐ.എ.എസ് ഉദ്യോഗസ്ഥ പരാതി നല്‍കിയില്ല. അതോടെ പ്രശ്‌നം ഏതാണ്ട് തീര്‍ന്നെങ്കിലും ഈ വര്‍ഷം മെയില്‍ വനിതാ കമ്മിഷന്‍ വിഷയം ഏറ്റെടുത്തതോടെ സംഭവം വീണ്ടും സജീവമായിരുന്നു.
ജ്യോത്സ്യന്‍മാരുടെ ഉപദേശത്തിന് പിന്നാലെപോയി നിരവധി വിവാദങ്ങളും ചന്നി ഉണ്ടാക്കിയിട്ടുണ്ട്. ജ്യോത്സ്യന്റെ ഉപദേശം കേട്ട് രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ ഔദ്യോഗിക വസതിയുടെ പിന്നിലൂടെ പ്രവേശിക്കാന്‍ നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചതാണ് ഇതിലൊന്ന്. തൊട്ടുപിന്നാലെ ചണ്ഡിഗഡ് ഭരണകൂടം റോഡ് പൊളിച്ചു കളഞ്ഞു. വീട്ടുമുറ്റത്ത് ആനപ്പുറത്ത് കയറിയിരുന്നതാണ് മറ്റൊന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."