അസമില്‍ നടന്നത് അബദ്ധമല്ല, കൊടുംക്രൂരത
അസമിലെ സിപാജറിലെ ധോല്‍പൂരില്‍ പൊലിസ് നടത്തിയ വെടിവയ്പ്പിന്റെയും നരനായാട്ടിന്റെയും ഭീകരവിഡിയോ ദൃശ്യങ്ങള്‍ കണ്ട് രാജ്യമാകെ ഞെട്ടിയിരിക്കുകയാണ്. തികച്ചും അവിശ്വസനീയമായിരുന്നു ആ കാഴ്ചകള്‍. തീര്‍ത്തും നീതികെട്ട രീതിയിലായിരുന്നു പൊലിസിന്റെ പെരുമാറ്റം. ഒരു സാധാരണ പൗരന്റെ നെഞ്ചത്തേക്ക് വെടിവയ്ക്കുന്നത് കണ്ടാല്‍ പൊലിസ് ഏതോ ടാര്‍ഗറ്റ് പരിശീലനം നടത്തുകയാണെന്ന് തോന്നിപ്പോവും. അത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ജാലിയന്‍വാലാബാഗിനെപ്പോലും നാണിപ്പിക്കുന്നതായിരുന്നു അസമിലെ പൊലിസ് വെടിവയ്പ്പ്.
സംഭവത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെക്കൊണ്ട് ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്. ആ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാന്‍ സമയമെടുക്കും. വന്നാല്‍ തന്നെ അത് സ്വീകരിക്കണമോ അതോ അതിന്റെ മേലെകിടന്നുറങ്ങണമെന്നോ എന്ന കാര്യം സര്‍ക്കാരിന്റെ മാത്രം തീരുമാനമായിരിക്കും. ഒരു മുന്‍കാല പൊലിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നത് വായനക്കാരും ചിലതു മനസ്സിലാക്കേണ്ടതുണ്ടെന്നാണ്. തികച്ചും ഔദ്യോഗിക പക്ഷത്തുനിന്ന് കൊണ്ടുതന്നെ. അസമില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലിസിന് പ്രത്യക്ഷത്തില്‍ എവിടെയാണ് പിഴച്ചതെന്ന് അറിയേണ്ടതുണ്ട്.
കോളനി മനോഭാവവും ധാര്‍ഷ്ട്യവും
വാദത്തിനുവേണ്ടിയെങ്കിലും വിഷയത്തിന്റെ ചരിത്രത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ പോകാതെ തന്നെ ഒരു നിമിഷത്തേയ്ക്ക് അവരെല്ലാം അനധികൃത കൈയേറ്റക്കാരാണെന്ന് കരുതുക. സംസ്ഥാന സര്‍ക്കാരിന് അവരെ ഒഴിപ്പിക്കാന്‍ നിയമപരമായി സര്‍വാധികാരവും ഉണ്ടായിരിക്കും. ജനത്തിന് അതിനെതിരേ പ്രതിഷേധിക്കാനുള്ള അധികാരവുമുണ്ടെന്നിരിക്കെ ജനത്തെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിന് എങ്ങനെയാണ് കിട്ടിയത്. നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധങ്ങളെ ഒരു പൊലിസ് പ്രശ്‌നമായിട്ടാണ് കരുതുന്നത്. പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ട ഒന്നാണ് എന്നാണ്. നിയമപരമായ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഭരണകൂടം കുടിയേറ്റക്കാരുടെ പാര്‍പ്പിടങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങി. അവരെ പുനരധിവസിപ്പിക്കാന്‍ പോലു തയാറാകാതെയാണ് അവരുടെ വീടുകള്‍ നശിപ്പിച്ചത്. ദി വയറിന്റെ സംഗീത ബറൂവ പിഷാരാടി റിപ്പേര്‍ട്ട് ചെയ്തത് കുടിയേറ്റ കുടുംബങ്ങള്‍ക്ക് മാറിതാമസിക്കാന്‍ സ്ഥലം സജ്ജമായിരുന്നു. അവര്‍ തങ്ങളുടെ വീടുകള്‍ അഴിച്ചെടുത്ത് മാറിതാമസിക്കാന്‍ തയാറായിരുന്നു. വീട് പൊളിച്ച് കിട്ടുന്ന ടിന്‍ഷീറ്റുകളും മറ്റു സാമഗ്രികളും തങ്ങളുടെ പുതിയ വാസസ്ഥലത്ത് വീടുണ്ടാക്കാന്‍ പാവങ്ങള്‍ കരുതിവച്ചതായിരുന്നു. അവിടെയാണ് ഹൃദയശൂന്യമായ ധിക്കാരി സര്‍ക്കാര്‍ അവര്‍ക്ക് ആ അവസരവും നിഷേധിച്ചത്.
നടപടിക്രമങ്ങളിലെ അതിക്രമം
നിരവധി തവണ സംഭവിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് ഇവിടെയും പൊലിസും സര്‍ക്കാരും പറയുന്നത്. ആത്മരക്ഷാര്‍ത്ഥമാണ് തങ്ങള്‍ വെടിവച്ചതെന്നാണ്. അസം വെടിവയ്പ്പിന്റെ വിഡിയോ കണ്ടാല്‍ അറിയാം വെടിയേറ്റുമരിച്ചയാള്‍ ഒരു വടിയെടുത്ത് പൊലിസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പക്ഷെ പൊലിസിന് എങ്ങനെ അയാളെ വെടിവയ്ക്കാന്‍ തോന്നി. ഒരു വടിയെടുത്ത് ഒറ്റയ്ക്ക് ഓടിവരുന്നയൊരാളെ പൊലിസ് ബാറ്റണ്‍കൊണ്ട് തടയാന്‍ പറ്റാത്തവിധം അപകടകാരിയാണോ. അയാളെ വെടിവച്ചിടുന്നത് മാത്രമാണോ ഒരു വഴി.
മൂന്നു തീര്‍പ്പുകളാണ് അതിനുള്ളത്, ഒന്നുകില്‍ പൊലിസ് ബാറ്റണുകള്‍ ഉപയോഗശൂന്യമാണ്. അല്ലെങ്കില്‍ പൊലിസിന് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനറിയില്ല. അതുമല്ലെങ്കില്‍ ഇവരെല്ലാം സന്തോഷത്തോടെ കൊല്ലുന്നവരാണ്. കാരണം അവര്‍ക്കറിയാം ഇതില്‍ നിന്നെല്ലാം അവര്‍ അനായാസം ഊരിപ്പോരുമെന്ന്. പൊലിസിന്റെ അഭിപ്രായത്തില്‍ അവരുടെ പോളി കാര്‍ബണേറ്റ് ബാറ്റണുകള്‍ മരത്തിന്റെ വടിക്ക് മുന്നില്‍ നിഷ്‌ക്രിയമാണെങ്കില്‍ പിന്നെ എന്തിനാണ് പൊലിസിനെ അധുനികവല്‍ക്കരിക്കാനുള്ള സ്ഥാപനമായ ബ്യൂറോ ഓഫ് പൊലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പതിറ്റാണ്ടുകളായിട്ടും ബാറ്റണുകള്‍ ഉപേക്ഷിക്കാതിരുന്നത്.
ഇനി കൊലപാതകകുറ്റത്തില്‍ നിന്നെല്ലാം രക്ഷപ്പെടുമെന്നാണ് കരുതുന്നതെങ്കില്‍ അതെല്ലാം അര്‍ത്ഥമാക്കുന്നത് നമ്മുടെ ജനാധിപത്യം മുഴുവനും കപട്യം നിറഞ്ഞതും പ്രഹസനവുമാണെന്നാണ്. ഒരു അരിവാളോ മണ്‍വെട്ടിയോ കൈയിലുണ്ടെന്ന് കരുതി ആരെയും കൊല്ലാനുള്ള അധികാരം പൊലിസിനില്ല. അങ്ങനെ ബുദ്ധിശ്യൂന്യമായ ലോജിക്കിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കൊല്ലാനിറങ്ങിയാല്‍ ഈ രാജ്യത്തെ എല്ലാ കര്‍ഷകരെയും പൊലിസിന് കൊല്ലേണ്ടി വരും. പൊലിസും സര്‍ക്കാര്‍ ഡോക്ടര്‍മാരും ചേര്‍ന്ന് തങ്ങളുടെ തിരക്കഥയ്ക്കനുസരിച്ച് മെഡിക്കല്‍ ലീഗല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റിയെഴുതുന്നവരാണ്. ഫോറന്‍സിക് വിദഗ്ധരുടെ സ്വതന്ത്രപാനലിനെക്കൊണ്ട് പൊലിസ് അതിക്രമത്തില്‍ പരുക്കേറ്റ പൊലിസുകാരുടെ മുറിവുകള്‍ പരിശോധിക്കേണ്ടതാണ്. കാരണം ഇതെല്ലാം പ്രതിഷേധകരുടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നിയമപ്രകാരം പ്രതിഷേധകരെ ഒരു നിശ്ചിത അകലത്തില്‍ നിര്‍ത്തേണ്ടതാണ്. ഇത്തരം ഒഴിപ്പിക്കലുകള്‍ വലിയ സംഘര്‍ഷമുണ്ടാക്കുമെന്നറിഞ്ഞിട്ടും കണ്ണീര്‍വാതകം ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. അത് ചിരിച്ചു തള്ളാവുന്നതാണ്. ഒരു വിശാലമായ ഇടത്ത് ടിയര്‍ഗ്യാസ് പെട്ടെന്ന് അലിഞ്ഞുപോകുമെന്നും നിര്‍ഗുണമാണെന്നും പൊലിസിന് അറിയാഞ്ഞിട്ടാണോ. അതുകൊണ്ടുതന്നെ വെടിവയ്പ്പിനെ മറയ്ക്കാനുള്ള ഒരു വാദം മാത്രമാണ് കണ്ണീര്‍വാതകം പ്രയോഗിച്ചു എന്നു പറയുന്നത്.
ഇനി പൊലിസിന്റെ എണ്ണം കുറവായിരുന്നോ എങ്കില്‍ ഉന്നത ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. ശിക്ഷ അവര്‍ക്കാണ് ലഭിക്കേണ്ടത്. അതല്ലാ മതിയായ എണ്ണത്തില്‍ പൊലിസുണ്ടായിരുന്നെങ്കില്‍ എന്തിനാണ് അവര്‍ വെടിവയ്ക്കാന്‍ ഇത്രയും ഉത്സാഹം കാണിച്ചത്. ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 129പ്രകാരം നിയമപരമല്ലാതെ കൂട്ടംകൂടിനില്‍ക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നിലവിലുള്ള നടപടികളിലൂടെ സാധ്യമാകാതെ വരുമ്പോഴാണ് ആത്മരക്ഷാര്‍ഥം വെടിവയ്ക്കുന്നത്. എന്തായാലും വെടിവയ്പ്പിലേക്ക് എത്തേണ്ടിവന്ന സാഹചര്യത്തിന്റെ ഓരോ ഘട്ടത്തെയും ദര്‍ശന്‍ സിങ്(2010) കേസിലെ സുപ്രിംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ കോടതിയില്‍ ബോധിപ്പിക്കേണ്ടതുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രതിഷേധകര്‍ എത്തും എന്നുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അവര്‍ വേണ്ടത്ര തയാറെടുപ്പുകള്‍ എടുത്തില്ല. ഇനി ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അത്തരം യാതൊരു അറിയിപ്പും നല്‍കിയില്ലെങ്കില്‍ അത് അവരുടെയും കുറ്റമാണ്. അതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം.
നന്ദിഗ്രാം വെടിവയ്പ്പിലുള്ള
ഹൈക്കോടതി കാഴ്ചപ്പാട്
ആത്മരക്ഷാര്‍ഥം വെടിവയ്ക്കാന്‍ പൊലിസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് തേടിയില്ല എന്നു മാത്രമല്ല. അവര്‍ മജിസ്‌ട്രേറ്റിനെ കൂടെ കൊണ്ടുവന്നതുപോലുമില്ല. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം എല്ലാ പൈശാചികതയ്ക്കും ഒരു ഒറ്റമൂലിയാണെന്നല്ല. 2007ലെ നന്ദിഗ്രാം വെടിവയ്പ്പില്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് വേണ്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 10, 000 എക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടന്ന ജനകീയ പ്രക്ഷോഭമായിരുന്നു അത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവോടു കൂടിയാണ് പ്രതിഷേധകരുടെ നേരെ പൊലിസ് വെടിവച്ചതെന്ന് സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വാദിച്ചു. എങ്കിലും മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിലനില്‍ക്കുന്നില്ലെന്നും പൊലിസ് വെടിവയ്പ്പു നടത്തിയത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പ്രസ്താവിച്ചു. സായുധ കലാപമോ യുദ്ധസമാനമായ സാഹചര്യമോ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമെ വെടിവയ്പ്പു പോലുള്ള നടപടികളിലേക്ക് പോകാന്‍ പാടുള്ളുവെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞത്.
സമാനതകളില്ലാത്ത ക്രൂരത
ശ്രീനഗറിലെയോ പൂഞ്ചിലെയോ തീവ്രവാദി-പട്ടാള സംഘട്ടനങ്ങളില്‍ പോലും ഇത്രയും വേഗത്തില്‍ വെടിയൊച്ച നാം കേട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലും മറ്റും അസമിലേത് ഇസ്‌ലാമോഫോബിയയുടെ ഭാഗമായുള്ള വെടിവയ്പ്പാണെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ഇപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. പക്ഷെ ഇതെല്ലാം വിരല്‍ചൂണ്ടുന്നത് പൊലിസിന്റെ മനോവൈകല്യമുള്ള പെരുമാറ്റത്തെയാണ്. ഇത് പരിശോധിച്ചേ മതിയാവൂ. വെടിയേറ്റുമരിച്ചയാളുടെ മൃതദേഹത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറുടെ മൃഗീയപെരുമാറ്റത്തെക്കുറിച്ച് ഇവിടെ പറയുന്നില്ല. അയാളൊരു സ്വകാര്യവ്യക്തിയാണല്ലോ. ഇവിടെ പൊലിസിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.
ലോകത്താകെയുള്ള എല്ലാ പൊലിസിനെയെടുത്താലും അവര്‍ക്കൊക്കെ വ്യക്തിപരമായി ഇഷ്ടമില്ലാത്തവരെയോ വെറുക്കുന്നവരെയോ നേരിടേണ്ടിവന്നാല്‍ അവര്‍ വളരെയധികം അക്രമാസക്തരാകുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അമേരിക്കയില്‍ ഇത് സര്‍വസാധാരണമാണ്. ഇതേവിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പഠനത്തിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. ന്യൂനപക്ഷ എത്‌നിക് ഗ്രൂപ്പില്‍പെട്ട, ഉദാഹരണത്തിന് കറുത്ത വംശജര്‍ക്ക് നേരെയാണ് അമേരിക്കയില്‍ കൂടുതല്‍ പൊലിസ് വെടിവയ്പ്പും അക്രമവും നടക്കുന്നത്.
അസമിലെ പൊലിസ് പരിഭ്രാന്തരായി വെടിവയ്ക്കുന്നതല്ല മറിച്ച് അവര്‍ മനപ്പൂര്‍വം വെടിവയ്ക്കുന്നതാണ് എന്നാണ്. ഇനി അവര്‍ പരിഭ്രാന്തരായി വെടിവയ്ക്കുകയാണെങ്കില്‍ അത് അവര്‍ക്ക് കിട്ടിയ മോശം പരിശീലനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ശിക്ഷ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഇത്തരം ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യും. ഏറ്റവും കുറഞ്ഞത് ഇത്തരം പോലിസ് ഉദ്യോഗസ്ഥരെ തങ്ങളുടെ മനോനില വീണ്ടെടുക്കുന്നത് വരെ കോടതി നിരായുധരാക്കണം. ഇത്തരം പൊലിസുകാര്‍ തോക്കും പിടിച്ച് പൊതുനിരത്തുകളില്‍ സാധാരണക്കാര്‍ക്ക് ഭീഷണിയാകരുത്.
(റിട്ട. ഐ.പി.എസ് ഓഫിസറും കേരളത്തിന്റെ മുന്‍ ഡി.ജി.പിയുമാണ് ലേഖകന്‍ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."