എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്? തീരുമാനം ഇന്ന്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് നല്‍കിയേക്കും. ഏറ്റവും കൂടുതല്‍ തുക ടാറ്റയുടെ ടെണ്ടറിലെന്നാണ് സൂചന. അമിത്ഷാ അധ്യക്ഷനായ സമിതി ഉടന്‍ തീരുമാനമെടുക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വാങ്ങുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായാണ് താല്‍പര്യപത്രം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍ . ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാനാണ് നീക്കം. 8.34 ലക്ഷം കോടി രൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ് ടാറ്റാ സണ്‍സ്.
ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും. എയര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഓഹരികള്‍ കൈവശമുണ്ടെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയായിരുന്നു എയര്‍ ഇന്ത്യയ്ക്കായുള്ള ടാറ്റാ ഗ്രൂപ്പിന്റെ പരിശ്രമം.
ടാറ്റാക്ക് പുറമേ മറ്റ് പലരും വിമാന കമ്പനിക്ക് ലേലത്തുക സമര്‍പ്പിച്ചതായി സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
2018 ല്‍ ആദ്യമായി എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര എയര്‍ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിന്‍വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും വില്‍പനക്ക് വച്ച സാഹചര്യത്തില്‍ ആണ് ടാറ്റാ മുന്നോട്ട് വന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.
1932ല്‍ ജെ.ആര്‍.ഡി ടാറ്റയാണ് എയര്‍ഇന്ത്യ സ്ഥാപിച്ചത്. ആദ്യം ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു പേര്. ആദ്യവിമാനം പറത്തിയത് കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു. 1948ല്‍ എയര്‍ഇന്ത്യ ഇന്റര്‍നാഷണല്‍ എന്നാക്കി പേരുമാറ്റി. 1953ല്‍ എയര്‍ഇന്ത്യ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും 1977 വരെ ടാറ്റ തന്നെയായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."