HOME
DETAILS
MAL
സ്‌കൂള്‍ തുറന്നാല്‍ ആദ്യമാസം ഹാജരും യൂനിഫോമും നിര്‍ബന്ധമല്ല
backup
October 01 2021 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യമാസം ഹാജരും യൂനിഫോമും നിര്‍ബന്ധമാക്കില്ല. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി (ക്യു.ഐ പി) യോഗത്തിലാണ് തീരുമാനം. ആദ്യദിവസങ്ങളില്‍ കുട്ടികളുടെ മാനസികസമ്മര്‍ദം ലഘൂകരിക്കാനുള്ള ക്ലാസുകളാണ് നല്‍കുക.
ഒന്ന് മുതല്‍ ഏഴ് വരെയും 10,12 ക്ലാസുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. മറ്റു ക്ലാസുകള്‍ നവംബര്‍ 15 മുതലായിരിക്കും ആരംഭിക്കുക. ഇതിനായുള്ള അന്തിമ മാര്‍ഗരേഖ ഈ മാസം അഞ്ചിന് പുറത്തിറക്കും. ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും മറ്റു ക്ലാസുകള്‍ മൂന്നുദിവസം കൂടുമ്പോഴുള്ള ഷിഫ്റ്റിലും ക്രമീകരിക്കും. പരമാവധി 30 കുട്ടികളായിരിക്കും ഒരു ക്ലാസില്‍ ഉണ്ടാവുക. കഴിയുമെങ്കില്‍ ഇത് ഇരുപതായി കുറയ്ക്കണം. രാവിലെ മുതല്‍ ഉച്ചവരെയായിരിക്കും ക്ലാസുകള്‍. കുട്ടികളെ സ്‌കൂളില്‍ വിടണോയെന്ന തീരുമാനം ആദ്യഘട്ടത്തില്‍ രക്ഷിതാക്കള്‍ക്ക് എടുക്കാം. രോഗാവസ്ഥയിലുള്ളവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുമായ കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. കുട്ടികള്‍ ഭക്ഷണം പങ്കുവയ്ക്കുന്നതും സ്‌കൂളിനു മുന്നിലുള്ള കടകളില്‍ ഒത്തുകൂടുന്നതും നിയന്ത്രിക്കും. പുതിയ സാഹചര്യത്തിന് അനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കും. വിക്ടേഴ്‌സ് ക്ലാസുകള്‍ തുടരും. പി.എസ്.സി നിയമനങ്ങള്‍ വേഗത്തിലാക്കാനും എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിനുള്ള സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."