ദോഹ ലോക അക്വാട്ടിക്സ്: വളന്റിയറാവാൻ ഇപ്പോൾ അപേക്ഷിക്കാം
ദോഹ ലോക അക്വാട്ടിക്സ്: വളന്റിയറാവാൻ ഇപ്പോൾ അപേക്ഷിക്കാം
ദോഹ: ഖത്തറിൽ നടക്കാനിരിക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് വളന്റിയറാകാൻ ഇപ്പോൾ അവസരം. പ്രാദേശിക തലത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സന്നദ്ധ സേവനത്തിന് താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. 2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെ ദോഹയിലാണ് ചാമ്പ്യൻഷിപ് നടക്കുക.വിവിധ മേഖലകളിലായി ആയിരത്തോളം സന്നദ്ധ പ്രവർത്തകരെയാണ് തെിരഞ്ഞെടുക്കുക.
മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് വിരുന്നെത്തുന്നത്. ദോഹയിലെ മൂന്ന് ലോകോത്തര വേദികളിലായി ആറ് വ്യത്യസ്ത അക്വാട്ടിക് കായിക ഇനങ്ങളിൽ മത്സരിക്കുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ഖത്തറിലെത്തുക. സന്നദ്ധ സേവനത്തിന് താൽപര്യമുള്ളവർ ഖത്തറിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാനും അതിന്റെ വിജയത്തിന് സംഭാവന നൽകാനും മുന്നോട്ട് വരണമെന്നും ദോഹ 2024 സംഘാടകസമിതി അറിയിച്ചു.
2024 ഫെബ്രുവരി 23നും മാർച്ച് 3നും ഇടയിൽ നടക്കുന്ന വേൾഡ് അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാനും സന്നദ്ധ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനാകും. ഇവന്റ് ലോജിസ്റ്റിക്സ്, കാഴ്ചക്കാർക്കുള്ള സേവനം, മീഡിയ, കമ്യൂണിക്കേഷൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ സന്നദ്ധ പ്രവർത്തകർക്ക് തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കും.
വളന്റിയർ ആകുന്നതിന് https://volunteer.worldaquatics-doha2024.com/Pages/New.aspx എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."