വന്യജീവി വാരാഘോഷം തകൃതി കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ 'ക്വാട്ട' നിശ്ചയിച്ച് വനംവകുപ്പ്
വി.എം ഷണ്‍മുഖദാസ്
പാലക്കാട്: വന്യജീവി വാരാഘോഷം തകൃതിയായി നടക്കുന്നതിനിടെ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ ഓരോ ഡിവിഷനിലെയും ഉദ്യോഗസ്ഥര്‍ക്ക് 'ക്വാട്ട' നിശ്ചയിച്ചുനല്‍കി വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. വന്യജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞദിവസം വനംമന്ത്രി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് 'ക്വാട്ട' നിശ്ചയിച്ച് നല്‍കിയത്. ഒലവക്കോട് സര്‍ക്കിളിന്റെ കീഴിലുള്ള അഞ്ച് വനം ഡിവിഷനുകളില്‍ നിന്നായി 750 കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനാണ് നിര്‍ദേശം. പാലക്കാട് ഡിവിഷനില്‍ 200, നെന്മാറ- 125, മണ്ണാര്‍ക്കാട്- 125, നിലമ്പൂര്‍ നോര്‍ത്ത്- 150, നിലമ്പൂര്‍ സൗത്ത്- 150 എന്നിങ്ങനെ കാട്ടുപന്നികളെ വെടിവച്ചുകൊല്ലണം. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശല്യക്കാരല്ലാത്ത പന്നികളെയും വെടിവച്ചുകൊല്ലുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇടയാക്കുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ശല്യമായ പന്നികളെ കൊല്ലാനാണ് നിലവില്‍ സര്‍ക്കാരിന്റെ അനുമതിയുള്ളത്.
തോക്ക് ലൈസന്‍സുള്ളവരെയാണ് വനംവകുപ്പ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, 60 വയസില്‍ താഴെയുള്ള തോക്ക് ലൈസന്‍സുള്ളവര്‍ വിരളമാണ്. അതിനാല്‍ മൃഗവേട്ട നടത്തുന്നവരെ വരെ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനായി ഉപയോഗിക്കേണ്ട അവസ്ഥയാണ്.
ഇത് നായാട്ടുകാര്‍ക്ക് മൃഗവേട്ട നടത്താന്‍ വഴിയൊരുക്കുമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യ കോര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."