മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്നെഴുതിയില്ലെങ്കിലും നഷ്ടപരിഹാരം നിഷേധിക്കരുത്: സുപ്രിംകോടതി
ന്യൂഡല്‍ഹി: മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡാണെന്ന് പരാമര്‍ശിക്കുന്നില്ലെന്ന കാരണത്താല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് സുപ്രിംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ ധനസഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശം അംഗീകരിച്ച് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡാണെന്ന് വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലെന്നതിന്റെ പേരില്‍ ഒരു സംസ്ഥാനവും നഷ്ടപരിഹാര ധനസഹായം നല്‍കാതിരിക്കരുതെന്ന് ബഞ്ച് വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിക്കുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം രേഖപ്പെടുത്താതിരിക്കുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ ഇത് സഹായകമാകും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഇതിനായി പരിഗണിക്കാം. പരിശോധന മരണത്തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് പരാതി പരിഹാര സമിതിയെ സമീപിക്കാം. സമിതിക്ക് മരിച്ച രോഗിയുടെ മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെടാമെന്നും അത് പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിടാമെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു. മരണകാരണം കൊവിഡാണോ അല്ലയോയെന്നത് പരിഹരിക്കപ്പെടാത്ത കേസുകള്‍, വീട്ടിലും ആശുപത്രിയിലും മരിച്ച കൊവിഡ് കേസുകള്‍ എന്നിവ കൊവിഡ് മരണങ്ങളായി കണക്കാക്കാമെന്നും ബഞ്ച് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് പണം നല്‍കേണ്ടത്. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും ബഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."