ഹരിതയുടെ പേരില്‍ നിയമസഭയില്‍ വാക്പോര്
തിരുവനന്തപുരം: മുസ്ലിം ലീഗ് വനിതാ വിദ്യാര്‍ഥി വിഭാഗമായ ഹരിതയുടെ മുന്‍ നേതാക്കള്‍ നല്കിയ പരാതിയെക്കുറിച്ചുള്ള ചോദ്യം നിയമസഭയില്‍ ഭരണ- പ്രതിപക്ഷ വാക്പോരിനിടയാക്കി.
രാഷ്ട്രീയം പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ സഭയിലുന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ സ്പീക്കറുടെ റൂളിങ് ഉള്ളതായും ചൂണ്ടിക്കാട്ടി ചോദ്യമുന്നയിക്കുന്നതിനു മുമ്പു തന്നെ പ്രതിപക്ഷനേതാവ് വി.ഡി സതീശന് എതിര്‍പ്പുമായി രംഗത്തെത്തി. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം ഉപചോദ്യത്തില്‍ ഡി.കെ മുരളി ഹരിത പ്രവര്‍ത്തകരുടെ വനിതാ കമ്മിഷനിലെ പരാതി എന്തായി എന്ന ചോദ്യമുന്നയിച്ചു. എന്നാല്‍ സ്പീക്കര്‍ അറിയിച്ചിട്ടും എന്തുകൊണ്ട് അംഗം ചോദ്യമുന്നയിച്ചെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ഇതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തര്‍ക്കമായി.
ഇതിനിടയില്‍ മറുപടി പറയാനെഴുന്നേറ്റ മുഖ്യമന്ത്രി പിണറായി വിജയന് ഹരിതയുടെ പേരോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരോ പരാമര്‍ശിച്ചില്ല.
ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും കാര്യത്തില്‍ സര്‍ക്കാരിനു മാത്രമല്ല എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വലിയ പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡി.കെ മുരളി ചൂണ്ടിക്കാട്ടിയ പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചേ പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കിയതോടെ പ്രതിപക്ഷം ശാന്തരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."