അദാനിയുടെ സഹോദരനും വിദേശത്ത് കമ്പനി
ലണ്ടന്‍: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇന്ത്യയിലെ കോടീശ്വരപ്പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തിയ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ ഷാ അദാനിക്കും വിദേശത്ത് കമ്പനിയുള്ളതായി കഴിഞ്ഞദിവസം പുറത്തുവന്ന പാന്‍ഡൊറ രേഖകള്‍.
ഹിബിസ്‌കസ് ആര്‍.ഇ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന കമ്പനി മൂന്നുവര്‍ഷം മുമ്പ് ബ്രിട്ടനിലെ വിര്‍ജിന്‍ ദ്വീപിലാണ് സ്ഥാപിച്ചത്. എന്നാല്‍, ഈ കമ്പനി പൂട്ടിയതായാണ് ദുബൈയില്‍ താമസിക്കുന്ന വിനോദ് അദാനി പറയുന്നത്. കമ്പനിയില്‍ സൈപ്രസ് പൗരത്വമുള്ള വിനോദ് അദാനിക്ക് അരലക്ഷം ഓഹരികളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2018 മെയ് മുതല്‍ അദ്ദേഹം ഈ കമ്പനിയുടെ ഡയരക്ടറാണ്. എന്നാല്‍, കമ്പനിയില്‍ ഒന്നരക്കോടിയുടെ ആസ്തി മാത്രമേ തനിക്ക് ഉള്ളൂവെന്ന് അദ്ദേഹം പറയുന്നു.
വിനോദ് അദാനിയുടെ മകന്‍ പ്രണവ് അദാനി ഫ്‌ളാഗ്ഷിപ് അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ ഇന്ത്യയിലെ നിരവധി കമ്പനികളുടെ ഡയരക്ടര്‍ ബോര്‍ഡുകളില്‍ അംഗമാണ്. മുമ്പ് പാനമ രേഖകളിലും വിനോദ് അദാനിയുടെ പേരുവന്നിരുന്നു. 1994 ജനുവരി നാലിന് ബഹാമസില്‍ കമ്പനി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 1,31,600 കോടി രൂപ ആസ്തിയുമായി ഇന്ത്യന്‍ കോടീശ്വരപ്പട്ടികയില്‍ എട്ടാമതാണ് വിനോദ് അദാനി. ഇദ്ദേഹത്തിന്റെ സഹോദരനായ ഗൗതം അദാനി 5,05,900 കോടി രൂപ അറ്റ മൂല്യവുമായാണ് മുകേഷ് അംബാനിക്കു തൊട്ടു താഴെയെത്തിയത്.
റിലയന്‍സ് എ.ഡി.എ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ജെഴ്‌സി, ബ്രിട്ടിഷ് വിര്‍ജിന്‍ ദ്വീപുകള്‍ (ബി.വി.ഐ), സൈപ്രസ് എന്നിവിടങ്ങളിലെ 18 ഓഫ്‌ഷോര്‍ കമ്പനികളുടെ ഉടമകളാണെന്നു പാന്‍ഡൊറ രേഖകള്‍ പറയുന്നു. 2007നും 2010നുമിടയിലാണ് ഈ കമ്പനികള്‍ സ്ഥാപിച്ചത്. ഇതില്‍ ചുരുങ്ങിയത് 130 കോടി ഡോളര്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് ബാങ്കുകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തന്റെ സമ്പത്ത് പൂജ്യമാണെന്നാണ് അനില്‍ അംബാനി 2020 ഫെബ്രുവരിയില്‍ ലണ്ടന്‍ കോടതിയില്‍ പറഞ്ഞത്. അനില്‍ അംബാനിക്ക് എത്രത്തോളം ഓഫ്‌ഷോര്‍ താല്‍പ്പര്യങ്ങളുണ്ടെന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിട്ടില്ലെന്നു കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
മൂന്ന് മാസത്തിനുശേഷം ബാങ്കുകള്‍ക്ക് 71.6 കോടി ഡോളര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അനില്‍ അംബാനി നല്‍കിയില്ല. ലോകത്ത് ഒരു സ്ഥാപനത്തിലും തനിക്ക് ആസ്തിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇതിനു വിപരീതമായ കാര്യങ്ങളാണ് പാന്‍ഡൊറ രേഖകള്‍ വ്യക്തമാക്കുന്നത്. മുമ്പ് പാനമ പേപ്പേഴ്‌സ്, പാരഡൈസ് പേപ്പേഴ്‌സ്, ലക്‌സ്‌ലീക്‌സ് എന്നിവയും ഇതുപോലെ വിവിധ നേതാക്കളുടെയും മറ്റും കള്ളപ്പണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."