HOME
DETAILS
MAL
കോടികളെവിടെ? മോന്‍സന്റെ ബിനാമികളിലേക്ക് അന്വേഷണം
backup
October 06 2021 | 03:10 AM
അന്‍സാര്‍ മുഹമ്മദ്
കൊച്ചി: പുരാവസ്തു തട്ടിപ്പിലൂടെ മോന്‍സണ്‍ മാവുങ്കല്‍ നേടിയ കോടികള്‍ എവിടെയെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ബിനാമികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം മോന്‍സണ്‍ ആരുടെയെങ്കിലും ബിനാമിയായിട്ടാണോ തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. അമൂല്യമായ വസ്തുക്കളുടെ പേരില്‍ ഉള്‍പ്പെടെ കോടികള്‍ തട്ടിയെടുത്ത വ്യക്തിയാണ് മോന്‍സണ്‍ എന്നാണ് കോടതിയില്‍ ക്രൈംബ്രാഞ്ച് ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തട്ടിയെടുത്ത കോടികള്‍ എവിടെയെന്നതില്‍ ഉത്തരമില്ല. തന്റെ കൈവശം 200 രൂപ മാത്രമേ ഉള്ളു എന്ന മോന്‍സന്റെ മൊഴി അന്വേഷണസംഘം പാടെ തള്ളിയിരിക്കുകയാണ്. സ്വന്തം അക്കൗണ്ട് മരവിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരുടേത് ഉള്‍പ്പെടെയുള്ള ബിനാമി അക്കൗണ്ടുകളിലേക്കാണ് മോന്‍സണ്‍ പണം വാങ്ങിയിരുന്നത്. ബിനാമികളെ കേന്ദ്രീകരിച്ച് മോന്‍സണ്‍ തട്ടിയെടുത്ത കോടികള്‍ കണ്ടെത്താനാണ് അന്വേഷണം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മോന്‍സണ്‍ മാവുങ്കല്‍ 25 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പണം എങ്ങോട്ട് പോയി എന്നതിനുള്ള ഒരു രേഖയും ഇതുവരെയും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ആഡംബര ജീവിതം നയിച്ചും സ്റ്റാര്‍ ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചും തന്റെ മുഴുവന്‍ പണവും ചെലവഴിച്ചതായി മോന്‍സണ്‍ കസ്റ്റഡിയിലിരിക്കെ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നുവെങ്കിലും അത് ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ അടുപ്പക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു എന്ന സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചുവെങ്കിലും അവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ട എന്നാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമെന്നാണ് സൂചന. മോന്‍സണെ കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്തിട്ടും ഇദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ നിന്നും ഇതുവരെ ക്രൈംബ്രാഞ്ച് മൊഴി എടുത്തിട്ടില്ല. നേരത്തെ മുന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് ചോദ്യങ്ങള്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് അതു വേണ്ടെന്നു വച്ചു. ഐ.ജി ലക്ഷ്മണ, ഡി.ഐ.ജി സുരേന്ദ്രന്‍ എന്നിവരുടെ മൊഴി എടുക്കുന്നതിലും ക്രൈംബ്രാഞ്ചിന് ഉന്നത ഇടപെടല്‍ ഉണ്ടായതായാണ് വിവരം. അതിനിടെ പണം വിദേശത്തേക്ക് കടത്തിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."