HOME
DETAILS
MAL
നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊല എന്‍.ഐ.എ ഏറ്റെടുത്തു
backup
October 06 2021 | 03:10 AM
ജാഫര്‍ കല്ലട
നിലമ്പൂര്‍: നിലമ്പൂര്‍ മാവേയിസ്റ്റ് വെടിവയ്പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ തമിഴ്‌നാട് സ്വദേശി കുപ്പു ദേവരാജ്, അജിത, വേല്‍മുരുകന്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ഇവരുള്‍പ്പെടെ 19 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിലെ പ്രതിയായിരുന്ന രാജന്‍ ചിറ്റിലപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് തന്നെ ആദ്യമായി പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു നിലമ്പൂരിലേത്. 2016 നവംബര്‍ 24ന് ഉച്ചയോടെയാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റെയ്ഞ്ചില്‍ പെട്ട പടുക്ക വനമേഖലയിലെ ഉണക്കപ്പാറയില്‍ പൊലിസ് വെടിവയ്പ്പില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. 2016ല്‍ നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയെന്നും സി.പി.ഐ മാവോയിസ്റ്റ് സ്ഥാപക ദിനാചരണമാചരിച്ചുവെന്നുമാണ് ഇവര്‍ക്കെതിരേയുള്ള കേസ്. എടക്കര പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചു കൊണ്ടിരുന്ന കേസാണ് എന്‍.ഐ.എ ഏറ്റെടുത്തത്.
2016 സെപ്റ്റംബറില്‍ മുണ്ടക്കടവ് കോളനിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ വനത്തില്‍ ഇവരടങ്ങുന്ന സംഘം ആയുധ പരിശീലന ക്യാംപ് നടത്തിയെന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനാ യോഗം ചേര്‍ന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
രണ്ടു സി.ഐമാരുടെയും മൂന്ന് എസ്.ഐമാരുടെയും നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും കേരള പൊലിസിലെ ഭീകരവിരുദ്ധ സേനക്കാരും ഉള്‍പ്പെട്ട 60 അംഗ ദൗത്യസംഘമാണു മാവോയിസ്റ്റുകളെ നേരിട്ടത്.
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ വിരുദ്ധ ക്യാംപ് സംഘടിപ്പിക്കുക, തീവ്രവാദ സംഘടനയില്‍ അംഗമാകുക, ആയുധങ്ങള്‍ ശേഖരിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റ് പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ ഇപ്പോഴും കേസില്‍ പിടികിട്ടാപ്പുള്ളികളാണ്. ഇപ്പോഴും തമിഴ്‌നാട് കേരള വനത്തിലുണ്ടെന്ന് കരുതുന്ന വിക്രം ഗൗഡ, സോമന്‍, ചന്ദു എന്നിവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്. ഇവര്‍ മാവോയിസ്റ്റ് പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃനിരയില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."