HOME
DETAILS
MAL
വീട്ടുജപ്തി ഒഴിവായതിന്റെ കടലോളം നന്ദിയില്‍ പാലായില്‍നിന്ന് അവര്‍ പാണക്കാട്ടെത്തി
backup
October 06 2021 | 03:10 AM
മലപ്പുറം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വീടിന്റെ ജപ്തി ഒഴിവായതിന്റെ സന്തോഷം അറിയിക്കാന്‍ പാലായില്‍ നിന്ന് ബിന്ദുവും കുടുംബവും ഇന്നലെ പാണക്കാട്ടെത്തി.
ഉച്ചയോടെയാണ് ബിന്ദുവും ഭര്‍ത്താവും മക്കളും പാണക്കാട്ടെത്തി മുനവ്വറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. താങ്ങാനാവാത്ത കടബാധ്യതയും വീടിന്റെ ജപ്തി നോട്ടീസും അതിനെല്ലാം പുറമെ രോഗവും കാരണം ജീവിതം വഴിമുട്ടിയപ്പോഴാണ് ബിന്ദു അവസാന ശ്രമമെന്ന നിലയില്‍ കൊടപ്പനക്കല്‍ തറവാട്ടുവാതിലില്‍ മുട്ടിയത്. പ്രതീക്ഷയുടെ മറ്റു വഴികളെല്ലാം അടഞ്ഞോടെ സോഷ്യല്‍മീഡിയ വഴി സഹായഭ്യാര്‍ഥന നടത്തുകയായിരുന്നു അവര്‍. പാണക്കാട് കുടുംബത്തിലെ ആരോടെങ്കിലും തങ്ങളുടെ ദുരിതം പറയുമോ എന്നായിരുന്നു ഫേസ്ബുക്ക് വഴിയുള്ള ബിന്ദുവിന്റെ അഭ്യര്‍ഥന. ബുധനാഴ്ച പുലര്‍ച്ചെയോടെ മുനവ്വറലി തങ്ങള്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ' ഇപ്പോള്‍ രാത്രി ഒരുമണി. ഇന്നു വൈകുന്നേരം മുതല്‍ എന്റെ വാട്‌സ്ആപ്പിലേക്കും മെസെഞ്ചറിലേക്കും മെസേജുകള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു...' എന്നു തുടങ്ങുന്നതായിരുന്നു മുനവ്വറലി തങ്ങളുടെ പോസ്റ്റ്. ബിന്ദുവിന്റെയും കുടുംബത്തിന്റെയും ദയനീയസ്ഥിതി വിശദമാക്കിയുള്ള തങ്ങളുടെ പോസ്റ്റ് വൈകാതെ വൈറലായി. ബിന്ദുവിന്റെ മകള്‍ വിഷ്ണുപ്രിയയുടെ അക്കൗണ്ട് നമ്പറും അതോടൊപ്പം നല്‍കിയിരുന്നു. മണിക്കൂറുകള്‍ക്കകം ഈ കുടുംബത്തെ തേടി സഹായങ്ങള്‍ പ്രവഹിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ ഈ അക്കൗണ്ടില്‍ അഞ്ചരലക്ഷം രൂപയെത്തി. ജപ്തി ഒഴിവാകാന്‍ അഞ്ചുലക്ഷം രൂപയാണ് ബിന്ദുവിന് ആവശ്യമായിരുന്നത്. പാലാ പൈക്ക സ്വദേശിയാണ് ബിന്ദു. ഭര്‍ത്താവ് വൃക്കരോഗിയും ഹൃദ്രോഗിയുമാണ്. അഞ്ച്‌സെന്റ് ഭൂമിയും വീടും ബാങ്കില്‍ പണയപ്പെടുത്തിയാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തിയിരുന്നത്. ചെറിയൊരു ചായക്കടയുണ്ടായിരുന്നെങ്കിലും ലഭിക്കുന്ന പണം ചികിത്സയ്ക്കും മറ്റും തികയാതായി. ഇതിനിടെയാണ് ജപ്തി നോട്ടീസ് എത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബിന്ദുവിനു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ടതോടെ വീടിന്റെ ജപ്തി ഒഴിവായി എന്നു മാത്രമല്ല, ഇതുവരെ ഒന്‍പതു ലക്ഷം രൂപ സഹായമായി പ്രവഹിച്ചു. സന്തോഷം പങ്കിടാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ബിന്ദുവിനെയും കുടുംബത്തെയും നേരിട്ടു വിളിച്ചിരുന്നു. ഭര്‍ത്താവ് സജികുമാര്‍ മക്കളായ വിഷ്ണുപ്രിയ, യദുനന്ദന എന്നിവരോടൊപ്പമാണ് ബിന്ദു പാണക്കാട്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."