എ പ്ലസല്ല വിദ്യാഭ്യാസ ലക്ഷ്യം
പി.എ.എം അബ്ദുൽ ഖാദർ
അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്തവർക്ക് പോലും എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ലഭിക്കുന്നുവെന്ന പരീക്ഷാ കമ്മിഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയരക്ടർ എസ്. ഷാജഹാൻ്റെ പരാമർശം വിവാദമായിരിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല വിദ്യാർഥികളോട് ചെയ്യുന്നത് വലിയ ചതിയാണെന്നും ഇല്ലാത്ത മെറിറ്റ് ഉണ്ടെന്നുപറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരീക്ഷാ കമ്മിഷണർ വിമർശനം ഉന്നയിക്കുകയും ചെയ്തു.
ഓരോ വർഷവും ഏകദേശം 69,000 കുട്ടികൾക്ക് വരെ എ പ്ലസ് ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ പിന്നാമ്പുറമാണ് വകുപ്പ് അധ്യക്ഷൻ തുറന്നുപറഞ്ഞിരിക്കുന്നത്. ഉത്തര കടലാസിൽ രജിസ്റ്റർ നമ്പർ അക്ഷരത്തിൽ എഴുതാൻ പോലും അറിയാത്ത കുട്ടികളുണ്ടത്രെ.
വരാനിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി എസ്.സി.ആർ.ടി നടത്തിയ ശിൽപശാലയിൽ ഡയരക്ടർ നടത്തിയ പരാമർശം വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് നയമെന്നും കുട്ടികളെ തോൽപ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുന്നത് സർക്കാർ നയം അല്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കുകയും ചെയ്തു.
ഉയർന്ന അക്കാദമിക് നിലവാരം പുലർത്താൻ കഴിയാത്തതും കാലാനുസൃതമായ പുരോഗതി കൈവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ചയുമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വലിയ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നത കലാലയങ്ങളുടെയും എണ്ണത്തിൽ ക്രമാനുഗതമായ വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഏഴ് പതിറ്റാണ്ടിന്റെ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ വിലയിരുത്തൽ. കേരളത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിരവധി പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ സ്കൂളുകളോടൊപ്പം എയ്ഡഡ് സ്കൂളുകളും മുന്നോട്ടു തന്നെയാണ് കുതിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തള്ളിക്കയറ്റം കുറഞ്ഞു വരുന്നതാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സി.ബി.എസ്.ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും അഡ്മിഷൻ വർധിച്ചു കൊണ്ടിരിക്കുന്നു. ഈ അധ്യയന വർഷത്തിലെ ആറാം പ്രവർത്തി ദിവസത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ 84,000 കുട്ടികൾ കുറഞ്ഞതായിട്ടാണ് കണ്ടെത്തിയത്. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾ അൺ എയ്ഡഡ് മേഖലയിലേക്ക് തന്നെ തിരിച്ചുപോകാൻ തുടങ്ങിയതാണ് ഇതിന്റെ പ്രധാന കാരണമായി പറയുന്നത്. ജനന നിരക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവും ചെറിയ ക്ലാസുകളിലെ അഡ്മിഷൻ താഴോട്ടാകാൻ കാരണമായിട്ടുണ്ട്. 2021-22ൽ 3.5 ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടിയപ്പോൾ ഈ വർഷം 2,246
കുട്ടികളുടെ കുറവാണ് അനുഭവപ്പെട്ടത്. അതേസമയം, സി.ബി.എസ്.ഇ സ്കൂളുകളിൽ അരലക്ഷത്തോളം കുട്ടികളുടെ വർധനവ് ഉണ്ടായതായാണ് അനൗദ്യോഗിക കണക്ക്. കൊവിഡിനെ തുടർന്ന് സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം ഏഴ് ലക്ഷമായി കുറഞ്ഞുവെങ്കിൽ തൊട്ടടുത്ത വർഷം ഇത് എട്ടു ലക്ഷമായി കൂടി. ഈ അധ്യയന വർഷം 40,000 മുതൽ 50,000 വരെ വർധന ഉണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയാനും അൺ ഐഡഡ് വിദ്യാലയങ്ങളിൽ കൂടാനും ഉണ്ടായ കാരണം പഠന വിധേയമാക്കേണ്ടതാണ്.
പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള ജനകീയ കാംപയിനു ആദ്യം ലഭിച്ച അനുകൂല പ്രതികരണം ഇപ്പോൾ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. സർക്കാരും ഭരണകക്ഷികളും നടത്തിയ കാംപയിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലാണ് മെച്ചപ്പെട്ട പഠനം ലഭിക്കുക എന്ന ധാരണയാണ് സി.ബി.എസ്.ഇ മേഖല ഉപേക്ഷിച്ചു പോകാൻ കുട്ടികളെയും രക്ഷിതാക്കളേയും പ്രേരിപ്പിച്ചത്. പക്ഷേ ഒരു വർഷം പൂർത്തിയായപ്പോൾ ചിന്താഗതിയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി.
നൈപുണ്യ വികസനത്തിൽ കാലാനുസൃതമായ മാറ്റം കാഴ്ചവയ്ക്കാൻ പല വിദ്യാലയങ്ങൾക്കും കഴിയാതെ പോവുകയും ചെയ്യുന്നു. ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസത്തോടുള്ള താൽപര്യം കാലം കഴിയുന്തോറും വർധിച്ചു വരുന്നതനുസരിച്ച് അതിനനുസൃതമായ അക്കാദമിക് മാറ്റത്തിന് വേണ്ട ഫലപ്രദമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്നതും വസ്തുതയാണ്.
ഇത്തരം അക്കാദമിക് തകർച്ചയിൽ നിന്നുള്ള മോചനത്തിനാണ് സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ശ്രദ്ധ വേണ്ടത്. ഇതിനായി അധ്യാപകരുടെ സ്ഥിര സാന്നിധ്യം സ്കൂളുകളിൽ ഉറപ്പുവരുത്തണം. നിലവിൽ സ്ഥിരം അധ്യാപകരില്ലാതെ പതിനായിരത്തോളം തസ്തികകൾ സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുകയാണ്. യോഗ്യരായ അധ്യാപകരുടെ അഭാവം മറ്റൊരു ന്യൂനതയാണ്. ഇംഗ്ലിഷ് മീഡിയം ക്ലാസുകളിൽ എല്ലാ വിഷയങ്ങളും ഇംഗ്ലിഷിൽ തന്നെ പഠിപ്പിക്കാൻ കഴിവുള്ള അധ്യാപകരെ നിയമിക്കണം. ഫലപ്രദമായ രീതിയിലുള്ള പരിശീലന പരിപാടികളുടെ അധ്യാപക ശാക്തീകരണം ഉറപ്പുവരുത്താനുള്ള പരിപാടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഓരോ അധ്യായന ദിനവും കുട്ടികളുടെ വൈജ്ഞാനിക വളർച്ചക്കും നൈപുണ്യ വികസനത്തിനും ഉപകരിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്യാനും പ്രായോഗികമാക്കാനും വിദ്യാലയങ്ങൾക്ക് കഴിയണം. അധ്യാപകരുടെ നിതാന്ത ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഈ രംഗത്ത് വലിയ പോരായ്മകളാണ് നിലനിൽക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ട്യൂഷൻ സമ്പ്രദായം. പാഠഭാഗങ്ങളുടെ പൂർത്തീകരണത്തിന് ട്യൂഷൻ ക്ലാസുകളെ ആശ്രയിക്കാതെ മാർഗങ്ങളില്ല എന്ന ധാരണയാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉള്ളത്.
ഈ ദയനീയ അവസ്ഥ മാറ്റിയെടുക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അധികൃതർ ചിന്തിക്കേണ്ടതുണ്ട്. ക്ലാസ് മുറികളിലെ പഠനത്തിൽ തൃപ്തരാകാതെ നിരവധി പഠന സഹായികളെയും ഗൈഡുകളെയും അവലംബിക്കുന്ന പ്രവണതയും വർധിച്ചുവരികയാണ്. സ്കൂൾ അധികൃതരും അധ്യാപകരും ഈ വ്യതിയാനത്തിന്റെ ഗൗരവാവസ്ഥ കണ്ടെത്തി പരിഹാരമാർഗങ്ങളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂളുകളിൽ പഠന ദിനങ്ങൾ നിഷ്കർഷമായും തടസങ്ങൾ ഇല്ലാതെയും നടക്കുന്നില്ല എന്ന വസ്തുതയും കാണാതിരുന്നു കൂടാ. പല സർക്കാർ പരിപാടികളും സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്നതിനാൽ കുട്ടികളുടെ പഠനസമയമാണ് പാഴാകുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത നാല്പതോളം പരിപാടികൾ സ്കൂൾ കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് കണക്ക്. ഇതിനുപുറമെയാണ് സ്കൂൾ തല പരിപാടികളും ദിനാചരണങ്ങളും മൂലം അധ്യയന ദിനങ്ങൾ കുറയുന്നത്. കാലാവസ്ഥ വ്യതിയാനം അനുസരിച്ച് വിദ്യാലയങ്ങൾക്ക് നൽകുന്ന അവധി, പ്രാദേശിക അവധികൾ തുടങ്ങിയവയെല്ലാം അധ്യയന ദിനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ മുന്നോട്ടുവച്ച പല ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ വിദ്യാർഥികളെ സജ്ജരാക്കാൻ ഉപയുക്തമാകുന്നതാകണം വിദ്യാഭ്യാസം. അതോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതത്തിന് പ്രാപ്തരാക്കാനും സാധിക്കണം. സ്കൂൾ അന്തരീക്ഷത്തിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ അത് സഹായകമാകും. നാടിന്റെ നാളെയുടെ വിധാതാക്കളായ കുട്ടികളെ നേരായ സരണിയിലൂടെ തിരിച്ചുവിടാൻ വേണ്ട നീക്കങ്ങൾ ആണ് ഇന്ന് ആവശ്യം.
അതുവഴി മാത്രമേ കഴിവുറ്റ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ കഴിയുകയുള്ളൂ. എ പ്ലസിൽ മാത്രം ശ്രദ്ധ ഊന്നിക്കൊണ്ടുള്ള പരീക്ഷ നടത്തിപ്പിൽ സാഫല്യം കണ്ടെത്തുന്നതിന് പകരം അക്കാദമിക് നിലവാരവും നൈപുണ്യ വികസനവും സാമൂഹ്യപ്രതിബദ്ധതയും വർധിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആണ് ഉണ്ടാക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."