യുദ്ധഭൂമിയിലെ പക്ഷി
നിബിന്‍ കള്ളിക്കാട്
നോവിന്റെ ചാരം നിറയുന്ന
മണ്ണിലിരതേടിയെത്തുന്ന
ദേശാടനത്തിനെത്തിയ
പക്ഷിയാകുന്നു ഞാന്‍.
പച്ചമാംസം കഴിച്ചിട്ടു
രക്തംകുടിച്ചു വിശപ്പാറ്റുന്ന
യുദ്ധഭൂമിയിലെത്തവേ
കാഴ്ചകള്‍ പറയുന്നു,
കഴുത്തറ്റ പെണ്ണിന്റെ
കണ്ണില്‍ വെടിയുണ്ട
തിരതുള്ളിയാര്‍ത്ത
രക്തക്കടലലകള്‍.
പുഞ്ചിരിമായാത്ത
കുഞ്ഞിന്റെ ശിരസുകള്‍
വെട്ടിനിരത്തി വിരിയിച്ച
ക്രൂരവസന്തങ്ങള്‍.
ഭയത്തിന്റെ കനലുകള്‍
പീരങ്കി തുപ്പുമ്പോള്‍
ഉയരും നിലവിളിയുടെ
നീറുന്ന കൂട്ടക്കരച്ചിലില്‍.
പിടയുന്നയുള്ളിന്റെ
കലിപൂണ്ട കാലത്തില്‍
അതിരില്ലാ മൃതിയുടെ
നിറമുള്ള കാഴ്ചകള്‍.
തെരുവിലനാഥ
ജഡങ്ങള്‍ നിറഞ്ഞിട്ട്
പുഴുതിന്നും ജീവന്റെ
അഭിലാഷനോവുകള്‍.
കരിമുകില്‍ പുകപോലെ
കരളില്‍ കനക്കുന്ന
മനുഷ്യദേഹം ചുട്ട
മണമുള്ള കാറ്റുകള്‍.
ഇരതേടി കഴുകന്റെ
കണ്ണുകള്‍ തിരയാത്ത
ശവംതീനി നിഴലിനെ
തേടുന്നയൊച്ചകള്‍.
ചുട്ടുപൊള്ളി ചത്ത
പുരുഷ ഗണത്തിന്റെ
പിറകേമരിക്കുന്ന
ഇണയുടെ നോവുകള്‍.
ഭ്രമമുള്ളയിരകളെ
വേട്ടയ്‌ക്കൊരുക്കിയ
പുതിയകാലത്തിന്റെ
മൃതിയുടെ നിയമങ്ങള്‍.
തിരതുള്ളുമെന്നുള്ളിന്റെ
നേരെ പറന്നെത്തുന്ന
വെടിയുണ്ട വേഗത്തിനു
മുമ്പേയകന്നു ഞാന്‍...
അഴലാണ്ട രാജ്യത്തില്‍
അലിവുള്ളയൊലീവിലയുടെ
ഒരുചില്ലയിനിയെന്‍ ചുണ്ടില്‍
തിരയട്ടെ മിഴികളില്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."