മോന്‍സന്റെ കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് എം.വി.ഡി; പരിശോധിച്ച എട്ടു വാഹനങ്ങളും സ്വന്തം പേരിലല്ല
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍.
മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജേ ഗ്രാന്റിന്റെ രജിസ്‌ട്രേഷന്‍ 2019ല്‍ അവസാനിച്ചതാണ്. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് പോലുമില്ല. ലക്‌സസ് , റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പര്‍ പ്ലേറ്റിലാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.
ഹരിയാന രജിസ്‌ട്രേഷനിലുളള പോര്‍ഷേ വാഹനം യഥാര്‍ഥ പോര്‍ഷേ അല്ലെന്നാണ് കണ്ടെത്തല്‍, മിത്സുബുഷി സിഡിയ കാര്‍ രൂപം മാറ്റി പോര്‍ഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോന്‍സന്‍ അവതരിപ്പിച്ചിരുന്ന ലിമോസിന്‍ കാര്‍, മെഴ്‌സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്.
വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
അതിനിടക്ക് മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിന്റെ പേരില്‍ പണം തട്ടിയെന്ന കേസിലാണ് മോന്‍സനെ മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോന്‍സന്‍ സാമ്പത്തിക ഇടപാടുകള്‍ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."