HOME
DETAILS

മൂന്നാം ഡോസെടുക്കണോ?

  
backup
October 07 2021 | 04:10 AM

do-you-need-a-third-dose

 

ഡോ. രാജീവ് ജയദേവന്‍

അമേരിക്ക, ഇസ്‌റാഈല്‍ മുതലായ രാജ്യങ്ങള്‍ അടുത്തിടെ ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നതിനെപ്പറ്റി വാര്‍ത്തകള്‍ വന്നിരുന്നു. ഇതുകേട്ട് പലര്‍ക്കും ആശങ്കയുണ്ട്, രണ്ടു ഡോസ് പര്യാപ്തമാണോ, മൂന്നാമതൊരു ഡോസ് കൂടിയെടുക്കണോ? ഇക്കാര്യം വ്യക്തമാക്കും മുന്‍പ് ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ: മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് മുമ്പെടുത്ത പല സുപ്രധാന തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് ഇന്ന് ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്തരം തീരുമാനങ്ങള്‍ നിരവധി ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു. അതിനാല്‍ മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങളെല്ലാം അന്ധമായി ഉള്‍ക്കൊള്ളുന്നത് ബുദ്ധിശൂന്യതയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
എല്ലാ വാക്‌സിനുകളും നമുക്കു തരുന്ന ഉറപ്പ് ഒന്നു തന്നെയാണ്: അഥവാ വൈറസ് മൂക്കിലോ തൊണ്ടയിലോ വരാനിടയായാലും അത് ശ്വാസകോശത്തെ ബാധിക്കാതെ, ഗുരുതര രോഗം, മരണം ഇവ ഉണ്ടാവാതിരിക്കാന്‍ ദീര്‍ഘകാലത്തേക്ക് നമ്മുടെ ഇമ്യൂണ്‍ സിസ്റ്റത്തെ(പ്രതിരോധനിര) പ്രാപ്തമാക്കുകയാണ് ഇവ ചെയ്യുന്നത്. അതിന് രണ്ടു ഡോസ് വാക്‌സിന്‍ വേണം. അത്രമാത്രം. വൈറസ് മൂക്കിലും മറ്റും ഒട്ടും കയറാതിരിക്കാനുള്ള അത്രയും മെച്ചപ്പെട്ട ഫലപ്രാപ്തി ഇപ്പോഴുള്ള വാക്‌സിനുകള്‍ക്കൊന്നിനുമില്ല. കാരണം, മ്യൂക്കോസല്‍ ഇമ്യൂണിറ്റി അവ അധികം ജനിപ്പിക്കുന്നില്ല. അതുകൊണ്ടാണ്, വാക്‌സിനെടുത്ത പലരിലും ചിലപ്പോള്‍ നിസാരമായ വൈറസ് ബാധ പില്‍ക്കാലത്ത് കണ്ടുവരുന്നത്. പ്രത്യേകിച്ച് ശ്രദ്ധക്കുറവുണ്ടാകുമ്പോള്‍. ഇതിനെ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനെന്നു പറയും. മിക്കപ്പോഴും ഇത് ഗൗരവമാകാറില്ല. കാരണം, പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്നതരം സിസ്റ്റമിക് ഇമ്യൂണിറ്റിയാണ് വാക്‌സിനുകള്‍ പ്രദാനം ചെയ്യുന്നത്. ഒരിക്കല്‍ വൈറസ് വന്നുപോയവരില്‍ ഒരു ഡോസ് വാക്‌സിന്‍ ചെല്ലുമ്പോഴും ഇതുപോലെയുള്ള ഇമ്യൂണിറ്റി ജനിപ്പിക്കപ്പെടുന്നുണ്ട്. അതായത് വൈറസുമായോ അഥവാ അതിന്റെ കണങ്ങള്‍ അടങ്ങിയ വാക്‌സിനുമായോ രണ്ട് ഏറ്റുമുട്ടല്‍ വേണം എന്നര്‍ഥം.

എന്തിനാണ് രണ്ടുതവണ
'ഏറ്റുമുട്ടുന്നത്'?


ആദ്യത്തെ ഡോസ് അഥവാ ഏറ്റുമുട്ടലില്‍ നിരവധി ശ്രേണികളില്‍ ഇമ്യൂണ്‍ സിസ്റ്റം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു. നാം എപ്പോഴും കേള്‍ക്കാറുള്ള ആന്റിബോഡികള്‍ അവയില്‍ ഒരംശം മാത്രമാണ്. ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന ഇമ്യൂണ്‍ കോശങ്ങളില്‍ ഒരു പ്രധാനിയാണ് മെമ്മറി സെല്‍സ്. ഇവ വര്‍ഷങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കുന്നു. രോഗാണുവിന്റെ കാര്യവിവരങ്ങള്‍ വിശദമായി എഴുതപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥശാലയായി ഇവയെ കാണാവുന്നതാണ്. പിന്നീട് ഒരു ഏറ്റുമുട്ടലുണ്ടായാല്‍ ഇവ ഉടന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കും, ആന്റിബോഡികള്‍ ഞൊടിയിടയില്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്മ ബ്ലാസ്റ്റുകളുണ്ടാക്കുന്നു. ആദ്യമുണ്ടായിരുന്ന പരിചയക്കുറവ് രണ്ടാമൂഴത്തിലില്ല. മാത്രവുമല്ല, രണ്ടാമത്തെ പ്രതികരണം ആദ്യത്തേതില്‍ നിന്ന് പതിന്മടങ്ങ് വലുതുമാണ്. അതിനെ അനാമ്‌നെസ്റ്റിക് റെസ്‌പോണ്‍സ് എന്നാണ് ഇമ്യൂണോളജിയില്‍ പറയാറ്. മാത്രവുമല്ല, വാക്‌സിനുണ്ടാക്കാന്‍ ഉപയോഗിച്ച വൈറസ് പിന്നീടു 'വേഷം മാറി' വന്നാല്‍ പോലും, ശരീരത്തെ സംരക്ഷിക്കാന്‍ മെമ്മറി സെല്ലുകള്‍ക്ക് കഴിവുണ്ട്. ഇതിന് അഫിനിറ്റി മച്ചുറേഷനെന്ന് പറയുന്നു. അതായത് വൈറസ് വരുത്താനിടയുള്ള ജനിതകമാറ്റങ്ങളെ മുന്‍കൂറായി കണക്കുകൂട്ടാനുള്ള കഴിവ് നമ്മുടെ ഇമ്യൂണ്‍ സിസ്റ്റത്തിനുണ്ട്. അതുകൊണ്ടാണ്, ഈ വര്‍ഷം അനവധി പുതിയ ജനിതകമാറ്റങ്ങളോടു കൂടി ഡെല്‍റ്റാ വകഭേദം വന്നിട്ടും കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഗുരുതര രോഗം, മരണം ഇവ തടയുന്നതില്‍ 90 ശതമാനത്തില്‍ അധികം ഫലപ്രാപ്തി കാണിക്കുന്നത്. വൈറസ് സ്മാര്‍ട്ടാണെങ്കില്‍ നമ്മുടെ ഇമ്യൂണ്‍ സിസ്റ്റം അതിസ്മാര്‍ട്ടാണെന്നര്‍ഥം.


മൂന്നാമത് ഒരു ഡോസ് കൊടുക്കുമ്പോള്‍ മെമ്മറി കോശങ്ങളിലോ മറ്റു പ്രധാനശ്രേണികളിലോ കാര്യമായ വര്‍ധനവുണ്ടാവുന്നില്ല. താല്‍ക്കാലികമായി ആന്റിബോഡി ഉത്പാദനം കൂടും. അതും രോഗമില്ലാത്ത അവസ്ഥയില്‍. അവ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ താനേ കുറയുകയും ചെയ്യും. എന്നുപറഞ്ഞാല്‍, ആന്റിബോഡികള്‍ കുറയുമെന്നുള്ളത് ശരീരത്തിന്റെ രീതിയാണ്. ആവശ്യമുള്ളപ്പോള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചാല്‍ പോരേ, അല്ലാതെ ശത്രുവിനെ കീഴ്‌പ്പെടുത്തിയ ശേഷവും എന്തിനാണ് തുടര്‍ച്ചയായി ആന്റിബോഡികള്‍ ഉയര്‍ന്ന അളവില്‍ നിലനിര്‍ത്തുന്നത്. ഇത് നമ്മെക്കാളും നമ്മുടെ ശരീരത്തിന് നന്നായറിയാം. കൂടാതെ, കൊവിഡിന്റെ കാര്യത്തില്‍, ഒരാളുടെ രക്തത്തില്‍ കാണപ്പെടുന്ന 'ബൈന്‍ഡിങ്' ആന്റിബോഡികളുടെ അളവ് ആ വ്യക്തിക്ക് ഗുരുതര രോഗം വരുന്നതില്‍ നിന്ന് എത്രത്തോളം സംരക്ഷണം നല്‍കുന്നുണ്ടന്നതില്‍ ഒരു സൂചനയും നമുക്ക് തരുന്നില്ല. (സാധാരണ ലാബുകളില്‍ പരിശോധിക്കുന്നത് ഇത്തരം ബൈന്‍ഡിങ് ആന്റിബോഡികളാണ്). അതായത് ബൈന്‍ഡിങ് ആന്റിബോഡികള്‍ ഉയര്‍ന്ന അളവിലുണ്ടെന്നു കരുതി ഗുരുതരരോഗമുണ്ടാവാന്‍ പാടില്ലെന്ന് യാതൊരു നിയമവും ഈ വൈറസിന്റെ കാര്യത്തിലില്ല. അളവ് കുറഞ്ഞാല്‍ പ്രതിരോധം കുറവാണെന്നും അര്‍ഥമില്ല. (അല്‍പംകൂടി സൂക്ഷ്മമായ ന്യൂട്രലൈസിങ് ആന്റിബോഡികള്‍ സാധാരണ ലാബുകളില്‍ പരിശോധിക്കാന്‍ സാധിക്കുകയില്ല). മറ്റു ചില വൈറസുകളുടെ കാര്യത്തില്‍ (ഉദാഹരണത്തിന് ഇന്‍ഫ്‌ളുവന്‍സ, ഹെപ്പറ്റൈറ്റിസ് ബി) ആന്റിബോഡി ലെവല്‍ അല്‍പ്പം കൂടി രോഗവുമായി ബന്ധമുള്ളതാണ് (കോറിലേഷന്‍). നിര്‍ഭാഗ്യവശാല്‍ കൊവിഡ് അങ്ങനെയല്ല. എന്തുകൊണ്ടെന്നാല്‍, ഓരോ വൈറസും അവയെ ശരീരം നേരിടുന്ന രീതികളും വ്യത്യസ്തമാണ്.
മൂന്നാം ഡോസ് വേണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഈ വിഷയങ്ങളിലെല്ലാം അഗാധമായ അറിവുള്ള ഡോക്ടര്‍മാരാണ്. അല്ലാതെ വാക്‌സിനുണ്ടാക്കുന്ന കമ്പനികളല്ല. അതായത് മൂന്നാമത് ഒരു ഡോസ് കൊടുത്താല്‍ താല്‍ക്കാലികമായി ആന്റിബോഡികളുടെ അളവ് കൂട്ടുന്നതിനപ്പുറം ഒന്നും നേടാനില്ലെന്നതാണ് വാസ്തവം. ആന്റിബോഡി കൂടാതെ നിരവധി ഘടകങ്ങള്‍ നമ്മുടെ പ്രതിരോധനിരയിലുണ്ട്; ഇവയെല്ലാം അളക്കാന്‍ സാധിക്കുന്നതല്ല. ഇതേ അഭിപ്രായം അമേരിക്കയിലെ തന്നെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു പാനല്‍ പറഞ്ഞിരുന്നു. ഇവര്‍ എഫ്.ഡി.എയുടെ ഉപദേശക സമിതിയാണ്, അവര്‍ 'ബൂസ്റ്റര്‍ എല്ലാവര്‍ക്കും വേണ്ട' എന്ന് 16- 2 ക്രമത്തില്‍ വോട്ട് ചെയ്തു തള്ളിക്കളഞ്ഞിട്ടും ആ രാജ്യത്തെ ചില ഭരണാധികാരികള്‍ 'അതുക്കും മേലെ' തീരുമാനിക്കുകയാണുണ്ടായത്.


നമ്മുടെ നാട്ടില്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവരില്‍ ഗുരുതരമായരോഗം, മരണം എന്നിവ അതീവ വിരളമാണ്. മറ്റു രാജ്യങ്ങളിലും ഇതേ നിരീക്ഷണമുണ്ട്. അതിനാല്‍ ധൈര്യമായിരിക്കാം. കാന്‍സര്‍, വൃക്കരോഗം മുതലായ അവസ്ഥകളുള്ളവരില്‍ രണ്ടു ഡോസ് കൊടുത്തിട്ടും പ്രതിരോധം കുറവായതിനാല്‍ മൂന്നു ഡോസ് എടുക്കാമെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് ഗുരുതരമായി ബാധിക്കുന്നത് 60 വയസിനു മുകളിലുള്ളവരിലാണ്. എന്നാല്‍, അവരില്‍ പോലും രണ്ടില്‍ കൂടുതല്‍ ഡോസ് കൊടുത്താല്‍ സംരക്ഷണം കൂടുമെന്നതിന് യാതൊരു തെളിവും ഇന്നുവരെയില്ല. മാസ്‌ക്, മറ്റു നിയന്ത്രണങ്ങള്‍ എന്നിവ ദീര്‍ഘകാലം പാലിച്ചാല്‍ മാത്രമേ നമുക്ക് റിസ്‌ക് കുറയ്ക്കാന്‍ സാധിക്കൂ. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടയ്ക്ക് കൂടുതല്‍ ഡോസുകളെടുക്കുന്നത് നിലവിലുള്ള അറിവിനെ അടിസ്ഥാനമാക്കി ഭോഷത്തരം എന്നേ പറയാന്‍ പറ്റൂ.


നിറഞ്ഞ ഗ്ലാസിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ച് സമാധാനിക്കുന്നതു പോലെയാണിത്. 'എന്തൊക്കെയോ ചെയ്തു' എന്ന് ഒരാശ്വാസം കിട്ടും എന്നല്ലാതെ പ്രതിരോധത്തില്‍ വര്‍ധനവുണ്ടാവില്ലെന്ന് ഇന്നുവരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. ഈ വാസ്തവം ചൂണ്ടിക്കാട്ടി കഴിഞ്ഞആഴ്ച ലാന്‍സെറ്റ് ജേണലില്‍ പ്രശസ്ത ശാസ്ത്രജ്ഞര്‍ ലേഖനം എഴുതിയിരുന്നു. എന്നിട്ടും അമേരിക്കക്കാര്‍ കളിപ്പാട്ടം വാഗ്ദാനം ചെയ്യപ്പെട്ട കുട്ടിയെപ്പോലെ 'ഞങ്ങള്‍ക്ക് എങ്ങനെയും ബൂസ്റ്റര്‍ കിട്ടിയേ പറ്റൂ' എന്നു വാശിപിടിക്കുന്നു. അവിടത്തെ സര്‍ക്കാര്‍ തന്നെയാണ് 'നിങ്ങള്‍ക്ക് ഞങ്ങള്‍ കളിപ്പാട്ടം വാങ്ങിത്തരാം' എന്ന രീതിയില്‍ 'എല്ലാവര്‍ക്കും ബൂസ്റ്ററെന്ന്' ഏകപക്ഷീയമായി ആദ്യം വിളംബരം ചെയ്തത്. വിദഗ്ധസമിതിയോടുപോലും ചോദിക്കുന്നത് അതിനുശേഷമാണ്. അപ്പോള്‍ പിന്നെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാവും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. മൂന്നാം ഡോസിനെ ന്യായീകരിക്കുന്നതിനായി നിരത്തപ്പെട്ട പഠനങ്ങള്‍ കുറ്റമറ്റതുമല്ല. കൂടാതെ, അമേരിക്കയിലെ ഇപ്പോഴുള്ള തീവ്രമായ നാലാം തരംഗത്തില്‍ മരണമുണ്ടാവുന്നത് ബൂസ്റ്റര്‍ ഡോസെടുക്കാത്തതു കൊണ്ടല്ല, മറിച്ച് ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാന്‍ വിസമ്മതിച്ചവരിലാണെന്നത് ദൗര്‍ഭാഗ്യകരമാണ്. 30 ശതമാനം പേരും ഞങ്ങള്‍ക്ക് വാക്‌സിന്‍ വേണ്ടാ എന്ന് തറപ്പിച്ചുപറയുന്നു, ആ രാജ്യത്ത് നിലവിലുള്ള കടുത്ത വാക്‌സിന്‍ വിമുഖത മൂലമാണിത്. അവിടെ മരണങ്ങള്‍ കുറയ്ക്കണമെങ്കില്‍ ചെയ്യേണ്ടത് ഇക്കൂട്ടരെ പറഞ്ഞു മനസിലാക്കി രണ്ടു ഡോസ് വാക്‌സിനെടുപ്പിക്കുകയാണ്. അല്ലാതെ വാക്‌സിന്‍ നല്‍കിയവരില്‍ തന്നെ മൂന്നാമതും നാലാമതും കുത്തിവയ്ക്കുകയല്ല.


അമേരിക്കയുടെ വിചിത്രമായ ഈ രീതി കണ്ട് മറ്റു രാജ്യങ്ങള്‍ക്കും നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ ആശങ്ക തുടങ്ങിയിട്ടുണ്ട്. വെറും ഊഹത്തിന്റെ പേരില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നതിനെ ഈ ഘട്ടത്തില്‍ യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇനി അഥവാ ഭാവിയില്‍ വിശിഷ്ടമായ പഠനങ്ങള്‍, 'മൂന്നാം ഡോസ് ഫലം ചെയ്യുമെന്ന് ' നിസ്സംശയം തെളിയിക്കുകയാണെങ്കില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യാം. തുടര്‍ച്ചയായ അന്വേഷണവും വ്യക്തമായ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്വയംതിരുത്തലും ശാസ്ത്രത്തിന്റെ രീതിയാണല്ലോ.

(ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago