രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ മുട്ടുമടക്കി യോഗി പൊലിസ്
ലഖ്‌നൗ: കര്‍ഷക കുരുതി നടന്ന ലേഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനുള്ള പ്രിയങ്കയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനത്തിനു മുന്നില്‍ ഒടുവില്‍ ഉത്തര്‍പ്രദേശ് പൊലിസ് മുട്ടുമടക്കി. തിങ്കളാഴ്ച മുതല്‍ പൊലിസ് കസ്റ്റഡിയിലായിരുന്ന പ്രിയങ്കയെ വിട്ടയക്കാനും പൊലിസ് നിര്‍ബന്ധിതരായി. രാഹുലിനെയും പ്രിയങ്കയെയും ലേഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്തു. രാഹുലും പ്രിയങ്കയും രാത്രിയോടെ ലേഖിംപൂരിലെത്തി കര്‍ഷകരെ കണ്ടു.
ഏറെ നാടകീയതകള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും കര്‍ഷക കൂട്ടക്കൊല നടന്ന ലേഖിംപൂര്‍ ഖേരിയിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. പൊലിസ് വാഹനത്തില്‍ സഞ്ചരിക്കണമെന്നായിരുന്നു ആവശ്യം. തന്റെ വാഹനം പുറത്തുണ്ടെന്നും അതില്‍ സഞ്ചരിക്കാമെന്നും രാഹുല്‍ അറിയിച്ചെങ്കിലും പൊലിസ് സമ്മതിച്ചില്ല.
പൊലിസുമായി വാഗ്വാദമുണ്ടാവുകയും രാഹുലും സംഘവും നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്തതോടെ പൊലിസിനു വഴങ്ങേണ്ടിവന്നു. സ്വകാര്യ വാഹനത്തില്‍ സീതാപൂരിലെത്തിയ രാഹുല്‍ അവിടെ നിന്ന് പ്രിയങ്കാഗാന്ധിക്കൊപ്പമാണ് ലേഖിംപൂരിലേക്ക് തിരിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വച്ച് ഇരു മുഖ്യമന്ത്രിമാരും കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബത്തിന് 50 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനാനുമതി നല്‍കിയെങ്കിലും കൂടെ അഞ്ചുപേരെ ആകാവൂ എന്ന നിര്‍ദേശം പൊലിസ് മുന്നോട്ടുവച്ചിരുന്നു. പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനാണിതെന്ന് പൊലിസ് പറഞ്ഞു.
എ.എ.പി നേതാക്കളും ഖേരിയിലെത്തി. കര്‍ഷകരുടെ ബന്ധുക്കള്‍ ഫോണില്‍ കെജ്‌രിവാളുമായി സംസാരിച്ചു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബി.എസ്.പി നേതാക്കളും ഇന്ന് ഖേരിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."