നവകേരള ബസിനു നേരെ ഷൂ ഏറ്, കരിങ്കൊടി; മറ്റു നടപടികളിലേക്കു കടക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
നവകേരള ബസിനു നേരെ ഷൂ ഏറ്, കരിങ്കൊടി; മറ്റു നടപടികളിലേക്കു കടക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
പെരുമ്പാവൂര്‍: നവകേരള സദസ്സിന്റെ ബസിനു നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകര്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നവകേരള സദസ് പുനരാരംഭിച്ചതിനു പിന്നാലെയാണു സംഭവം. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം.
കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലില്‍ വച്ചായിരുന്നു ഷൂ ഏറ്. അതേസമയം, കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. നവകേരള സദസ്സിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനാണു നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാല്‍ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കോതമംഗലത്ത് നവകേരള സദസില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.
ഇന്നു വരുമ്പോള്‍ ഞങ്ങളുടെ ബസിനു നേരെ ഏറുണ്ടായി. എന്താണ് ഇവര്‍ക്ക് പറ്റിയതെന്നു മനസിലാകുന്നില്ല. ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീര്‍ക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകള്‍ എല്ലാവരും കൂടി ശക്തിയായി ഊതിയാല്‍ കരിങ്കൊടിയുമായി വരുന്നയാളും എറിയാന്‍ സാധനങ്ങളുമായി വരുന്നയാളും പാറിപ്പോകും. പക്ഷേ നാട്ടുകാര്‍ നല്ല സംയമനം പാലിച്ചാണു നില്‍ക്കുന്നത്. അതു തന്നെയാണു വേണ്ടത്. അവരുടെ പ്രകോപനത്തില്‍ കുടുങ്ങരുത്. പക്ഷേ ഏറിലേക്കൊക്കെ പോയാല്‍ പിന്നെ അതിന്റേതായ നടപടികള്‍ തുടരും. സാധാരണ ഗതിയിലുള്ള നടപടികളിലേക്കു കടക്കും. അപ്പോള്‍ പിന്നെ വിലപിച്ചിട്ടു കാര്യമില്ല. നാടിനോടുള്ള വെല്ലുവിളിയാണിതെന്ന് ഇത്തരം ആളുകള്‍ മനസിലാക്കണം. ആര്‍ക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല ഇത്.' മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."