ഹൃദയം തകർന്ന് ദുബൈ നിവാസികൾ; പ്രസിദ്ധമായ 'സീക്രട്ട് ബീച്ച്' അടച്ച് അധികൃതർ
ഹൃദയം തകർന്ന് ദുബൈ നിവാസികൾ; പ്രസിദ്ധമായ 'സീക്രട്ട് ബീച്ച്' അടച്ച് അധികൃതർ
ദുബൈ: ദുബൈയിലെ ഒരു പ്രശസ്തമായ ബീച്ച് താൽക്കാലികമായി അടച്ചതായി റിപ്പോർട്ട്. ദുബൈയിലെ തന്നെ പ്രസിദ്ധമായ ഡ്രൈവ് ഇൻ ബീച്ചായ അൽ സുഫൂഹ് ബീച്ചാണ് അടച്ചത്. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താത്കാലികമായി അടച്ചിട്ടതായി അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
'സീക്രട്ട് ബീച്ച്', 'ഹിഡൻ ബീച്ച്', 'ബ്ലാക്ക് പാലസ് ബീച്ച്' എന്നീ പേരുകളിലും അറിയപ്പെടുന്ന ബീച്ചാണ് അൽ സുഫൂഹ്. അടച്ചുപൂട്ടൽ താൽക്കാലികമാണെന്നും അത് ഉടൻ തുറക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ബീച്ചിലേക്കെത്തുന്ന സഞ്ചാരികളും ദുബൈ നിവാസികളും.
അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകൾക്ക് പേരുകേട്ട ഈ മണൽ പ്രദേശം ബുർജ് അൽ അറബ് ഹോട്ടലിനും പാം ജുമൈറ ദ്വീപിനും ഇടയിലാണ്. മരങ്ങളുടെ ഒരു നിരയ്ക്ക് പിന്നിലായതിനാൽ അതിന്റെ പ്രവേശനം കാണാനാകില്ല. ദുബൈയിലെ മറ്റു ചില ബീച്ചുകളെപ്പോലെ ഇവിടെ ഒരുപാട് വെളിച്ചമടിക്കുന്ന പ്രദേശമല്ല.
പ്രവേശന കവാടം പെട്ടെന്ന് കാണാത്തത് കൊണ്ട് തന്നെ പലർക്കും എളുപ്പത്തിൽ കണ്ടെത്താവുന്ന ഒന്നല്ല ഈ ബീച്ച്. ഇത്തരത്തിൽ ഒരു രഹസ്യ സ്വഭാവം ഉള്ളത് കൊണ്ടാണ് 'സീക്രട്ട് ബീച്ച്', 'ഹിഡൻ ബീച്ച്' എന്നീ പേരുകളിൽ ഇത് അറിയപ്പെടാൻ കാരണം. എന്നാൽ ഈ പേരുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള യാതൊരു നെഗറ്റീവ് വശവും ഈ ബീച്ചിന് ഇല്ല. ഏറെ സുരക്ഷിതവും കൃത്യമായ പൊലിസ് നിരീക്ഷണം ഉള്ളതുമാണ് ഈ ബീച്ച്.
എന്നിരുന്നാലും ധാരാളം ആളുകൾ എത്തുന്ന സ്ഥലമാണ് ഈ സീക്രട്ട് ബീച്ച്. സാധാരണയായി വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നിര തന്നെ ഇവിടെ കാണാം. വാരാന്ത്യങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് ബീച്ചിലേക്കുള്ള പ്രവേശനം ബാരിക്കേഡുകളാൽ അടച്ചത്. പ്രവേശന കവാടത്തിൽ ഒരു സുരക്ഷാ ഗാർഡിനെയും നിർത്തിയിട്ടുണ്ട്. ബീച്ച് അടച്ചെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ എത്തി ഗാർഡിനോട് ബീച്ചിന്റെ കാര്യങ്ങൾ ചോദിക്കുന്നുണ്ട്. ബീച്ച് അടച്ചിട്ടുണ്ടെന്ന് നിരാശരായ സന്ദർശകരോട് വിശദീകരിക്കുന്ന തിരക്കിലാണ് ഗാർഡ്.
അതേസമയം, ബീച്ച് അടച്ച കാര്യവും ബീച്ച് തുറക്കുമെന്ന പ്രതീക്ഷയും നിരവധിപ്പേർ സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നുണ്ട്. "ദയവായി ഈ ബീച്ച് ഞങ്ങളിൽ നിന്ന് എടുക്കരുത്." ഒരു താമസക്കാരൻ പോസ്റ്റുചെയ്തു. റെഡ്ഡിറ്റിൽ സമാനമായ വൈകാരിക സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഇത് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു രഹസ്യ കടൽത്തീരമായിരിക്കും. അവർ അത് അടച്ചാൽ ദുബൈയിലെ എന്റെ ജീവിതം അവസാനിച്ചു." മറ്റൊരു ഉപയോക്താവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."