മലേറിയ വാക്‌സിന്‍ വഴിത്തിരിവെന്ന് ലോകാരോഗ്യ സംഘടന
ജനീവ: മലേറിയക്കെതിരായി വികസിപ്പിച്ച വാക്‌സിന്‍ വഴിത്തിരിവെന്ന് ലോകാരോഗ്യ സംഘടന. മോസ്ഖിറിക്‌സ് (ആര്‍.ടി.എസ്.എസ്) വാക്‌സിന് കഴിഞ്ഞദിവസമാണ് ഡബ്ല്യു.എച്ച്.ഒ അംഗീകാരം നല്‍കിയത്. ബ്രിട്ടിഷ് മരുന്നുനിര്‍മാണ കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്.
ലോകത്ത് പ്രതിവര്‍ഷം നാലുലക്ഷം പേര്‍ മരിക്കാനിടയാകുന്ന രോഗമാണ് മലേറിയ. 2019 മുതല്‍ ഘാന, കെനിയ, മലാവി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുട്ടികളില്‍ മോസ്ഖിറിക്‌സ് വാക്‌സിന്റെ 23 ലക്ഷം ഡോസ് കുത്തിവച്ചിട്ടുണ്ട്. മലേറിയ ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിപക്ഷവും അഞ്ചുവയസിനു താഴെയുള്ള കുട്ടികളാണ്. ഒരു പതിറ്റാണ്ടോളം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിനു ശേഷമാണ് വാക്‌സിന് ഡബ്ല്യു.എച്ച്.ഒ അനുമതി നല്‍കിയത്.
ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ തന്നെയാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നത് അഭിമാനകരമാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയരക്ടര്‍ ടെഡ്രോസ് അധാനം പറഞ്ഞു. രോഗം ഗുരുതരമായി ബാധിച്ച കുട്ടികളില്‍ വാക്‌സിന്‍ കുത്തിവയ്ക്കാനാണ് ഇപ്പോള്‍ അനുമതി.
കൊവിഡിനെക്കാളും മാരകമാണ് മലേറിയ. കൊവിഡ് ബാധിച്ച് ഒന്നര മാസത്തിനിടെ 2,12,000 പേരാണ് മരിച്ചത്. എന്നാല്‍, മലേറിയ ബാധിച്ച് 2019ല്‍ മാത്രം 3,86,000 പേരാണ് ആഫ്രിക്കയില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."