എല്ലാവര്‍ക്കും തുല്യ അവസരം, കേരളത്തിലെ കുട്ടികളെ പ്രത്യേകം പരിഗണിക്കുന്നില്ല; മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തിനെതിരെ ഡല്‍ഹി സര്‍വ്വകലാശാല
ന്യൂഡല്‍ഹി: മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തിനെതിരെ ഡല്‍ഹി സര്‍വ്വകലാശാല. സര്‍വ്വകലാശാലയില്‍ എല്ലാ കുട്ടികള്‍ക്കും തുല്യ അവസരമാണ് നല്‍കുന്നതെന്നും കേരളത്തിലെ കുട്ടികളെ പ്രത്യേകം പരിഗണിക്കുന്നില്ലെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി. നൂറു ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. സ്വാഭാവികമായും അവര്‍ക്കാണ് കൂടുതല്‍ പ്രവേശനം ലഭിക്കുക.
'എല്ലാമാനദണ്ഡങ്ങളും നോക്കിയാണ് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി കുട്ടികലെ വേര്‍തിരിച്ചു കാണുന്നത് ലജ്ജാവഹം തന്നെ' എസ്.എഫ്.ഐ അംഗം അഖില്‍ കെ.എം ദ ഹിന്ദുവിനോട് പറഞ്ഞു.
ആദ്യ കട്ട് ഓഫ് ലിസ്റ്റില്‍ 60,904 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചതായി സര്‍വകലാശാല അറിയിച്ചു. അവരില്‍ 46,054 പേര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനില്‍ നിന്നുള്ളവരാണ്.
വ്യാഴാഴ്ച വരെ 31,172 സി.ബി.എസ്ഇക്കാരും കേരള ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന് കീഴിലുള്ള 2,365 കുട്ടികളും ഹരിയാന ബോര്‍ഡില്‍ 1540 കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍സില്‍ നിന്ന് 1429, രാജസ്ഥാന്‍ ബോര്‍ഡ് 1, 301 എന്നിങ്ങനെയാണ് അഡ്മിഷനെടുത്തത്. സര്‍വ്വകലാശാല വ്യക്തമാക്കുന്നു.
പ്രശസ്തമായ ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍, യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കിടയിലും നീതിയും തുല്യതയും നിലനിര്‍ത്തേണ്ടത് അതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ആര്‍ എസ് എസ് അധ്യാപക സംഘടനയുടെ നേതാവ് കൂടിയായ കുമാര്‍ പാണ്ഡെ തന്റെ ഉള്ളിലിരിപ്പ് പങ്കുവെച്ചത്. ആര്‍ എസ് എസ് ബന്ധമുള്ള അധ്യാപക സംഘടന നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് പാണ്ഡെ.
ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ കട്ട് ഓഫ് പുറത്തുവന്നപ്പോള്‍ തന്നെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ പ്രവേശനം നേടിയിരുന്നു. ഇതാണ് പ്രൊഫസറെ ചൊടിപ്പിച്ചത്. കേരളത്തില്‍ മാര്‍ക്ക് ജിഹാദ് എന്ന തലക്കെട്ടാണ് പ്രൊഫസര്‍ ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."