മാര്‍ക്ക് വാങ്ങിയാലും ജിഹാദ് !
ഡല്‍ഹി സര്‍വകലാശാലയിലേക്ക് മലയാളി വിദ്യാര്‍ഥികളുടെ ഒഴുക്ക് കേരളത്തിലെ മാര്‍ക്ക് ജിഹാദ് കാരണമെന്ന് പ്രൊഫസര്‍
ന്യൂഡല്‍ഹി: ഉയര്‍ന്ന മാര്‍ക്കുമായി ഡല്‍ഹി സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് മലയാളി വിദ്യാര്‍ഥികളുടെ ഒഴുക്കുണ്ടായതോടെ കേരളത്തില്‍ മാര്‍ക്ക് ജിഹാദെന്ന വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍.
കിറോറി മാല്‍ കോളജിലെ ഫിസിക്‌സ് വകുപ്പിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് മാര്‍ക്ക് ജിഹാദ് ആരോപണം ഉന്നയിച്ചത്. സമൂഹ മാധ്യമത്തില്‍ പാണ്ഡെ ഉന്നയിച്ച വാദം വിവാദമായതിനുപിന്നാലെ മാധ്യമങ്ങളോടും വാദം ന്യായീകരിച്ചു.
കേരള സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നും ഇതിന് വന്‍തോതില്‍ പണമൊഴുക്കുന്നുണ്ടെന്നും പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതുപക്ഷമാണ്. ഡല്‍ഹി സര്‍വകലാശാല പ്രവേശന രീതി മാറ്റണമെന്ന് വി.സിയോട് ആവശ്യപ്പെട്ടെന്നും പാണ്ഡെ പറഞ്ഞു.
ആര്‍.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയുടെ മുന്‍ ഭാരവാഹിയാണ് പാണ്ഡെ. കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ മാര്‍ക്ക് ജിഹാദ് ചില കോളജുകളിലെ പ്രത്യേക കോഴ്‌സുകളില്‍ അമിത പ്രവേശനം നടത്താന്‍ നിര്‍ബന്ധിതരാക്കുന്നു. കാരണം, അപേക്ഷിച്ചവര്‍ക്കെല്ലാം നൂറ് ശതമാനം മാര്‍ക്കുണ്ട്. എന്നിങ്ങനെയാണ് പരാമര്‍ശം.
കേരളത്തില്‍ നിന്ന് 100 ശതമാനം മാര്‍ക്ക് ലഭിച്ച നിരവധി പേരാണ് ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ കോളജുകളിലേക്ക് അപേക്ഷിച്ചത്.
സര്‍വകലാശാലക്ക് കീഴിലെ ഹിന്ദു കോളജില്‍ ആദ്യദിനം തന്നെ പൊളിറ്റിക്കല്‍ സയന്‍സില്‍ നൂറിലധികം വിദ്യാര്‍ഥികളാണ് നൂറ് ശതമാനം മാര്‍ക്കുമായി എത്തിയത്. ഇതില്‍ ഒരാള്‍ ഒഴികെ എല്ലാവരും കേരളത്തില്‍ നിന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."