വര്‍ഗീയവിഭജനത്തിന്റെ പുതിയ പ്രയോഗങ്ങള്‍
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുടര്‍ന്ന് ഡല്‍ഹി കീറോറിമാല്‍ കോളജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ മറ്റൊരു ജിഹാദ് കണ്ടുപിടിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് അധ്യാപക സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റാണ് ഈ അധ്യാപകന്‍. കേരളത്തില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കുവാങ്ങി ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നതിനെ മാര്‍ക്ക് ജിഹാദ് എന്നാണ് ഈ പ്രൊഫസര്‍ വിശേഷിപ്പിച്ചത്. നാര്‍കോട്ടിക് ജിഹാദ് എന്ന പ്രയോഗത്തിന്റെ പേറ്റന്റ് കേരളത്തിലെ ഒരു ബിഷപ്പ് അടുത്തിടെയാണ് നേടിയെടുത്തത്. അതിന്റെ ചുവടുപിടിച്ചാണ് മാര്‍ക്ക് ജിഹാദ് എന്ന പ്രയോഗം ഡല്‍ഹിയിലെ പ്രൊഫസര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മുസ്‌ലിംവിരുദ്ധ അജന്‍ഡയുടെ ഭാഗമായി പലവിധ ജിഹാദുകള്‍ അണിയറയില്‍ ഇനിയും ഒരുങ്ങുന്നുണ്ടാകണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മലപ്പുറത്തെ കുട്ടികള്‍ പരീക്ഷ പാസാകുന്നത് കോപ്പിയടിച്ചിട്ടാണെന്ന് ആരോപിച്ചിരുന്നു. റാങ്കുകള്‍ വാരിക്കൂട്ടിയാണ് മലപ്പുറത്തെ കുട്ടികള്‍ ഈ ആരോപണത്തിന് മറുപടി നല്‍കിയത്. വി.എസ് അച്യുതാനന്ദന്റെ ആരോപണത്തില്‍ നിന്ന് പാണ്ഡെയുടെ ആരോപണത്തെ വ്യത്യസ്തമാക്കുന്നത് അത് കേരളത്തിലെ മൊത്തം വിദ്യാര്‍ഥികളെ ബാധിക്കുന്നു എന്നതിലാണ്.
ഡല്‍ഹി സര്‍വകലാശാലയിലെന്നല്ല, വിദേശത്തെ ഹാവാര്‍ഡ്, കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റികളിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വലിയതോതില്‍ പ്രവേശനം നേടുന്നുണ്ട്. ഇതിനെ എന്ത് ജിഹാദ് പേരിട്ടാണാവോ പാണ്ഡെമാര്‍ വിശേഷിപ്പിക്കുക. വര്‍ഗീയ ഫാസിസ്റ്റുകളുടെ ആരോപണങ്ങളെ ഖണ്ഡിച്ച് സമയം കളയുന്നതിനുപകരം വിജയങ്ങളുടെ കൊടുമുടി കീഴടക്കുകയെന്നത് നമ്മുടെ വിദ്യാര്‍ഥിസമൂഹം അജന്‍ഡയായി എടുക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്.
ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശനത്തിന്റെ ആദ്യ പട്ടികയില്‍ കൂടുതല്‍ മലയാളികള്‍ പ്രവേശനം നേടിയതാണ് ആര്‍.എസ്.എസ് പ്രൊഫസറെ ചൊടിപ്പിച്ചത്. കേരളത്തിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും എല്ലാവര്‍ക്കും തുല്യാവസരമാണ് നല്‍കുന്നതെന്നുമുള്ള ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്തയുടെ വിശദീകരണങ്ങളൊന്നും പാണ്ഡെയെ തണുപ്പിക്കുന്നില്ല. ഡല്‍ഹിയിലെ ഹിന്ദു, രാംജാസ് തുടങ്ങിയ കോളജുകളിലും ആദ്യ പട്ടികയില്‍ ഇടംനേടിയവരില്‍ ഏറെയും കേരളത്തില്‍ നിന്നുള്ള കുട്ടികളാണ്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തി ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി അവിടെ ശോഭിച്ചുകൊണ്ടിരിക്കുന്നവര്‍ സംഘ്പരിവാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മലയാളി വിദ്യാര്‍ഥികളുടെ മെറിറ്റിനെ മറികടക്കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രവേശനം അട്ടിമറിക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിട്ടുവേണം പാണ്ഡെയുടെ ആരോപണത്തെ കാണാന്‍. ഇതാകട്ടെ പാണ്ഡെമാരെ മുമ്പില്‍നിര്‍ത്തി ആര്‍.എസ്.എസ് നടത്തുന്ന അക്കാദമിക് ഹിന്ദുത്വ പ്രവര്‍ത്തനത്തിന്റെ ഭാഗവുമാണ്. ഡല്‍ഹി സര്‍വകലാശാല ആരോപണം നിഷേധിച്ചിട്ടും പാണ്ഡെ തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതും ഈ അജന്‍ഡയുടെ ഭാഗമാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും പരീക്ഷാ നടത്തിപ്പില്‍ മാറ്റംവരുത്തിയിരുന്നു. ഏതൊക്കെ പാഠഭാഗങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ വരികയെന്ന് മുന്‍കൂട്ടി വിദ്യാര്‍ഥികളെ അറിയിച്ചത് കൊവിഡുകാലത്തെ ഒരു മാറ്റമായിരുന്നു. സി.ബി.എസ്.ഇ പരീക്ഷ നടത്താതെയാണ് മുമ്പ് നേടിയ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വിജയിപ്പിച്ചത്. ഇതു കേരളത്തില്‍ മാത്രമുണ്ടായ പ്രതിഭാസമല്ല. എല്ലാ സംസ്ഥാനങ്ങളിലും ഇതേ രീതിയിലായിരുന്നു പരീക്ഷകള്‍ നടന്നത്. കേരളത്തില്‍ നിന്നുള്ളവരില്‍ പലരും ഇതിന്റെ അടിസ്ഥാനത്തില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയെങ്കില്‍ അതിലെന്ത് അത്ഭുതമാണുള്ളത്.
വംശീയവെറിയാണ് പാണ്ഡെയുടെ ജല്‍പനങ്ങള്‍ക്ക് പിന്നില്‍. അക്കാദമിക് ഹിന്ദുത്വ ഡല്‍ഹി സര്‍വകലാശാലാ കാംപസുകളില്‍ വേരുപിടിപ്പിക്കാന്‍ ആര്‍.എസ്.എസ് ഭഗീരഥ പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലുള്ളത് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. ഇതുതന്നെയാണ് സംഘ്പരിവാറിനെ അരിശംകൊള്ളിക്കുന്നത്. അക്കാദമിക് ഹിന്ദുത്വയുടെ പുതിയ അജന്‍ഡയുടെ ഭാഗമാണ് ഡല്‍ഹി സര്‍വകലാശാലകളില്‍ മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനം തടയുക എന്നത്. പാണ്ഡെ ഒരു ഉപകരണം മാത്രം.
അടുത്തകാലത്ത് ഡല്‍ഹിയില്‍ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരേയും നടന്ന പ്രക്ഷോഭങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചത് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാനും കൂടിയാണ് ഒരു മുഴം നീട്ടി മാര്‍ക്ക് ജിഹാദ് ആരോപണവുമായി പാണ്ഡെ ചാടിവീണിരിക്കുന്നത്. രാജ്യത്ത് എന്ത് നല്ല മാറ്റങ്ങളുണ്ടായാലും അതിനെ വകവച്ചുകൊടുക്കരുതെന്നാണ് ഫാസിസ്റ്റ് തിയറി. അതാണിപ്പോള്‍ പാണ്ഡെമാരിലൂടെ സംഭവിക്കുന്നത്.
മലയാളി വിദ്യാര്‍ഥികള്‍ ജെ.എന്‍.യുവിലും മറ്റു യൂനിവേഴ്‌സിറ്റികളിലും വലിയതോതില്‍ പ്രവേശനം നേടുകയും കലാലയങ്ങളില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുത്വ അജന്‍ഡ പരാജയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് മാര്‍ക്ക് ജിഹാദ് ആരോപണത്തിന്റെ അടിസ്ഥാനവും. ഡല്‍ഹിയിലെ കാംപസുകളില്‍ ഫാസിസത്തിനെതിരായ ആദ്യ ശബ്ദം മുഴങ്ങുന്നത്, തുറന്നെഴുത്തുകള്‍ ഉണ്ടാകുന്നത് മലയാളി വിദ്യാര്‍ഥികളില്‍ നിന്നാണ്. ഈ തിരിച്ചറിവാണ് പാണ്ഡെയെ പോലുള്ള വംശീയവാദികളെ പ്രകോപിതരാക്കുന്നത്. അതിനാല്‍ ഡല്‍ഹിയില്‍ നിന്ന് ഇനിയും ജിഹാദ് വിളികള്‍ ഉണ്ടാകാം. കോളജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുമ്പോള്‍ അഡ്മിഷന്‍ ജിഹാദും ഹോസ്റ്റലുകളില്‍ പ്രവേശനം നേടുമ്പോള്‍ ഹോസ്റ്റല്‍ ജിഹാദും ഇഷ്ട ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ കാന്റീന്‍ ജിഹാദും പ്രതീക്ഷിക്കാം. അതൊരു പരിഹാസ്യപ്രയോഗമായി സംഘ്പരിവാറിനെ തിരിഞ്ഞുകൊത്തും വരെ തുടര്‍ന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."