HOME
DETAILS
MAL
രൂക്ഷവിമര്‍ശനവുമായി നസീര്‍ ഉടന്‍ 'വെട്ടി' ബി.ജെ.പി നേതൃത്വം
backup
October 09 2021 | 04:10 AM
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരിതിരുവനന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തനം ബി.ജെ.പി നേതാക്കള്‍ക്ക് ഇപ്പോള്‍ സേവനമല്ലെന്നും ജീവിതമാര്‍ഗമാണെന്നും മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍. പണ സമാഹരണത്തിനുള്ള മാര്‍ഗമായാണ് തെരഞ്ഞെടുപ്പുകളെ പല നേതാക്കളും കാണുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു.
നേതാക്കള്‍ക്കെതിരേയുള്ള രൂക്ഷവിമര്‍ശനം നടത്തിയ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ നസീറിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബി.ജെ.പിയില്‍ പട്ടിക ജാതിക്കാര്‍ക്കും ന്യൂനപക്ഷ മത വിഭാഗക്കാര്‍ക്കും ഒരു സ്ഥാനവും നല്‍കാറില്ലെന്നും ഇവരെ രണ്ടാംതരം പൗരന്‍മാരായാണ് കാണുന്നതെന്നും നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം എരിതീയില്‍ എണ്ണ ഒഴിച്ച് തീ ആളി കത്തിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ചില മത വിഭാഗങ്ങളെ മാത്രം ഒറ്റപ്പെടുത്തുന്ന രീതി ശരിയല്ല. തൃശൂരില്‍ ഒരു മത വിഭാഗത്തെ ആക്ഷേപിച്ച നേതാവിനെ ശാസിക്കുന്നതിന് പകരം ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഇല്ലാതായി വരികയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടന പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കുന്നുവെന്നാണ് നസീറിന്റെ വിമര്‍ശനവും ഉടനുള്ള പുറത്താക്കലും വ്യക്തമാക്കുന്നത്.
നസീറിനൊപ്പം സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിലെ പുതിയ പ്രസിഡന്റിനെതിരേ പരസ്യ പ്രതികരണം നടത്തിയതിനാണ് നടപടി.
അതേസമയം പാര്‍ട്ടിയില്‍ സുരേന്ദ്രന്റെ സര്‍വാധിപത്യത്തിനെതിരേ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസങ്ങളിലായി രംഗത്തു വരുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."