ഫലസ്തീനിലെ ജനങ്ങൾക്ക് വീണ്ടും കാരുണ്യവുമായി ഖത്തർ; 50 മില്യൺ ഡോളർ വാഗ്ദാനം
ഫലസ്തീനിലെ ജനങ്ങൾക്ക് വീണ്ടും കാരുണ്യവുമായി ഖത്തർ; 50 മില്യൺ ഡോളർ വാഗ്ദാനം
ദോഹ: ഇസ്‌റാഈൽ ക്രൂരതയിൽ ജീവിതം വഴിമുട്ടിയ ഫലസ്തീനിലെ സാധാരണക്കാർക്കുള്ള സഹായം തുടർന്ന് ഖത്തർ. 50 മില്യൺ ഡോളർ (400 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് പുതുതായി സഹായം പ്രഖ്യാപിച്ചത്. ഫലസ്തീൻ പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിക്ക് മറുപടിയായി യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ സംഘടിപ്പിച്ച ഗ്ലോബൽ റെഫ്യൂജി ഫോറത്തിലാണ് ഖത്തർ സഹായം വാഗ്ദാനം ചെയ്തത്.
അഭയാർത്ഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ, പരിക്കേറ്റ വ്യക്തികൾ, അനാഥർ, ഗസ്സയിലെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചവർ എന്നിവർക്ക് വേണ്ടിയാകും ഈ പണം ചെലവഴിക്കുക. എക്‌സ് പ്ലാറ്റ്‌ഫോമിൽ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതറാണ് ഇക്കാര്യം അറിയിച്ചത്.
എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെ പേരിൽ, ഗസ്സയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഖത്തറിൽ വിദ്യാഭ്യാസം തുടരുന്നതിന് 100 യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ നൽകാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്. അൽ-ഫഖൂറ പ്രോഗ്രാമിലൂടെയാകും ഇത് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസ്സയിലേക്ക് ഖത്തറിന്റെ നേരിട്ടുള്ള സഹായം തുടരുകയാണ്. ആംബുലൻസുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണക്കിറ്റുകൾ, കുട്ടികൾക്കുള്ള ഭക്ഷണം, വസ്ത്രം തുടങ്ങി നിരവധി വസ്തുക്കളാണ് ഗസ്സയിൽ എത്തിക്കുന്നത്. ഇതിനു പുറമെ ഗുരുതര പരിക്കേറ്റവരെ ഖത്തറിൽ എത്തിച്ച് ചികിത്സയും നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."