HOME
DETAILS
MAL
കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും രാജ്ഭവന്‍ ധര്‍ണ നടത്തി
backup
October 09 2021 | 04:10 AM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ധര്‍ണ നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ 600 പേരുടെ ജീവനാണ് നഷ്ടമായത്. രാജ്യം ഇതിന് മുന്‍പും തീക്ഷ്ണമായ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ കാലാകാലങ്ങളില്‍ ഭരണത്തിലുള്ള സര്‍ക്കാരുകള്‍ രമ്യമായി പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അരനൂറ്റാണ്ടുകാലത്തെ ഭരണത്തിന്റെ ഫലമായി രാജ്യത്ത് നിര്‍മിച്ച വിമാനത്താവളങ്ങളും പോസ്‌റ്റോഫിസും റെയില്‍വേയും ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ തെരുവോര കച്ചവടക്കാരന്റെ മനോഗതിയോടെ ലേലം വിളിച്ച് കോര്‍പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി തോമസ് എം.എല്‍.എ, ടി.സിദ്ധിഖ് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി പ്രചാരണസമതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എം.പി മറ്റ് എം.പിമാര്‍, എം.എല്‍.എമാര്‍, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്തു. രാജ്ഭവന്‍ ധര്‍ണയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് 13 ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ ഡി.സി.സിയുടെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."