HOME
DETAILS
MAL
ലേഖിംപൂര്‍ കര്‍ഷകക്കുരുതി ; മന്ത്രിപുത്രന് അറസ്റ്റില്‍
backup
October 09 2021 | 17:10 PM
ലഖ്നൗ: ലേഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്ര അറസ്റ്റില്‍. ഇയാളെ പൊലിസ് 12 മണിക്കൂറുകളോളം ചോദ്യംചെയ്തു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവിയും ഡെപ്യൂട്ടി ഐ.ജിയുമായ ഉപേന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടാമതും സമന്‍സ് നല്‍കിയതിനെ തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് ലേഖിംപൂരില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി11 വരെ നീണ്ടു.
സംഭവ സമയം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ആശിഷ് മിശ്ര അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചത്. ആശിഷ് മിശ്ര ഓടിച്ച വാഹനം ഇടിച്ചാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്നാണ് എഫ്.ഐ.ആര്. കര്‍ഷകര്‍ക്കെതിരേ ആശിഷ് മിശ്ര വെടിവച്ചുവെന്നും രണ്ടു കര്‍ഷകര്‍ വെടിയേറ്റാണ് മരിച്ചതെന്നും എഫ്.ഐ.ആറിലുണ്ട്. ആശിഷ് മിശ്രയും പിതാവ് അജയ് മിശ്രയും ഇത് നിഷേധിച്ചിരുന്നു.
അതേസമയം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു നിരാഹാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് സിദ്ദു നിരാഹാരം തുടങ്ങിയത്. മന്ത്രിപുത്രന് ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സിദ്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."