മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു
മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി. വിശ്വനാഥന്‍ (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് അന്ത്യം. 83 വയസ്സായിരുന്നു. രണ്ടു തവണ വനംമന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു.
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ കോളജില്‍നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയായ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.
1967 മുതല്‍ 1970 സംഘടനയുടെ തൃശൂര്‍ ജില്ല പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001ലും കൊടകര നിയോജക മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1994 വരെ എ.കെ. ആന്റണിയുടെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വെച്ചു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.
വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വന.സംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ, കേരള സ്റ്റേറ്റ് കോഓപറേറ്റീവ് യൂണിയന്‍ മാനേജിങ്ങ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."