സുരേന്ദ്രനെതിരേ രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: ബി.ജെ.പി ദേശീയനിര്‍വാഹകസമിതിയില്‍ നിന്നു പുറത്തായതിനു പിന്നാലെ കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുന്ന ഹിരണ്യകശിപുവിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സുരേന്ദ്രനെതിരേ ശോഭ ഫേസ്ബുക്കില്‍ ആഞ്ഞടിച്ചത്. ഒരിക്കലും പദവികള്‍ക്ക് പുറകെ പോയിട്ടില്ലെന്നും ജനങ്ങളെ സേവിക്കാന്‍ ചുമതലകള്‍ ആവശ്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.
പതിമൂന്നാം വയസില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ച താന്‍ ഇതുവരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല. പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. ജീവനെപ്പോലെ സ്‌നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു. അവ കലര്‍പ്പില്ലാത്ത സമര്‍പ്പണഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചുവിശ്വസിക്കുന്നു. ശ്രീരാമഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെ. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്നു തെളിയിച്ച ഒരുപാട് മഹദ്‌വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ടെന്നും ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."