HOME
DETAILS

ഏറനാടിന്‍ ധീരമക്കള്‍... തിരുത്തും താക്കീതും

  
backup
October 10 2021 | 02:10 AM

68412346841
കെ ഇ എന്‍
 
1921 ലെ മലബാര്‍ വിപ്ലവസ്മരണകള്‍ സ്വയമൊരു സമരമായപ്പോഴാവണം 'ഏറനാടിന്‍ ധീരമക്കള്‍' എഴുതപ്പെട്ടത്. സ്മരണകള്‍ വെറും 'കീര്‍ത്തന'ങ്ങളാവുമ്പോള്‍, അധികാരത്തോട് കലഹിക്കുന്ന കലാരചനകള്‍ ഉണ്ടാവുകയില്ല. ഉണ്ടായാല്‍ തന്നെ ഒരു കാലഘട്ടത്തെയാകെ ത്രസിപ്പിക്കുന്ന വീര്യമുല്‍പ്പാദിപ്പിക്കാന്‍ അതിനൊരിക്കലും കഴിയുകയുമില്ല. മറവി ഓര്‍മകളെ മറിച്ചിടുന്ന കാലത്ത്, വര്‍ത്തമാനകാലത്തിന്റെ 'പകിട്ടില്‍' മാത്രമായി ജീവിതം പരിമിതപ്പെടും. 'നിസഹായസ്മരണകള്‍' കടന്നുപോയ കാലത്തെക്കുറിച്ച് ഒന്നോര്‍മിപ്പിച്ചുകൊണ്ട്, സ്വയം ഭൂതകാലത്തിലേക്ക് ആ സ്മരണകളൊക്കെയും പിന്മാറും. എന്നാല്‍ സമരമായിത്തീരുന്ന സ്മരണകള്‍ ഭൂതകാലമാവാന്‍ വിസമ്മതിക്കുന്നൊരു ഭൂതകാലമായി, വര്‍ത്തമാനകാലത്തെ ദീപ്തമാക്കും. നിവര്‍ന്നുനിന്ന് ഭാവിയെ അത് അഭിവാദ്യം ചെയ്യും. 'കമ്പളത്തും ഏറനാടിന്‍ ധീരമക്കളും' എന്ന ഷെബിന്‍ മഹ്ബൂബിന്റെ ശ്രദ്ധേയമായ പുസ്തകം, കാലമരവിപ്പിനെ പൊള്ളിക്കുന്നൊരു കനല്‍ക്കരുത്തിന്റെ ജ്വലിച്ചുകൊണ്ടിരിക്കുന്നൊരു ചൂളയാണ്. നല്ലൊരു ഭാവിക്കുവേണ്ടി, ഭൂതകാലം ഉച്ചരിച്ച ഒരുവാക്കും, വെറുതെയാവില്ലെന്ന സമരസന്ദേശമാണ് കമ്പളത്തിനൊരു ഉജ്ജ്വലസ്മരാകമായി തീര്‍ന്ന 'കമ്പളത്തും ഏറനാടിന്‍ ധീരമക്കളും' എന്ന ചരിത്രഗ്രന്ഥം ആവിഷ്‌കരിക്കുന്നത്.
 
വ്യാജപ്രചാരണങ്ങളുടെ വെള്ളപ്പൊക്കത്തില്‍ ചപ്പുചവറുകള്‍ക്കൊപ്പം മൂല്യവത്തായ പലതും മുങ്ങിപ്പോവുമെങ്കിലും, കുതറുന്ന സ്മരണകള്‍ അവയ്‌ക്കൊപ്പം ആ വിധം മുങ്ങിപ്പോവുകയില്ല! അഥവാ എങ്ങനെയെങ്കിലും മുങ്ങിപ്പോയാലും, മറ്റെവിടെയെങ്കിലും വര്‍ധിതവീര്യത്തോടെ അത് പൊങ്ങിവരും. ആത്മബോധമുള്ള അവസാനത്തെ മനുഷ്യന്റെ മരണംവരെ, സ്മരണകളും മരിക്കുകയില്ല. ഇനി അങ്ങനെയെങ്ങാനും, സര്‍വനാശിയായ ഒരു 'ദുരന്തം' വന്ന്, മനുഷ്യരാശിയാകെ നമ്മുടെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായാലും, 'പ്രകൃതി' ഏതെങ്കിലും വിധത്തില്‍ ഭാവിതലമുറക്കായി, ആ ഓര്‍മകളെ, സ്വന്തമായ രീതിയില്‍ കാത്തുസൂക്ഷിക്കും! അനീതിക്കെതിരെയുള്ള പ്രതിരോധങ്ങളെയോര്‍ത്ത്, ഭയഭീരുതയില്‍ പതറുന്ന അധികാരം, മലബാര്‍ വിപ്ലവത്തിലെന്നപോലെ, ഓര്‍മകളെ കരിച്ചുകളഞ്ഞാലും; കാറ്റില്‍ പറന്നുപോയ ആ 'ഓര്‍മ-ചാരങ്ങള്‍' എപ്പോഴെങ്കിലും ഒരു കൊടുങ്കാറ്റായി നമ്മുടെ അസ്വസ്ഥകാലത്തിന്നിടയിലേക്ക് തിരിച്ചുവന്നേക്കും. ചിലപ്പോള്‍ ഒരു പാട്ടായി, മറ്റു ചിലപ്പോള്‍ ഒരു ചുവടുവയ്പ്പായി, അല്ലെങ്കില്‍ ഗദ്ഗദങ്ങളായി!
എത്ര പ്രതിസന്ധികളിലൂടെ കടന്നുപോയാലും സ്മരണകളുടെ സത്യത്തെ അധികാരത്തിനൊരിക്കലും സമ്പൂര്‍ണമായും അവസാനിപ്പിക്കാനാവില്ല. കമ്പളത്തിന്റെ 'ഏറനാട്ടിന്‍ ധീരമക്കള്‍' സാമ്രാജ്യത്വവും ജന്മിത്വവും സവര്‍ണമേധാവിത്വവും കുഴിച്ചുമൂടിയിട്ടും, കരിച്ചുകളഞ്ഞിട്ടും, വികലപ്പെടുത്തിയിട്ടും വീര്യമാര്‍ന്നുകൊണ്ടേയിരിക്കുന്ന മലബാര്‍ വിപ്ലവത്തിന്റെ മഹത്തായ സ്മരണകളുടെ ഇനിയും തുടരേണ്ടൊരു പ്രതിരോധത്തിന്റെ പടപ്പുറപ്പാടാണ്. പാട്ടും ചുവടുവയ്പ്പും ഗദ്ഗദവും വീര്യവും കിനാവുമെല്ലാം ചേര്‍ന്ന് ഭൂതകാലം ഉത്പാദിപ്പിച്ച, വര്‍ത്തമാനഭാവികാലങ്ങളെ ഊര്‍ജ്ജപ്പെടുത്തുന്ന, കാലപ്പഴക്കത്തില്‍, 'ജര'ബാധിക്കാത്ത, ജ്വലിക്കുന്ന വിപ്ലവബോധമാണ്, കമ്പളത്തിന്റെ 'ഏറനാടിന്‍ ധീരമക്കളില്‍' വീര്യമാര്‍ജ്ജിക്കുന്നത്.
 
ധീരകമ്യൂണിസ്റ്റ്, അധ്യാപകപ്രസ്ഥാനങ്ങളുടെ നേതാവ്, നാടകകൃത്ത്, നടന്‍, കവി, സാംസ്‌കാരിക വിമര്‍ശകന്‍, വായനശാലാ പ്രവര്‍ത്തകന്‍, ജനകീയ ഡോക്ടര്‍ എന്നിങ്ങനെ സ്വന്തം കാലത്തെ ദീപ്തമാക്കിയ ഒരു മഹാപ്രതിഭ അര്‍ഹിക്കുംവിധം അടയാളപ്പെടുത്തപ്പെടാതെ പോയെങ്കില്‍; 'കമ്പളത്തും ഏറനാടിന്‍ ധീരമക്കളും' എന്ന, യുവഗവേഷകപ്രതിഭയും സാംസ്‌കാരിക വിമര്‍ശകനുമായ ഷെബിന്‍ മെഹബൂബിന്റെ ശ്രദ്ധേയമായ കൃതി ആയൊരു കുറവ് പരിഹരിച്ചിരിക്കുന്നുവെന്ന്, ഒരു നിര്‍വൃതിയോടെ, നമുക്ക് പറയാന്‍ കഴിയും. കേരളത്തിലുടനീളം സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള യാത്രക്കിടയില്‍ ഒരിടത്തും എടുത്തുപിടിച്ചു നില്‍ക്കുംവിധമുള്ള ഒരു 'കമ്പളം സ്മാരകവും' കാണാന്‍ കഴിഞ്ഞിട്ടില്ല! ഇടതുപക്ഷ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കമ്പളത്തിന്റെ പ്രശസ്തമായ 'ഏറനാട്ടിന്‍ ധീരമക്കള്‍' എന്ന പാട്ട് ആശയപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളായി പറയുകയും പാടുകയും ചെയ്തുപോരുന്നുണ്ട്. എന്നാല്‍ അതിനപ്പുറം ഒരു കമ്പളം അവാര്‍ഡ്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരാശുപത്രി, വായനശാല, കളിസ്ഥലം, തിയേറ്റര്‍, കോളജ് അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടും വിധമുള്ള ഒരു റോഡ്, ഒന്നും ഇതുവരെ ഉള്ളതായി അറിയില്ല!
 
 
ചെറിയ മനുഷ്യര്‍ക്ക് വലിയ ജീവചരിത്രമുള്ളൊരു നാട്ടില്‍, പണവും അധികാരവുമുണ്ടെങ്കില്‍ ഏത് പേരിലുള്ള അവാര്‍ഡും ആര്‍ക്കും ഏര്‍പ്പെടുത്താനും 'തരപ്പെടുത്താനും' കഴിയുന്നൊരു കാലത്ത്, സ്വാതന്ത്ര്യപൂര്‍വ ഭാരതത്തിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ഒരേസമയം സമരോത്സുകവും സര്‍ഗാത്മകവുമായ ജീവിതം നയിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ടൊരു പ്രതിഭയുടെ പേരില്‍ ഇതിലൊന്നുപോലുമില്ലാതെ പോയെങ്കില്‍, ഇനിയും ചിതലുപിടിക്കാതെ ജീവിക്കുന്നൊരു ജനത, ഭാവിയിലെ പ്രബുദ്ധജനതക്കുമുമ്പില്‍, അവമാനഭാരംകൊണ്ട് ശിരസ് കുനിക്കേണ്ടിവരും. അന്ന് 'അവമാനവും' ഒരു വിപ്ലവകരവികാരമാണ് എന്നുള്ളത് ഒരു നല്ല എക്‌സ്‌ക്യൂസ് ആവുകയില്ല.
 
പ്രശസ്ത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ എം.എസ് ദേവദാസ്, കമ്പളത്തിന്റെ കവിതകളെ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിതകളോടാണ് സാദൃശ്യപ്പെടുത്തിയത്. കയ്യൂരിനെക്കുറിച്ചുള്ള കമ്പളത്തിന്റെ നാടകവും, 'ഏറനാട്ടിന്‍ധീരമക്കള്‍' എന്ന പാട്ടും, 'ജന്മിത്തത്തിന്റെ കാലടിയില്‍' എന്ന പ്രബന്ധവും അദ്ദേഹത്തിന്റെ അനവധിയായ പ്രഭാഷണങ്ങളും അക്കാലത്ത് പതിനായിരങ്ങളെ പ്രചോദിപ്പിക്കുകയും, സാമ്രാജ്യത്വത്തെ സംഭ്രാന്തമാക്കുകയും ചെയ്തു എന്നുള്ളത് ചരിത്രമാണ്. എന്നിട്ടും അതൊന്നും അര്‍ഹിക്കുംവിധം അടയാളപ്പെടുത്തപ്പെടാതെ പോയത്, എന്തായാലും അദ്ദേഹത്തിന്റെ കുറ്റമല്ല. ഇത്രയെങ്കിലും വിവരം നമുക്ക് കമ്പളത്തെക്കുറിച്ച് ലഭിച്ചതിന്, കമ്പളത്തിന്റെ കുടുംബത്തോടും, അദ്ദേഹത്തിന്റെ അക്കാലത്തെ സഹപ്രവര്‍ത്തകരോടും ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തകരോടും ഷെബിന്‍ മെഹബൂബിനോടുമാണ് നാം ആദ്യമായി കടപ്പെട്ടിരിക്കുന്നത്. പിന്നെ പേരറിയാത്തൊരു 'കള്ളനോടും'!
 
കമ്പളത്തിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് അവിടെനിന്നു കിട്ടിയത് ഒരു പെട്ടിയായിരുന്നു. പ്രതീക്ഷയോടെ അത് തുറന്നുനോക്കിയപ്പോള്‍ അതിലെ കടലാസ് കെട്ടുകള്‍ കണ്ട് ഇളിഭ്യനായ കള്ളന്‍ അവ മുഴുവന്‍ വലിച്ചുകീറി ആ വീടിന്റെ മുറ്റത്തുതന്നെയിട്ട് തിരിച്ചുപോവുകയായിരുന്നു! കമ്പളത്തിന്റെ പേരമകനും എഴുത്തുകാരനും എന്‍.ജി.ഒ യൂനിയന്‍ നേതാവുമായ കെ. വിജയകുമാര്‍, കീറിപ്പറിഞ്ഞ ആ കടലാസുകളില്‍നിന്നാണ്, തങ്ങള്‍ക്കുപോലും വേണ്ടത്ര തിരിച്ചറിയാന്‍ കഴിയാതെപോയ കമ്പളത്തിനെ, സ്വന്തം വല്യച്ഛനെ കണ്ടെത്തുന്നത്. 'വെള്ളക്കാരന്റെ മുഖത്ത് കുത്തിയ പടപ്പാട്ടിന്റെ ചൂട്ട്' എന്ന കെ. വിജയകുമാര്‍ എഴുതിയ ശ്രദ്ധേയമായ പ്രബന്ധം കമ്പളം പഠനത്തിന്റെ പ്രധാന സ്രോതസുകളിലൊന്നാണ്. ഇടതുപക്ഷ സാംസ്‌കാരിക രാഷ്ട്രീയപ്രവര്‍ത്തകര്‍ നടത്തുന്ന പ്രഭാഷണങ്ങളിലും അനുസ്മരണങ്ങളിലും കടന്നുവരുന്ന 'കമ്പള'വും മലയാളിപ്രബുദ്ധതയുടെ കരുത്താണ്.
 
എന്നാല്‍ ഏറെക്കുറെ സമഗ്രതയും സൂക്ഷ്മതയും പുലര്‍ത്തുന്ന കമ്പളംപഠനം 'പുസ്തകരൂപത്തില്‍' വരുന്നത് ഇപ്പോഴാണ്. കമ്പളത്തെക്കുറിച്ച് ലഭ്യമായ ലിഖിതപരാമര്‍ശങ്ങളെല്ലാം ചേര്‍ത്തുവച്ചും, കന്വളത്തിനൊപ്പം ജീവിച്ച സാമൂഹ്യസാംസ്‌കാരികപ്രവര്‍ത്തകരെ കണ്ട് സംസാരിച്ചും പാഴായിപ്പോവുമായിരുന്ന വാമൊഴിസ്രോതസുകളെ പ്രസക്തമാംവിധം പ്രയോജനപ്പെടുത്തിയും, നഷ്ടപ്പെട്ടതെന്ന് കരുതപ്പെട്ട കമ്പളംകവിതകള്‍ കണ്ടെത്തിയും സ്വന്തമായ വിശകലനങ്ങള്‍ സമന്വയിപ്പിച്ചും, ഷെബിന്‍ നിര്‍വ്വഹിച്ച ഈ പഠനത്തിന് കമ്പളത്തിന് വേണ്ടി ഒരുപക്ഷേ, ഭാവിയില്‍ നിര്‍മിക്കപ്പെട്ടേക്കാവുന്ന ഏതൊരു പ്രതിമയേക്കാളും തലപ്പൊക്കമുണ്ട്. അനുസ്മരണങ്ങളുടെ ഭാഗമായി 'പ്രതിമകള്‍' കഴിയുന്നത്ര കുറച്ചും, എന്നാല്‍ അനുസ്മരിക്കപ്പെടുന്ന പ്രതിഭകളുടെ ഇടപെടലുകളെ ദൃഢപ്പെടുത്തുന്ന അന്വേഷണങ്ങള്‍ കൂടുതലുമാണ് നമ്മുടെ കാലത്ത് ആവശ്യമായിട്ടുള്ളത്. ബ്രെഹ്‌തോള്‍ഡ് ബ്രെഹ്തിന്റെ, അനുസ്മരണത്തിന്റെ രാഷ്ട്രീയം ആവിഷ്‌ക്കരിക്കുന്ന 'കുലാന്‍ബുയാക്കിലെ പരവതാനിനെയ്ത്തുകാര്‍ ലെനിനെ ആദരിച്ചവിധം' എന്ന പ്രശസ്തമായ കവിതയില്‍, തൊഴിലാളികള്‍ ലെനിന് പ്രതിമ നിര്‍മിക്കാന്‍ വേണ്ടി പിരിച്ച പണം, കൊതുക് നിവാരണപ്രവര്‍ത്തനത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്തുകൊണ്ട് ലെനിന്‍ പ്രതിമക്കുപകരം കൊതുകുനിവാരണം നടത്തിയെന്ന് വിശദീകരിക്കുന്നൊരു ബോര്‍ഡെഴുതി റെയില്‍വെസ്റ്റേഷനു മുമ്പില്‍ വയ്ക്കണമെന്ന ഒരു തൊഴിലാളിയുടെ നിര്‍ദേശത്തൊടെയാണ് ആ കവിത അവസാനിക്കുന്നത്. പറഞ്ഞുവരുന്നത് പ്രതിമക്ക് പ്രതീകാത്മമൂല്യം മാത്രമാണുള്ളതെന്ന് മറക്കരുതെന്നാണ്. പ്രതിമാപ്രളയമല്ല പ്രവര്‍ത്തനപ്രവാഹമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരമൊരു സാംസ്‌കാരികദൗത്യം നിര്‍വഹിക്കാന്‍, കമ്പളത്തിനെക്കുറിച്ചുള്ള മലയാളത്തിലെ ഈയൊരു ഗ്രന്ഥത്തിന് കഴിഞ്ഞിരിക്കുന്നുവെന്നുള്ളത് മതനിരപേക്ഷകേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
 
'ചിന്താവിഷ്ടയായ സീത'യില്‍ സീതയുടെ പൊള്ളിപിടയുന്ന അവസ്ഥയെ അനുഭവിപ്പിക്കാന്‍, 'തീ ചുഴ്ന്നുടല്‍ കത്തുന്നൊരു ബാലപോലെ' എന്നുള്ള ആശാന്‍പ്രയോഗം ഏതര്‍ഥത്തിലും മലയാളകവിതയിലെ സംഭ്രമജനകമായൊരു സാദൃശ്യ കല്‍പനയാണ്. ശരീരമാകെ തീ പടര്‍ന്നിരിക്കുന്നു എന്നതിനൊപ്പം അപ്പോള്‍പോലും സ്വന്തംവസ്ത്രം ഊരിയെറിയാന്‍ കഴിയാത്ത ഒരു സ്ത്രീയുടെ പകപ്പും ആ കാവ്യകല്‍പനയില്‍ പൊള്ളുന്നുണ്ട്. എന്നാല്‍ ചിന്താവിഷ്ടയായസീതയടക്കമുള്ള ആശാന്റെ സകലകൃതികളിലെയും കാവ്യകല്‍പനകളെയാകെ അതിശയിപ്പിക്കുംവിധം, ആ 'ദുരവസ്ഥ'യില്‍ ഭൂമികുലുക്കംവിധമുള്ള രണ്ട് 'കാവ്യക്കുത്തു'കളുണ്ട്.
 
'കാവ്യ കടാക്ഷങ്ങള്‍' പകരുന്ന പുളകങ്ങള്‍ക്കിടയില്‍, പൊട്ടിത്തെറിക്കുന്ന ആ 'കാവ്യകുത്തു'കളില്‍ ഒന്ന് ദുരവസ്ഥയുടെ തുടക്കത്തില്‍തന്നെ പത്തിവിടര്‍ത്തി നില്‍ക്കുന്നുണ്ട്. 'മുമ്പോട്ടുകാലം കടന്നു പോയിടാതെ/ മുമ്പേ സ്മൃതികളാല്‍ കോട്ടകെട്ടി...' എന്ന ആ ഒരൊറ്റ 'ജാതിക്കോട്ട' പൊളിക്കുന്നതിന്റെ ആഘോഷമാണ്, 'ദുരവസ്ഥ'യെന്ന ആശാന്‍ കാവ്യം നിസംശയം ആവിഷ്‌കരിക്കുന്നത്. അത്ര ശ്രദ്ധിക്കപ്പെടുകയില്ലെങ്കിലും 'ജാതിജെയില്‍' എന്ന മറ്റൊരു 'കാവ്യകുത്തും' പ്രകടവും രൂക്ഷവുമായ ജാതിവിമര്‍ശങ്ങള്‍ക്കിടയില്‍ ആ കൃതിയിലുണ്ട്. സ്വന്തം കൊള്ളരുതായ്മകളെ പ്രതിരോധിക്കാന്‍, ഒരു, 'മനുക്കോട്ട'; അതിനെതിരെ പൊരുതുന്നവരെ അടിച്ചൊതുക്കാന്‍ മറ്റൊരു 'ജാതിജെയില്‍', ഈ രണ്ട്, 'കാവ്യക്കുത്തു'കള്‍ക്കുമിടയിലാണ് ദുരവസ്ഥയിലെ ബാക്കി 'കഥകളെല്ലാം'സംഭവിക്കുന്നത്. അതിന്നിടയില്‍, സാധാരണഗതിയില്‍ അസാധ്യമായ സാവിത്രി-ചാത്തന്‍ പ്രണയത്തെ ഒന്ന് നന്നായി കൊഴുപ്പിക്കാന്‍ കുമാരനാശാന്‍ കണ്ടെത്തിയ, 'മാപ്പിളലഹള'യുടെ പശ്ചാത്തലത്തെച്ചൊല്ലിയാണ്, ക്രൂരമുഹമ്മദര്‍.... തുടങ്ങിയ ഒട്ടും ശരിയല്ലാതെ കടന്നുവന്ന ആ കൃതിയിലെ വിദ്വേഷപ്രയോഗങ്ങളെക്കുറിച്ചാണ് വിമര്‍ശനമുണ്ടായത്. അതുള്‍ക്കൊണ്ട് ദുരവസ്ഥയുടെ അടുത്തപതിപ്പില്‍നിന്ന് അത്തരം പ്രയോഗങ്ങള്‍ നീക്കംചെയ്യാമെന്ന് ആശാന്‍ സമ്മതിച്ചതോടെ ആ പ്രശ്‌നം അവസാനിക്കുകയും ചെയ്തു.
 
എന്നാല്‍ 1922ല്‍ ദുരവസ്ഥ എഴുതുമ്പോള്‍ ആശാനുപറ്റിയ ആ കൈപ്പിഴ, ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു കവി 'കാവ്യാത്മകമായി'പ്രത്യേകിച്ചൊരു പരസ്യവും കൂടാതെ ഹൃദ്യമാംവിധം തിരുത്തിയത് പലരും തിരിച്ചറിയുകയോ, അതുകൊണ്ടുതന്നെ അടയാളപ്പെടുത്തുകയോ ചെയ്തില്ല! ആ കവിയുടെ പേരാണ് 'കമ്പളത്ത് ഗോവിന്ദന്‍ നായര്‍'. കോളിളക്കമുണ്ടാക്കിയ ആ കവിതയുടെ പേരാണ്, 'ഏറനാടിന്‍ ധീരമക്കള്‍'!
 
ആശാന്റെ ദുരവസ്ഥയിലെ 'ഏറനാട്' ക്രൂരമുഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോന്ന ഏറനാടാണ്. അവിടെ പാര്‍പ്പുറപ്പിച്ചിരിക്കുന്നത് ക്രൂരദുഷ്ടരാക്ഷസപരിഷകളായ മാപ്പിളമാരാണ്. ജാതിമേല്‍ക്കോയ്മയുടെ പശ്ചാത്തലത്തില്‍ 'ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ'ക്കുറിച്ച് അനുഭാവപൂര്‍ണമായ പരാമര്‍ശങ്ങളും ദുരവസ്ഥയിലുണ്ട്. അതുപക്ഷേ 'ജാതിമേല്‍ക്കോയ്മ'പക്ഷക്കാര്‍ വാദിക്കുന്നതുപോലെ, ബ്രിട്ടനുള്ള സിന്ദാബാദല്ല, മറിച്ച് ജാതിമേല്‍ക്കോയ്മക്കെതിരെയുള്ള മൂര്‍ദ്ദാബാദാണ്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി കമ്പളം കവിത അടിമുടി ബ്രിട്ടീഷ് വിരുദ്ധമാണ്. അതാരംഭിക്കുന്നത് സര്‍വര്‍ക്കും അറിയാവുന്നതുപോലെ', 'അന്നിരുപത്തിയൊന്നില്‍ നമ്മളീ മലയാളത്തില്/ഒന്നുചേര്‍ന്ന് വെള്ളയോടെതിര്‍ത്ത് നല്ലമട്ടില്' എന്നിങ്ങനെയാണ്. ഇരുപത്തിയൊന്നിലെ ചരിത്രപ്രസിദ്ധമായ 'വിപ്ലവം' നടന്നത് 'നമ്മളും' 'വെള്ളയും' തമ്മിലാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതിലൂടെ, മറ്റെല്ലാത്തരം പ്രചാരണങ്ങളെയും പൊളിക്കുകയാണ് കമ്പളം. 'വെള്ള' എന്ന കവിതയിലെ ആദ്യപ്രയോഗമൊഴിച്ചാല്‍ പിന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പരാമര്‍ശിക്കാന്‍ സുവര്‍, ദുഷ്ടര്‍, കവര്‍ച്ചക്കാര്‍, ഇംഗ്ലണ്ട് എന്നിപ്രകാരമുള്ള പ്രയോഗങ്ങളാണുള്ളത്! ആശാന്‍ സ്വന്തം കവിതയുടെ പശ്ചാത്തലം കൊഴുപ്പിക്കാന്‍ വേണ്ടിയാണെങ്കിലും മാപ്പിളമാരെ വിളിച്ച 'പ്രതിഷേധ'പ്രയോഗങ്ങളെല്ലാം, കമ്പളം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമേല്‍ ശരിയായി 'തിരിച്ചു'പ്രയോഗിക്കുകയാണ്.
 
ആശാന്റെ 'ഏറനാട്' നേരത്തെ വ്യക്തമാക്കിയപോലെ ക്രൂരമുഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചുവന്നതാണ്. എന്നാല്‍ കമ്പളത്തിന്റെ ഏറനാട് 'ചീറിടും പീരങ്കികള്‍ക്ക് മാറുകാട്ടിയ', 'ഏറനാട്ടിന്‍ ധീരമക്കളുടെ ചോര'കൊണ്ട് ചുവന്നതാണ്. ആശാന്റെ ഏറനാട് സത്യത്തില്‍ സാമ്രാജ്യത്വം സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി സൃഷ്ടിച്ച അന്നോ ഇന്നോ നിലവിലില്ലാത്ത ഒരു 'വ്യാജ ഏറനാടാണ്'. സാമ്രാജ്യത്വദുഷ്ടതയുടെ തലക്കുനേരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയാകെ അപകീര്‍ത്തിപ്പെടുത്താന്‍, ഒരു പ്രതികാരമെന്നോണം അവരാപ്രദേശത്തെ ഭീകരതയുടെയും കൊള്ളരുതായ്മകളുടെയും മതഭ്രാന്തിന്റെയും തലസ്ഥാനമാക്കി തിരുത്തി എഴുതുകയാണുണ്ടായത്. മുമ്പവര്‍ സമരകേന്ദ്രങ്ങളെയാകെ 'മതഭ്രാന്തമേഖല'യായി മുദ്രകുത്തിയതിന്റെ ഒരു പരമബോറന്‍ വലിച്ചുനീട്ടല്‍! ആശാനും പെട്ടുപോയതില്‍. പക്ഷേ, കമ്പളം അനീതിക്കെതിരെ പ്രാണന്‍ നല്‍കി പൊരുതിയവര്‍ക്കൊപ്പം കാലിടറാതെ ഉറച്ചുനിന്നു. ആശാന്റെ ദുരവസ്ഥയില്‍ പേരെടുത്തു പറയുന്നില്ലെങ്കിലും ഇന്നും മലയാളിജീവിതത്തെ ത്രസിപ്പിക്കുകയും 'മഹത്വപ്പെടുകയും' ചെയ്യുന്ന ആലി മുസ്‌ലിയാരും വാരിയന്‍കുന്നനുമടക്കമുള്ളവര്‍ മൂര്‍ഖന്മാരും കൊള്ളക്കാരുമാണ്. എന്നാല്‍ 'വീരകുഞ്ഞഹമ്മദാജിതന്‍ ധീരകേരളം' എന്ന പില്‍ക്കാലത്ത് കര്‍ഷകപ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായി മാറിയ പ്രയോഗം കമ്പളം കവിതയിലുള്ളതാണ്.
 
മാപ്പിളമാര്‍ നടത്തിയതായി അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടതും കുറച്ചൊക്കെ നടന്നതുമായ കൊള്ളയും കൊള്ളിവയ്പ്പും മതപരിവര്‍ത്തനവുമാണ് ദുരവസ്ഥയിലുള്ളത്. സമരത്തിലേക്ക് നുഴഞ്ഞുകയറി, മഹത്തായൊരു സമരത്തെ മലിനപ്പെടുത്താന്‍, സാമ്രാജ്യത്വപിന്തുണയോടെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ശ്രമങ്ങള്‍ എന്ന നിലയില്‍ അത്തരം കാര്യങ്ങളെ, ഒരുപക്ഷേ, ദുരവസ്ഥയുടെ മൗലികലക്ഷ്യം അതല്ലാത്തതിനാല്‍ ആശാന്‍ സ്പര്‍ശിക്കുകയും ചെയ്തിട്ടില്ല. എന്നാല്‍ കമ്പളം കവിതയില്‍ നിറഞ്ഞത് വാഗണ്‍കൂട്ടക്കൊലയും, പൂക്കോട്ടൂരിനെ ചോരക്കളമാക്കിയതും മേല്‍മുറിയിലെകശാപ്പും, ആന്തമാന്‍നാടുകടത്തലും സമാനതകളില്ലാത്ത ക്രൂരമര്‍ദനങ്ങളും, അതിനെയൊക്കെ ചെറുത്തുനിന്ന സമരധീരരുടെ ആത്മത്യാഗവുമാണ്. ആശാന്റെ, 'പുടവയ്ക്കു പിടിച്ച തീ ചുഴ്ന്നുടല്‍ കത്തുന്നബാല'ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞ 'ഉള്‍ക്കിടില'ത്തെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചു. എന്നാല്‍ കമ്പളത്തിന്റെ, 'പോലചിപ്പംപോലെ അട്ടിക്കിട്ട് തീവണ്ടിയില്/ ആലയത്തിനുള്ളിലിട്ട് കരിച്ചവര്‍ പലനാട്ടില്' എന്ന ഈരടിയിലെ, 'ആ പോലച്ചിപ്പംപോലെ അട്ടിക്കിട്ട്' എന്ന സാദൃശ്യകല്‍പ്പനയോളം സംഭ്രമം സൃഷ്ടിക്കാന്‍, 'മറ്റൊരു' കാവ്യകല്‍പനക്കും കഴിയില്ലെന്ന് തോന്നുന്നു. പുകയിലയുടെ എരിച്ചിലും പൊരിച്ചിലും അമര്‍ന്നിരിപ്പുമെല്ലാം പകുക്കുന്നൊരു ചങ്കിടിപ്പിന്‍ രൂപകം.
'മര്‍ത്ത്യമാംസം ജീവനുള്ള മര്‍ത്ത്യമാംസം കേറ്റി/ മുദ്രവച്ച വാഗണുകളോടി നിന്ന കാലം/ മാപ്പിളലഹളയെന്ന പേരുകൊത്തി നീളെ/ മാനുഷരെ വീര്‍പ്പടച്ചുകൊന്നിരുന്ന കാലം' എന്ന് വാഗണ്‍ കൂട്ടക്കൊലയെ അനുസ്മരിച്ചുകൊണ്ട് ഇടശ്ശേരി 'മുഹമ്മദ് അബ്ദുറഹിമാന്‍' എന്ന കവിതയിലെഴുതിയ വരികള്‍ ചങ്കുപിളര്‍ക്കുന്നതാണ്. എന്നാല്‍ അതിനുപോലും ജീവനുള്ള മനുഷ്യരെ 'പുകയില ചവിട്ടിയമര്‍ത്തി അട്ടിക്കിട്ടത് പോലെ' എന്ന ആ ഒരൊറ്റ കമ്പളം പ്രയോഗത്തോളം ശക്തമാവാന്‍ കഴിഞ്ഞുവോ എന്ന് 'ഏറനാടിന്‍ ധീരമക്കള്‍' വായിക്കുമ്പോള്‍ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
 
കമ്പളം കുമാരനാശാന്റെയോ ഇടശ്ശേരിയുടെയോ ഒപ്പം നില്‍ക്കുന്നൊരു കവിയല്ല. ആ അര്‍ഥത്തില്‍, 'ഏറനാട്ടിന്‍ ധീരമക്കള്‍' എന്ന പടപ്പാട്ടിനെ അവരുടെ കവിതകളുമായി സൂക്ഷ്മാര്‍ഥത്തില്‍ താരതമ്യപ്പെടുത്തുന്നതും ശരിയല്ല. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ, സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും സവര്‍ണമേധാവിത്വത്തിനും എതിരെ സമരംചെയ്ത് കവിതകളും നാടകങ്ങളും പ്രബന്ധങ്ങളും പാട്ടുകളും എഴുതിയതിന്റെയും സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെയും പേരില്‍ പലതവണ ശിക്ഷിക്കപ്പെട്ട കമ്പളത്തിനെ; പ്രബുദ്ധഭാവുകത്വം ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ സാഹിത്യസമീപനങ്ങള്‍ക്ക് പഴയതുപോലെ ഓരങ്ങളിലേക്ക് ഇനിയും തള്ളിയൊതുക്കാനാവില്ല. അത്തരമൊരു മാറിയ ജനപ്രബുദ്ധപശ്ചാത്തലത്തില്‍, താരതമ്യങ്ങളെക്കുറിച്ചുള്ള പഴയ തത്വങ്ങളും പൊളിയും. അതുകൊണ്ടാണ് കമ്പളത്തിന്റെ ഏറനാടിന്‍ ധീരമക്കളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ കുമാരനാശാനും ഇടശ്ശേരിയും കടന്നുവരുന്നത്. ഒരുപക്ഷേ, അതിനുമപ്പുറം കടന്ന് 'ഏറനാടിന്‍ ധീരമക്കള്‍' എഴുതിയ കമ്പളത്തിനെ 'സാര്‍വദേശീയഗാനമെഴുതിയ' യുജീന്‍പോത്തിയറോട് പരുക്കനര്‍ഥത്തില്‍ താരതമ്യപ്പെടുത്താന്‍പോലും കഴിയും!
 
പാരീസ് കമ്യൂണിനെക്കുറിച്ചോര്‍ക്കുമ്പോള്‍, 'ഉയരുവിന്‍ പട്ടിണിയുടെ തടവുകാരെ...' എന്ന സാര്‍വദേശീയ ഗാനമെഴുതിയ യുജീന്‍ പോത്തിയറെ മറക്കാന്‍ കഴിയില്ല. അതുപോലെ, വടക്കേ മലബാറിലെ പാരീസ്‌കമ്യൂണ്‍ എന്ന് എ.കെ.ജി വിളിച്ച 'മലബാര്‍ സമരത്തെ'ക്കുറിച്ചോര്‍ക്കുമ്പോള്‍ കൊലയാളി ഹിച്ച്‌കോക്കിന്റെ സ്മാരകം പൊളിക്കാന്‍, കൊണ്ടോട്ടിയില്‍നിന്ന് മോങ്ങത്തേക്ക് മാര്‍ച്ച്‌ചെയ്ത, സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ആവേശം പകര്‍ന്ന കമ്പളത്ത് ഗോവിന്ദന്‍ നായരെയും മറക്കാനാവില്ല. മാപ്പിളമാരെ ഭ്രാന്തന്മാരും കാട്ടുമൃഗങ്ങളും മൂര്‍ഖന്മാരുമായി ചിത്രീകരിച്ച്, മലബാര്‍ കലാപത്തെ, വെറുമൊരു മതഭ്രാന്താക്കി, എഴുതിത്തള്ളാന്‍ മോഹിച്ചവര്‍ക്കെതിരെ, ഇന്നുമാ വിമോചനഗാനം ഗര്‍ജിക്കുകയാണ്. '...നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാന്‍/ സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാന്‍... നമ്മുടെ നെഞ്ചിലാണാ കല്ല് കേറ്റിവച്ചത്/ നമ്മുടെ കൂട്ടരെയാണാ സുബറ് കൊന്നത്...' വല്ലപ്പോഴുമൊരു ഉദ്ഘാടനത്തിന് ഈയൊരു പാട്ടൊന്ന് പാടിപ്പോയാല്‍ പൊളിഞ്ഞുപോകുമോ ഇന്ത്യന്‍ ദേശീയത?'
 
1921-ലെ മഹത്തായ സമരത്തെ 'ഏറനാടിന്‍ ധീരമക്കള്‍' എന്ന കവിത യില്‍ സൂക്ഷ്മമായി ആവിഷ്‌കരിച്ച 'കമ്പളത്ത്' കേരളത്തിന്റെ പ്രിയപ്പെട്ട യുജീന്‍ പോത്തിയറാണ്. പാരീസ് കമ്യൂണിന്റെ പരാജയത്തില്‍ പതറാതെ ഒടുവിലത്തെ യുദ്ധമായ്/നിലയെടുത്തു നില്‍ക്കുവിന്‍ എന്ന് പാടാന്‍ പോത്തിയര്‍ക്കും, 1921-ലെ മഹത്തായ സമരത്തെ ചോരയില്‍ കുളിപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് 'രക്ഷ വേണമെങ്കില്‍ ഇംഗ്ലണ്ടിലേക്ക് മണ്ടി ക്കോ' എന്ന് താക്കീത് നല്‍കാന്‍ കമ്പളത്തിനും കഴിഞ്ഞത്, അവരിരുവരും അസാധാരണ സമരയോദ്ധാക്കളായതുകൊണ്ടാണ്. ഫ്യൂഡല്‍ പാരമ്പര്യങ്ങള്‍ ഇടിച്ചുനിരത്താന്‍ ഒരു സമൂഹം ധീരമാവുമ്പോള്‍, പോത്തിയറുടെ സാര്‍വദേശീയ ഗാനവും, കമ്പളത്തിന്റെ 'ഏറനാടിന്‍ ധീരമക്കളും' സകലമാന മര്‍ദകര്‍ക്കുമെതിരെയുള്ള ഇടിമുഴക്കങ്ങളായി, നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ ശക്തിസ്രോതസായി മാറും. സങ്കുചിത ദേശീയതയുടെ അതിര്‍ത്തിക്കു മുകളിലെ, അതിര്‍ത്തിരഹിതമായ ആകാശത്തില്‍ അപ്പോള്‍ മരിച്ചിട്ടും മരിക്കാത്ത രണ്ട് സൂര്യന്മാര്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ടാവും'.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago