യു എ ഇ:ഹത്ത ഫെസ്റ്റിവലിന് തുടക്കമായി
ദുബൈയിലെ അതിമനോഹരമായ ഈ പർവ്വതമേഖലയിലെ തനതായ സാംസ്‌കാരിക, കായിക, വിനോദക്കാഴ്ചകൾ കൂട്ടിച്ചേർത്താണ് ഹത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്
ദുബൈ:മൂന്നാമത് ദുബൈ ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന ഹത്ത ഫെസ്റ്റിവൽ ആരംഭിച്ചു. ദുബൈ മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.
ഹത്ത ഫെസ്റ്റിവൽ 2023 ഡിസംബർ 15 മുതൽ ഡിസംബർ 31 വരെ നീണ്ട് നിൽക്കും. ദുബൈ മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാൻഡ് ദുബൈ സംഘടിപ്പിക്കുന്ന ദുബൈ ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികൾ 2023 ഡിസംബർ 14 മുതൽ ആരംഭിച്ചിരുന്നു.
ദുബൈയിലെ പ്രധാനപ്പെട്ട ടൂറിസം അനുഭവങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനായാണ് ദുബൈ ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നത്. ഹത്തയുടെ വികസനത്തിന് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബൈ ഹത്ത ഫെസ്റ്റിവൽ ഒരുക്കുന്നത്.
ദുബൈയിലെ അതിമനോഹരമായ ഈ പർവ്വതമേഖലയിലെ തനതായ സാംസ്‌കാരിക, കായിക, വിനോദക്കാഴ്ചകൾ കൂട്ടിച്ചേർത്താണ് ഹത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഹത്തയിൽ പുതിയതായി ഒരുക്കിയിട്ടുള്ള ലീം ലേക്ക്, ഹത്ത വാദി ഹബ് എന്നിവിടങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഹത്തയിലെ മലനിരകൾക്കിടയിൽ മൂന്ന് ഹെക്ടറിൽ ഒരുക്കിയിട്ടുള്ള ഒരു തടാകമാണ് ലീം ലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."